ഉദ്ധവിന് അടിപതറുന്നോ? വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ഷിന്ദേ ക്യാമ്പിലെത്തുമെന്ന് ശിവസേന എംപി

#ന്യൂസ് ഡെസ്‌ക്
ഉദ്ധവ് താക്കറേ | Photo: PTI
ഉദ്ധവ് താക്കറേ | Photo: PTI

മുംബൈ: ഉദ്ധവ് താക്കറെ നേതൃത്വംനൽകുന്ന ശിവസേന (യുബിടി)യിൽനിന്ന് കൂടുതൽപേർ ഏക്നാഥ് ഷിന്ദേപക്ഷത്തേക്ക് എത്തുമെന്ന അവകാശവാദവുമായി ശിവസേന എംപി ശ്രീകാന്ത് ഷിന്ദേ. ഉദ്ധവിന് എംപിമാരെയും എംഎൽഎമാരെയും ഒപ്പംനിർത്താൻ  സാധിക്കുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു. സിഎൻഎൻ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഏക്നാഥ് ഷിന്ദേയുടെ മകനും കല്യാൺ ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള എംപിയുമാണ് ശ്രീകാന്ത്. 

അധികാരത്തർക്കത്തിന് പിന്നാലെ 2022-ലാണ് ശിവസേന രണ്ടായി പിളർന്നത്. ഒരുപക്ഷത്തിന്റെ തലപ്പത്ത് ഏക്‌നാഥ് ഷിന്ദേയും മറുപക്ഷത്തിന്റെ നേതൃസ്ഥാനത്ത് ഉദ്ധവ് താക്കറേയുമാണ്. പിളർപ്പിന് പിന്നാലെ ഷിന്ദേ എൻഡിഎയ്‌ക്കൊപ്പം ചേർന്ന് സംസ്ഥാന സർക്കാരിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.

ശിവസേന (യുബിടി)യിൽനിന്ന് ഈയടുത്ത് ആറ് എംപിമാർ ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പം ചേർന്നത് എൻഡിഎയെ ശക്തിപ്പെടുത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയശക്തി വർധിപ്പിക്കുകയും ചെയ്‌തെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

‘പാർട്ടി വിടുന്ന പലരും ശിവസേനയുടെ സ്ഥാപകാംഗങ്ങളാണ്. ഇന്ന് ഉദ്ധവ് അവരെ മോശക്കാരെന്ന് വിളിക്കുകയാണ്. എന്നാൽ, ഇതേ ആളുകളാണ് ശിവസേനയ്ക്ക് രൂപംകൊടുത്തത്. എംഎൽഎമാരെയും എംപിമാരെയും കാണാൻ ഉദ്ധവ് തയ്യാറാകുന്നില്ല. ശിവസേന (യുബിടി)യുടെ എല്ലാ വിമത എംപിമാരും എൻഡിഎയെ ശക്തിപ്പെടുത്തും. പ്രധാനമന്ത്രിയുടെ കരുത്ത് വർധിപ്പിക്കും. എല്ലാവരും ഏക്‌നാഥ് ഷിന്ദേയെ വിശ്വസിക്കുന്നു’, ശ്രീകാന്ത് പറഞ്ഞു.

ഉദ്ധവിന്റെ പാർട്ടിയിൽ തങ്ങൾ അവഗണിക്കപ്പെടുന്നുവെന്നാണ് നേതാക്കൾക്കും പ്രവർത്തകർക്കും തോന്നുന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. ഞങ്ങളുടെ പാർട്ടിയിൽ കോർപറേഷൻ കൗൺസിലർമാരുടെ ആവലാതികൾ പോലും ഞങ്ങൾ കേൾക്കാറുണ്ട്. അതുകൊണ്ടാണ് ആളുകൾക്ക് ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തെ ആളുകൾ വിശ്വസിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പം ചേർന്നേക്കുമെന്നും ശ്രീകാന്ത് പറഞ്ഞു.

Content Highlights: Shrikant Shinde claims more UBT leaders will join Eknath Shinde's faction., Allegations that Uddhav Thackeray is failing to retain support from MLAs and MPs., Shift in loyalty attributed to perceived neglect within the UBT faction., Shinde faction claims to strengthen the NDA and PM Narendra Modi's leadership.