ശിവരാജ് പാട്ടീൽ: കോൺഗ്രസ് സർക്കാരുകളിൽ കരുത്തൻ, തുടക്കം നഗരസഭാ അധ്യക്ഷനായി

മുംബൈ: മഹാരാഷ്ട്രയിൽനിന്ന് ദേശീയരാഷ്ട്രീയത്തിലേക്ക് ഉയർന്നുവന്ന നേതാവാണ് വിടപറഞ്ഞ ശിവരാജ് പാട്ടീൽ. അവസാനനാളുകൾവരെ കോൺഗ്രസിന്റെയും നെഹ്റു-ഗാന്ധി കുടുംബത്തിന്റെയും വിശ്വസ്തനായി പാട്ടീൽ തുടർന്നു. 2008-ൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ, ഭീകരാക്രമണം നേരിടേണ്ടിവന്ന നവംബർ 26-ന് രാത്രിയിൽ മൂന്ന് വ്യത്യസ്തവേഷത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും കടുത്തവിമർശനത്തിനിരയായി. വിമർശനത്തിനെതിരേ സ്വയം ന്യായീകരിച്ചുകൊണ്ട്, ആളുകൾ നയങ്ങളെയാണ് വിമർശിക്കേണ്ടത്, വസ്ത്രങ്ങളെയല്ല എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഭീകരാക്രമണത്തിന്റെ രാഷ്ട്രീയവ്യാപ്തി പാട്ടീലിനെ പ്രതികൂലമായി ബാധിച്ചു. 2008 നവംബർ 30-ന് അദ്ദേഹം മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രിസ്ഥാനം രാജിവെച്ചു.
ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധം, കൊമേഴ്‌സ്, സയൻസ് ആൻഡ് ടെക്‌നോളജി തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായി. 1984-ൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ സിവിൽ ഏവിയേഷൻ, ടൂറിസം തുടങ്ങി ഒട്ടേറെ വകുപ്പുകളുടെ സഹമന്ത്രിയായി. 1989മുതൽ 1996വരെ ലോക്‌സഭാ സ്പീക്കറായിരുന്നു. 1998-ലും 1999-ലും വീണ്ടും ലോക്‌സഭയിലെത്തി. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മൻമോഹൻസിങ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയാവുകയും ചെയ്തു.
2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മിനിസ്‌ട്രേറ്ററായും പാട്ടീൽ സേവനമനുഷ്ഠിച്ചു. രാജസ്ഥാൻ ഗവർണറായി അദ്ദേഹത്തിന് അധികചുമതലനൽകി. മഹാരാഷ്ട്ര നിയമസഭയുടെയും ലോക്‌സഭയുടെയും സ്പീക്കറായി സേവനമനുഷ്ഠിച്ച അപൂർവബഹുമതി അദ്ദേഹത്തിനുണ്ട്. 2015-നുശേഷം, അദ്ദേഹം പൊതുശ്രദ്ധയിൽനിന്നു അകന്നുകഴിയുകയും ഡൽഹിയിലും ജന്മനാടായ ലാത്തൂരിലും സമയം ചെലവഴിക്കുകയും ചെയ്തു. 2022 ഒക്ടോബറിൽ ഡൽഹിയിൽനടന്ന ഒരു പുസ്തകപ്രകാശനവേളയിൽ സംസാരിക്കവേ, ‘ജിഹാദ്’ എന്ന ആശയം ഇസ്‌ലാമിൽ മാത്രമല്ല, ഭഗവദ്ഗീതയിലും ക്രിസ്തുമതത്തിലും ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകൂർക്കർ 2024-ലെ പൊതുതിരഞ്ഞെടുപ്പിനുമുൻപായി ബിജെപിയിൽ ചേർന്നിരുന്നു.
ശിവരാജ് പാട്ടീലിന് ലോക്‌സഭ ആദരാഞ്ജലി അർപ്പിച്ചു. സ്പീക്കർ ഓം ബിർള ആദരാഞ്ജലികളർപ്പിക്കുന്ന പ്രമേയം വായിച്ചു. രാജ്യസഭയും ആദരാഞ്ജലി അർപ്പിച്ചു.
തുടക്കം നഗരസഭാ അധ്യക്ഷനായി
ലാത്തൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ തുടക്കം നഗരസഭാധ്യക്ഷനായി. മൂന്നുതവണ ലാത്തൂർ മുൻസിപ്പാലിറ്റി പ്രസിഡന്റായിരുന്നു. 1972 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ രണ്ടുതവണയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമകാര്യം, ജലസേചനം തുടങ്ങിയ വകുപ്പുകൾ കൈകാര്യംചെയ്ത മന്ത്രിയായിരുന്നു. നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായും സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.
ഒഡീസി ഓഫ് മൈ ലൈഫ് എന്ന ആത്മകഥയും റെമിനിസെൻസ് ആൻഡ് റിഫ്‌ളക്ഷൻസ്, എമേർജിങ് വിഷൻ ഓഫ് ഇന്ത്യ, എക്സ്റ്റസി ആൻഡ് എഗണി ഓഫ് എ പ്രിസൈഡിങ് ഓഫീസർ, ഫ്രാഗ്നസ് ഓഫ് ഇന്നർസെൽഫ് തുടങ്ങിയ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
പരേതയായ വിജയ പാട്ടീലാണ് ഭാര്യ. ശൈലേഷ് പാട്ടീൽ, പരേതയായ സ്വപ്ന പാട്ടീൽ എന്നിവർ മക്കളാണ്. സംസ്കാരം ശനിയാഴ്ച ലാത്തൂരിൽ.
Content Highlights: Explore the life and extensive political journey of Shivaraj Patil, former Union Minister and Lok Sabha Speaker. Learn about his contributions and controversies.