ഉദ്ധവ് വിളിച്ച യോഗത്തിനെത്തിയത് ഒമ്പതിൽ മൂന്ന് എംപിമാർ മാത്രം; വിമതരെ അയോഗ്യരാക്കാൻ നീക്കം

ന്യൂഡൽഹി: വിമത നീക്കങ്ങൾക്കിടെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിളിച്ച പാർലമെന്ററി പാർട്ടി യോഗത്തിന് എത്തിയത് പാർട്ടിയുടെ ഒമ്പത് എംപിമാരിൽ മൂന്ന് പേർ മാത്രം. എല്ലാ എംപിമാരും യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വരികളുള്ള വിപ്പ് പുറപ്പെടുവിച്ചിരുന്നു. വിപ്പ് ലംഘിച്ചുകൊണ്ട് എംപിമാർ പങ്കെടുക്കാതിരുന്നതോടെ ഉദ്ധവ് സേനയിലെ പിളർപ്പ് ഉറപ്പായിരിക്കുകയാണ്.
അരവിന്ദ് സാവന്ത്, അനിൽ ദേശായ്, രാജാഭാവു വാജെ എന്നിവരാണ് യോഗത്തിനെത്തിയത്. പാർട്ടിയിലെ ഏക രാജ്യസഭാ എംപിയും ഉദ്ധവ് താക്കറെയുടെ വലംകൈയുമായ സഞ്ജയ് റാവുത്തും യോഗത്തിൽ പങ്കെടുത്തു. പങ്കെടുക്കാതിരുന്ന ആറ് എംപിമാരെ അയോഗ്യരാക്കാനുള്ള നീക്കങ്ങളും ശിവസേന ആരംഭിച്ചിട്ടുണ്ട്.
യോഗത്തിൽ പങ്കെടുക്കാത്ത എം.പി.മാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചെന്നും, ഹാജരാകാത്തതിനുള്ള കാരണം ചോദിച്ച് എല്ലാവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അനിൽ ദേശായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം വിമതർ ഷിന്ദേ വിഭാഗം ശിവസേനയിൽ ലയിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇവർ ഡൽഹിയിലെത്തി സ്പീക്കർ ഓം ബിർളയെ കണ്ട് കത്ത് കൈമാറിയിരുന്നു. ഷിന്ദേ വിഭാഗത്തിൽ ലയിക്കുന്നതിന് മുന്നോടിയായി പ്രത്യേക വിഭാഗമായി നിൽക്കാനാണ് വിമതർ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തൃണമൂൽ കോൺഗ്രസ് വിമതർ നടത്തിയത് പോലെ അയോഗ്യതാ നടപടികൾ ഇല്ലാതിരിക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് യുബിടി വിമതരും നടത്തുന്നത്.
സഞ്ജയ് ബന്ദു ജാദവിനെ വിമത ഗ്രൂപ്പിന്റെ പാർലമെന്ററി നേതാവായി തിരഞ്ഞെടുത്തേക്കും. അതേസമയം ഏതെങ്കിലും എംപിമാർ പ്രത്യേക ഗ്രൂപ്പായി കാണണമെന്നാവശ്യപ്പെട്ട് സമീപിക്കുകയാണെങ്കിൽ തങ്ങളുടെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക വിഭാഗം സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.
Content Highlights: Only 3 out of 9 Shiv Sena UBT MPs attended the parliamentary party meeting., A three-line whip was issued, and its violation signals a formal party split.