'ആളുകൾ വരും പോകും, പാർട്ടി മുന്നോട്ട് തന്നെ'; ശിവസേനയിലെ പിളർപ്പിൽ പ്രതികരണവുമായി സഞ്ജയ് റാവുത്ത്

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ (യുബിടി) നിന്ന് ആറ് ലോക്‌സഭാ എംപിമാർ കൂറുമാറാനൊരുങ്ങുന്ന പശ്ചാത്തലത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത്. ‘ആളുകൾ വരും പോകും, പക്ഷേ പാർട്ടി മുന്നോട്ട് തന്നെ നീങ്ങും’ എന്ന് അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ആശ്രയിച്ചല്ല പാർട്ടിയുടെ ഭാവി നിലനിൽക്കുന്നതെന്നും കേഡർ അധിഷ്ഠിത പാർട്ടിയായ ശിവസേന ഇതിനുമുമ്പും നിരവധി ചതികളെ അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1966-ൽ രൂപീകൃതമായത് മുതൽ സംഘടന നിരവധി പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെന്നും പാർട്ടിയുടെ 60-ാം സ്ഥാപക വർഷത്തിൽ പുതിയ തർക്കങ്ങളെ പാർട്ടി അതിജീവിക്കുമെന്നും റാവുത്ത് കൂട്ടിച്ചേർത്തു.
രാജ്യത്ത് പ്രാദേശിക രാഷ്ട്രീയ ശക്തികളെ ഇല്ലാതാക്കി ‘ഏകകക്ഷി രാജ്യം’ സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് റാവുത്ത് ആരോപിച്ചു. ജനാധിപത്യം നിലനിൽക്കാൻ ശക്തമായ പ്രതിപക്ഷവും പ്രാദേശിക പാർട്ടികളും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൂറുമാറുന്ന എംപിമാർക്ക് ഇനി തിരഞ്ഞെടുപ്പിൽ വിജയസാധ്യതയില്ലെന്നും റാവുത്ത് പരിഹസിച്ചു.
ഓംരാജെ നിംബാൽക്കർ (ധാരാശിവ്), സഞ്ജയ് ദിന പാട്ടീൽ (മുംബൈ നോർത്ത് ഈസ്റ്റ്), സഞ്ജയ് ജാദവ് (പർഭാനി), സഞ്ജയ് ദേശ്മുഖ് (യവത്മാൽ-വാഷിം), നാഗേഷ് പാട്ടീൽ അഷ്ടിക്കർ (ഹിംഗോളി), ഭാവുസാഹേബ് വക്ചൗരെ (ഷിർദ്ദി) എന്നിവരാണ് ഉദ്ധവ് പക്ഷം വിടാനൊരുങ്ങുന്ന ആറ് എംപിമാർ. ഉദ്ധവ് താക്കറെയുടെ നേതൃത്വ ശൈലിയിലും കോൺഗ്രസുമായി പാർട്ടി അടുക്കുന്നതിലുള്ള പ്രതിഷേധത്തിലുമാണ് ഇവർ പാർട്ടിവിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Six Shiv Sena UBT MPs planning to defect due to dissatisfaction with party leadership., Sanjay Raut emphasizes that the party is cadre-based and will survive the crisis., Allegations of BJP attempting to eliminate regional political forces., Disputes regarding constituency development fund allocation between BJP and opposition MPs., Party celebrates its 60th anniversary amidst internal turmoil.