പാർലമെന്റ് നോട്ടീസ് ബോർഡല്ല, അവിടെ ചർച്ചകൾ നടക്കണം, എന്തിനാണ് ഭയക്കുന്നത്; കേന്ദ്രത്തോട് തരൂർ

#ന്യൂസ് ഡെസ്ക്
ശശി തരൂര്‍ |ഫോട്ടോ:ANI
ശശി തരൂര്‍ |ഫോട്ടോ:ANI

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് ആരോപണം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് എം.പി. ശശി തരൂർ.  പാർലമെന്റ് എന്നത് സർക്കാരിന്റെ ബില്ലുകൾ പ്രഖ്യാപിക്കാനും പാസാക്കാനുമുള്ള വെറുമൊരു 'നോട്ടീസ് ബോർഡ്' അല്ലെന്ന് അദ്ദേഹം വിമർശിച്ചു.

പാർലമെന്റ് ജനങ്ങളുടെ ശബ്ദം ഉയർത്താനുള്ള വേദിയായിരിക്കണമെന്നും തരൂർ പറഞ്ഞു. കോക്രോച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ ലാത്തിച്ചാർജ് നടത്തിയതിനെതിരെയും തരൂർ വിമർശിച്ചു. സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജ് നടത്തിയതിൽ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'അഹിംസാത്മകമായ പ്രതിഷേധം നടക്കുമ്പോൾ എന്തിനാണ് ലാത്തിചാർജ്? ലാത്തിച്ചാർജ് അഹിംസയുടെ രീതിയല്ല, അത് അക്രമമാണ്. അതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ചർച്ചയെ അവർ എന്തിന് ഭയക്കുന്നുവെന്ന് എനിക്കറിയില്ല. ഇവയെല്ലാം രാജ്യത്തുടനീളമുള്ള പ്രധാന പ്രശ്‌നങ്ങളാണെന്ന് എല്ലാവർക്കും അറിയാം. ജനങ്ങളുടെ ശബ്ദവും ജനങ്ങളുടെ ആശങ്കകളും ഉയർത്താനുള്ള വേദിയാണ് പാർലമെന്റ്. സർക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. പ്രതിപക്ഷത്തിന് പറയാനുള്ളത് പറയാൻ അവസരം ലഭിക്കണം', തരൂർ പറഞ്ഞു.

കുറഞ്ഞപക്ഷം ആശങ്കകളെങ്കിലും കേൾക്കണം. സർക്കാരിന്റെ ബില്ലുകൾ പ്രഖ്യാപിക്കാനും പാസാക്കാനുമുള്ള ഒരു അറിയിപ്പ് ബോർഡ് ആയി അതിനെ (പാർലമെന്റിനെ) കണക്കാക്കാൻ കഴിയില്ല. പാർലമെന്റ് അതൊന്നുമല്ല, എല്ലാ കാഴ്ചപ്പാടുകളും കേൾക്കാനും ചർച്ച ചെയ്യാനും  ആവശ്യമെങ്കിൽ തർക്കിക്കാനുമുള്ള ഒരു വേദിയായിരിക്കണം. അതിനുശേഷം ബില്ലുകൾ പാസ്സാക്കണം. സർക്കാർ സഹകരിക്കുകയാണെങ്കിൽ പ്രതിപക്ഷവും സഹകരിക്കുമെന്നും പരസ്പര സഹകരണം ഉണ്ടാകണമെന്നും തരൂർ പറഞ്ഞു.

'ചില ചർച്ചകൾ അനുവദിക്കട്ടെ, അവരുടെ ബില്ലുകൾ പാസ്സാക്കാൻ ഞങ്ങൾ അവരെ സഹായിക്കും. പരസ്പരം വിട്ടുവീഴ്ച ചെയ്യണം, അങ്ങനെയാണ് പാർലമെന്റ് പ്രവർത്തിക്കേണ്ടത്', തരൂർ കൂട്ടിച്ചേർത്തു.

Content Highlights: Tharoor criticizes the govt for blocking debates on NEET leak and Ayodhya fund fraud., Parliament should be a platform for public voice, not a govt notice board., Condemnation of lathi-charge against peaceful protesters., Call for mutual cooperation between govt and opposition for legislative processes.