ക്ലീന്‍ചിറ്റുമായി തരൂര്‍: പാര്‍ട്ടി പുതിയ ദൗത്യത്തിലേക്ക് നിയോഗിക്കുമോ?

വിശ്വപൗരന്‍ എന്ന ഇമേജില്‍ നിന്ന് രാഷ്ട്രീയക്കാരന്റെ കുപ്പായം അണിഞ്ഞതുമുതല്‍ തരൂരിനെ ലക്ഷ്യമിട്ട എതിരാളികള്‍ക്ക് ലഭിച്ച ആദ്യ ആയുധം ഐ.പി.എല്‍ വിവാദവും വിയര്‍പ്പോഹരി വിവാദവുമായിരുന്നു. യുഎന്‍ പദവിയില്‍ നിന്ന് കോണ്‍ഗ്രസുകാരനിലേക്കും അവിടെ നിന്ന് കേന്ദ്രമന്ത്രി പദത്തിലേക്കും ഉയര്‍ച്ചയുടെ നാളുകളായിരുന്നു. കന്നി അങ്കത്തിലും വിവാദച്ചുഴിയില്‍ പെട്ടപ്പോഴും തിരുവനന്തപുരത്തുകാര്‍ തരൂരിനെ കൈവിട്ടില്ല. വെറും ഒരു ആരോപണത്തില്‍ നിന്നല്ല തരൂര്‍ ഇപ്പോള്‍ പുറത്തുകടക്കുന്നത്, കൊലപാതകിയെന്ന നിഴലില്‍ നിന്നാണ്. വിവാദങ്ങള്‍ വിട്ടൊഴിഞ്ഞ് അഗ്നിശുദ്ധിവരുത്തിയ തരൂരിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത വരും.
പ്രത്യേകിച്ച് കോണ്‍ഗ്രസിനുള്ളില്‍ തിരുത്തല്‍വാദം ഉയര്‍ത്തി കത്തെഴുതിയ 23 പേരില്‍ തരൂരും ഉണ്ടായിരുന്നു. പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ മടിക്കുകയും മറ്റൊരാളെ കണ്ടെത്താതെ പാര്‍ട്ടി ഇരുട്ടില്‍ തപ്പുകയും ചെയ്ത ഘട്ടത്തിലാണ് തിരുത്തല്‍ ഗ്രൂപ്പിന്റെ ഉദയം. ഇടക്കാല അധ്യക്ഷയായി സോണിയ തുടര്‍ന്നെങ്കിലും കപില്‍ സിബലും ആനന്ദ് ശര്‍മ്മയും ഇടയ്ക്കിടയ്ക്ക് അതിന് ഇന്ധനം പകര്‍ന്നു. അത് അവഗണിച്ച് മുന്നോട്ടുപോകുന്നതിനിടെ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേക്കേറി. സുഷ്മിത ദേവ് തൃണമൂലിലേക്ക് കൂടുമാറി.
നേതൃദാരിദ്ര്യം രൂക്ഷമാകുന്നതിനിടെ ഒരു ഘട്ടത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി തരൂരിനെയോ മനീഷ് തിവാരിയേയോ ലോക്‌സഭാ കക്ഷി നേതാവാക്കിയേക്കുമെന്ന ശ്രുതിയും പരന്നു. കേസുകളില്‍ നിന്ന് മുക്തനായി ക്ലീന്‍ചിറ്റ് സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന തരൂരിന് ഇനി പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണ ലഭിക്കാന്‍ സാധ്യതയേറെയാണ്. ബിജെപിക്ക് ബദല്‍ കണ്ടെത്താന്‍ സോണിയയും കപില്‍ സിബലും വിരുന്ന് നടത്തുന്നു. അപ്പോഴും മുന്നില്‍ വെക്കാന്‍ ഒരു നേതാവ് കോണ്‍ഗ്രസിനില്ല എന്ന പ്രതിസന്ധി പാര്‍ട്ടി നേരിടുന്നു. മമതയും പവാറും കൃത്യമായി കണക്കുകൂട്ടലുകള്‍ നടത്തുന്നു. ഈ രാഷ്ട്രീയ സാധ്യതയിലാണ് തരൂരിന്റെ ക്ലീന്‍ചിറ്റ് എത്തുന്നത്. തരൂരിനെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവരുമോ? അതോ തിരുത്തല്‍വാദികളുടെ നേതാവായി തരൂര്‍ വരുമോ? സാധ്യതകള്‍ പലതാണ്.
യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് ശശിതരൂര്‍ എന്ന പാലക്കാട്ടുകാരന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് ചുവടുമാറ്റുന്നത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച വിശ്വപൗരന്‍ പിന്നീട് ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെയുള്ള ചാട്ടുളിയായി. ബിജെപി ഇന്ത്യന്‍ മതേതരത്വത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കിയപ്പോള്‍ അതല്ല ഇന്ത്യയെന്നും അത് വര്‍ഗീയതയാണെന്നും തരൂര്‍ ഉറക്കെ പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോയി ബ്രിട്ടീഷ് അധിനിവേശത്തെ വിമര്‍ശിച്ച തരൂരിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തു.
തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം യുവാക്കള്‍ക്കിടയിലും അദ്ദേഹത്തെ പ്രിയങ്കരനാക്കി. എഴുത്തുകാരനെന്ന തരൂരിന്റെ മേല്‍വിലാസവും ഇന്ത്യന്‍ ബുദ്ധീജീവികള്‍ക്കിടയില്‍ അദ്ദേഹത്തിന് സ്ഥാനം നേടിക്കൊടുത്തു. മികച്ച വാഗ്മികൂടിയായ, ഇന്ത്യന്‍ ചരിത്രത്തെ അരച്ചുകലക്കിക്കുടിച്ചിട്ടുള്ള തരൂര്‍ കോണ്‍ഗ്രസിനൊരു മുതല്‍കൂട്ടായിരുന്നു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തന്നെ സാക്ഷ്യം.
യുഎന്നില്‍ നിന്ന് നേരിട്ടെത്തിയ തരൂരിനെ അത്രകണ്ട് ദഹിക്കാതിരുന്ന കോണ്‍ഗ്രസിലെ തരൂര്‍ വിരുദ്ധരും മാധ്യമങ്ങളും പ്രതിപക്ഷവും എല്ലാം ഐപിഎല്‍ വിവാദം ആഘോഷമാക്കി. വിവാദത്തില്‍ സുനന്ദയെന്ന കാശ്മീരി സുന്ദരിയുടെ സാന്നിധ്യംകൂടി വന്നതോടെ വാര്‍ത്തകള്‍ക്ക് എരിവും പുളിയും വന്നു. വിയര്‍പ്പോഹരി വിവാദത്തില്‍ തട്ടി അങ്ങനെ തരിന്റെ കേന്ദ്ര മന്ത്രിസ്ഥാനം പോലും തെറിച്ചു. വൈകാതെ സുന്ദനയും തരൂരും ജീവിതത്തില്‍ ഒന്നിച്ചു. സ്റ്റാര്‍ കപ്പിള്‍സ് ആയതോടെ മാധ്യമങ്ങള്‍ വിടാതെ പിന്തുടര്‍ന്നു.
ഇതിനിടയിലാണ് മെഹര്‍ തരാറിന്റെ കടന്നുവരവ്. പാക്കിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും സുനന്ദയും തമ്മില്‍ തരൂരിനെ ചൊല്ലി ട്വിറ്ററില്‍ ഏറ്റുമുട്ടി. ആ വിവാദങ്ങള്‍ മാധ്യമ ശ്രദ്ധയില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് 2014 ജനുവരി 17ന് വൈകുന്നേരം ലീലാപാലസ് ഹോട്ടലില്‍ നിന്ന് ആ വാര്‍ത്തയെത്തുന്നത്. സുനന്ദ പുഷ്‌ക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവും ഭാര്യയും അത്ര സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവെന്നത് നാട്ടില്‍ പാട്ടായതിനാല്‍ കൊലപാതകിയായി തരൂരിനെ ചിത്രീകരിക്കാന്‍ അതികം തിരക്കഥ എഴുതേണ്ടിവന്നില്ല. പാര്‍ട്ടിപോലും ഒരു ഘട്ടത്തില്‍ തരൂരിനെ സംശയിച്ചു. മകനുള്‍പ്പെടെ സുനന്ദയുടെ കുടുംബം കൂടെനിന്നത് മാത്രമാണ് തരൂരിന് ഏക ആശ്വാസമായത്.
അവിടുന്നിങ്ങോട്ട് ഏഴരവര്‍ഷത്തോളം നീണ്ട നിയമപോരാട്ടമായിരുന്നു. തരൂരും ബിജെപിയും തമ്മില്‍ സന്ധി സംഭാഷണം നടത്തുമെന്നും സമവായത്തിനെടുവില്‍ തരൂര്‍ ബിജെപി പാളയത്തിലെത്തുമെന്നു പോലും പ്രചാരണങ്ങളുണ്ടായി. പക്ഷേ അപ്പോഴും തരൂര്‍ കോടതിയ്ക്ക് അകത്ത് ഡല്‍ഹി പോലീസിനെതിരെയും പുറത്ത് ബിജെപിയെയും ശക്തമായി വിമർശിച്ചു. രൂക്ഷമായ ഭാഷയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരുന്നു. കൊലപാതകിയാക്കാനുള്ള ശ്രമത്തിനെതിരെ തരൂര്‍ നടത്തിയ പോരാട്ടം ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു താനും.
Content Highlights: