ഡൽഹി കലാപ കേസ്: ജാമ്യം നിഷേധിച്ചതിനെതിരേ ഷര്‍ജീല്‍ ഇമാം സുപ്രീംകോടതിയില്‍

Photo: REUTERS
Photo: REUTERS

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജാമ്യം നിഷേധിച്ചതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം. 2020-ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ സെപ്റ്റംബര്‍ രണ്ടിലെ ഉത്തരവിനെതിരെയാണ് ഷര്‍ജീല്‍, സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.കേസ് ഇതുവരെ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടില്ല.

ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് ഷർജീൽ ഇമാം ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 2020 ജനുവരി 28-നാണ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്.

കേസില്‍ അറസ്റ്റിലായി അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥി നേതാവായ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, മുഹമ്മദ് സലീം ഖാന്‍, ഷിഫ-ഉര്‍-റഹ്‌മാന്‍, അത്തര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, അബ്ദുള്‍ ഖാലിദ് സൈഫി, ഗള്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി തള്ളിയത്.

2020-ല്‍ സിഎഎ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ള എട്ട് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷമായി വിചാരണയില്ലാതെ തടവിലാണ് ഇവർ. 

Content Highlights: Sharjeel Imam challenges Delhi HC`s bail denial in 2020 riots case. He`s accused of conspiracy under