ആധുനിക ആയുധങ്ങൾ, 2ലക്ഷം പേരുടെ സൈന്യം, ലക്ഷ്യം ഗോ സംരക്ഷണം; ചതുരംഗിണി സേനയുമായി അവിമുക്തേശ്വരാനന്ദ

പ്രയാഗ്‌രാജ്: ഒരു സായുധസംഘത്തെ രൂപീകരിക്കാനുള്ള പദ്ധതിയുമായി ഉത്തരാഖണ്ഡ് ജോഷിമഠിലെ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ. രണ്ട് ലക്ഷം പേരടങ്ങുന്ന സംഘത്തെ രൂപീകരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഈ ‘സൈന്യം’ പശുക്കളെയും ഹിന്ദുമതത്തെയും സംരക്ഷിക്കുമെന്നും പരമ്പരാഗതവും ആധുനികവുമായ ആയുധങ്ങൾ ഇവർ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇതിന്റെ ഭാഗമാകുകയെന്നും പുരുഷന്മാരും സ്ത്രീകളും കൂടാതെ ഭിന്നലിംഗക്കാരും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
'ചതുരംഗിണി സേന' എന്ന് പേരിട്ടിരിക്കുന്ന ഈ 'സൈന്യം' അടുത്ത വർഷം ഫെബ്രുവരിയിൽ മൗനി അമാവാസി ആഘോഷത്തോടനുബന്ധിച്ച് പ്രയാഗ്‌രാജിൽവെച്ച് രൂപീകരിക്കുമെന്ന് അവിമുക്തേശ്വരാനന്ദ കൂട്ടിച്ചേർത്തു. പുരാണങ്ങളിൽ 'ചതുരംഗിണി സേന' എന്നത് കാലാൾപ്പടയും കുതിരപ്പടയും ആനകളും രഥങ്ങളും ചേർന്നതാണ്. മഹാഭാരതത്തിലും ചതുരംഗിണി സേനയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. സന്യാസിമാരുടെയും അനുയായികളുടെയും അകമ്പടിയോടെ, ഈ 'സൈന്യം' മതത്തെയും സംസ്കാരത്തെയും സമൂഹത്തെയും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം അവിമുക്തേശ്വരാനന്ദയുടെ പ്രഖ്യാപനങ്ങളെ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വെക്കുന്നതും പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതും നിയമനടപടികൾക്ക് കാരണമാകുമെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ മാസം, പ്രയാഗ്‌രാജിലെ ഒരു മേളയ്ക്കിടെ തന്റെ പല്ലക്കിൽ സംഗമവേദിയിലേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവിമുക്തേശ്വരാനന്ദ വിമർശിച്ചിരുന്നു. ഇത് വലിയ വാർത്തയാകുകയും ചെയ്തു. ഇതിന് പരോക്ഷമായ മറുപടിയാണ് യുപി മുഖ്യമന്ത്രി നൽകിയത്. രാമായണത്തിലെ പുരാണ കഥാപാത്രവും രാക്ഷസനുമായ കാലനേമിയെ ആളുകൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ആദിത്യനാഥിന്റെ മറുപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.
കഴിഞ്ഞ മാസം,അവിമുക്തേശ്വരാനന്ദയ്ക്കെതിരെ പോക്സോക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. മറ്റൊരു മതനേതാവായ അശുതോഷ് ബ്രഹ്മചാരി മഹാരാജ് നൽകിയ പരാതിയെ തുടർന്ന് ഉത്തർപ്രദേശ് പോലീസാണ് കേസെടുത്തത് . പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ പ്രയാഗ്‌രാജിലെ ആശ്രമത്തിൽ കൊണ്ടുവന്ന് പീഡിപ്പിച്ചതായി ബ്രഹ്മചാരി ആരോപിച്ചു. എന്നാൽ അവിമുക്തേശ്വരാനന്ദ ആരോപണങ്ങൾ നിഷേധിച്ചു. സനാതന ധർമ്മത്തെ ഇകഴ്ത്തിക്കാട്ടുക ലക്ഷ്യമിട്ടുള്ള വ്യാജ ആരോപണങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlights: Formation of a 2.18 lakh strong 'Chaturangini Sena' for cow and religion protection., Launch scheduled for Mauni Amavasya in Prayagraj next year., Administration monitoring the move due to potential legal issues regarding weapons., Controversies surrounding POCSO allegations and political friction with UP CM Yogi Adityanath.