ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു; കേന്ദ്രസർക്കാർ നടപടി യുഎപിഎ പ്രകാരം

ന്യൂഡൽഹി: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ (എസ്.ബി.എൻ) യു.എ.പി.എ. നിയമപ്രകാരം ഭീകരസംഘടനയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഭീകരവാദത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ധിയില്ലാത്ത നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ബുധനാഴ്ച പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെ, യു.എ.പി.എ നിയമത്തിലെ 35(1)(എ) വകുപ്പ് പ്രകാരം നിരോധിത ഭീകരസംഘടനകളുടെ പട്ടികയായ ഒന്നാം ഷെഡ്യൂളിൽ ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഉൾപ്പെടുത്തി. യു.എ.പി.എ പ്രകാരം ഇന്ത്യയിലെ നിരോധിത ഭീകരസംഘടനകളുടെ പട്ടികയിൽ 46-ാമതായാണ് ഈ സംഘടനയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതിർത്തികടന്നുള്ള ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ലഹരിമരുന്നുകൾ എന്നിവയുടെ കടത്ത്, പ്രാദേശിക കുറ്റവാളികളെയും യുവാക്കളെയും പ്രലോഭിപ്പിച്ച് ഭീകരവാദത്തിലേക്ക് ആകർഷിക്കൽ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഈ സംഘടന ഏർപ്പെട്ടിട്ടുണ്ടെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയെയും സാമുദായിക ഐക്യത്തെയും തകർക്കാൻ ലക്ഷ്യമിട്ട് ഇവർ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിദ്വേഷ സന്ദേശങ്ങളും ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഈ സംഘടന പങ്കാളികളാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിനും പരമാധികാരത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണിയാകുംവിധം ഭട്ടി സംഘം നിരന്തരം ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ഏജൻസികളും വ്യക്തമാക്കിയിരുന്നു.