എ.എ. റഹീമിനെ വലിച്ചിഴച്ച് പോലീസ്; ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

#ന്യൂസ് ഡെസ്ക്
ഡൽഹിയിൽ പ്രതിഷേധത്തിനിടെ എ.എ. റഹീം എം.പി.യെ പോലീസ് വലിച്ചിഴച്ചുകൊണ്ടുപോയി കസ്റ്റഡിയിലെടുക്കുന്നു | ഫോട്ടോ - മാതൃഭൂമി ന്യൂസ്
ഡൽഹിയിൽ പ്രതിഷേധത്തിനിടെ എ.എ. റഹീം എം.പി.യെ പോലീസ് വലിച്ചിഴച്ചുകൊണ്ടുപോയി കസ്റ്റഡിയിലെടുക്കുന്നു | ഫോട്ടോ - മാതൃഭൂമി ന്യൂസ്

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച പ്രക്ഷോഭ മാർച്ചിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം. പ്രതിഷേധത്തിൽ പങ്കെടുത്ത എ.എ. റഹീം എം.പി.യെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴയ്ക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ നേതാക്കൾ ഉൾപ്പെടെയുള്ള വിദ്യാർഥികളേയും യുവജനങ്ങളേയും പ്രവർത്തകരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് ഡൽഹിയിലെ പട്ടേൽ ചൗക്ക് മെട്രോ സ്‌റ്റേഷൻ പരിസരത്തുനിന്നാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കമ്മിഷന്റെ നടപടികൾക്കുമെതിരേയും ജനാധിപത്യ സംരക്ഷണം ആവശ്യപ്പെട്ടുമായിരുന്നു സമരം. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ, താൻ പാർലമെന്റംഗമാണെന്നും സമാധാനപരമായ രീതിയിലാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയതെങ്കിലും പോലീസ് അത് കണക്കിലെടുത്തില്ല.

നേരത്തേ ജന്തർമന്ദറിൽ നടത്തിയ പ്രതിഷേധങ്ങൾക്കുശേഷമാണ് സമരം തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് വ്യാപിപ്പിച്ചത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് മുൻപില്ലാത്ത വിധത്തിലുള്ള വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

Content Highlights: SFI and DYFI organized a protest march to the Central Election Commission headquarters in Delhi., Rajya Sabha MP AA Rahim was forcibly dragged and detained by Delhi Police.