ദാല്‍ തടാകത്തില്‍ വന്‍തീപ്പിടിത്തം; ഹൗസ് ബോട്ടുകള്‍ കത്തിയമര്‍ന്നു

ശ്രീനഗര്‍: കശ്മീര്‍ ദാല്‍ തടാകത്തിലെ ഹൗസ് ബോട്ടുകളില്‍ വന്‍തീപ്പിടിത്തം. നിരവധി ബോട്ടുകള്‍ അഗ്നിക്കിരയായെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പുലര്‍ച്ചെ 5.15നായിരുന്നു തീപ്പിടിത്തമുണ്ടായത്.
ഗാട്ട് നമ്പര്‍ ഒമ്പതിന് സമീപത്തെ ഹൗസ്‌ബോട്ടിനാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട് സമീപത്തെ ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അഞ്ച് ബോട്ടുകള്‍ പൂര്‍ണമായും മറ്റുള്ളവ ഭാഗികമായും നശിച്ചു. തീ നിയന്ത്രിച്ചതായും ആളപായം ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
അപകടകാരണം വ്യക്തമല്ലെങ്കിലും കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. കശ്മീരിലെ രണ്ടാമത്തെ വലിയ തടാകമായ ദാല്‍, വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിര്‍മാണരീതിയിലുള്ള ഹൗസ് ബോട്ടുകളാണ് ഇവിടത്തെ പ്രത്യേകത.
Content Highlights: Several houseboats destroyed in fire at srinagar dal lake