വെള്ള ചുവപ്പ് ഏഴ്‌, രണ്ട് നിറം ഒരു സംഖ്യ; ഇത് താന്‍ സെലിബ്രിറ്റി സെവന്‍രാജ്

സെവന്‍രാജ് | Photo : Facebook / Seven Raj
സെവന്‍രാജ് | Photo : Facebook / Seven Raj

വെള്ള ചുവപ്പ് ഏഴ്. ഇത് മൂന്നും ചേര്‍ന്നാല്‍ സെലിബ്രിറ്റി ആകുമോ. ആകും അതിനുള്ള ഉത്തരമാണ് സെവന്‍രാജ്. 'വിചിത്രപ്രണയങ്ങള്‍' അദ്ദേഹത്തെ നാട്ടിലെ സെലിബ്രിറ്റിയാക്കി മാറ്റിയിരിക്കുകയാണ്. ചുവപ്പിനോടും വെളുപ്പിനോടും പിന്നെ ഏഴ് എന്ന സംഖ്യയോടും സെവന്‍രാജിന് വല്ലാത്തൊരിഷ്ടമാണ്. സ്വന്തം വസ്ത്രങ്ങള്‍, വാഹനങ്ങള്‍, വീട്...എല്ലാം ചുവപ്പ്, വെള്ള നിറങ്ങളിലുള്ളവ. എന്തിനേറെ പറയുന്നു ധരിക്കുന്ന വാച്ചും ഷൂവുമെല്ലാം ചുവപ്പും വെള്ളയും നിറങ്ങളിലുള്ളവ തന്നെ. 

Photo : Facebook / Seven Raj

ഏഴിനോടുള്ള ബെംഗളൂരുവിലെ ബിസിനസ്സുകാരന്‍ സെവന്‍രാജിന്റെ പ്രേമം ഓര്‍മ വെച്ചപ്പോള്‍ തുടങ്ങിയതാണ്. പേരിലെ സെവന്‍ ആണ് കാരണം. വീട്ടിലെ ഏഴാമത്തെ കുട്ടിയായതിനാല്‍ അച്ഛന്‍ നല്‍കിയ പേരാണ് സെവന്‍രാജ്. തന്റെ ഭാഗ്യനമ്പറായും സെവന്‍രാജ് ഏഴിനെ കണക്കാക്കുന്നു. വാഹനങ്ങളുടെ നമ്പറും ഏഴില്‍ തന്നെ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ചുവപ്പ്, വെള്ള നിറങ്ങളോടുള്ള ഇഷ്ടം പിന്നീട് കൂടെ കൂടിയതാണ്. സെവന്‍രാജിന്റെ വിചിത്രമായ പ്രണയത്തോട് ഭാര്യയും മകനും മകളും അടങ്ങുന്ന കുടുംബവും ഇഷ്ടക്കേട് കാണിക്കാത്തതിനാല്‍ ഇക്കാരണത്താല്‍ വലിയ പ്രശസ്തിയാണ് സെവന്‍രാജിന് ലഭിക്കുന്നത്.

വെള്ള, ചുവപ്പ് നിറങ്ങളോടുള്ള ഇഷ്ടം ലേശം കൂടുതലല്ലേ എന്ന് തോന്നുന്ന വിധത്തിലാണ് ഇപ്പോള്‍ സെവന്‍രാജിന്റെ കുടുംബകാര്യങ്ങള്‍. പല്ല് തേക്കാനുള്ള ടൂത്ത് പേസ്റ്റ് മുതല്‍ ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും ഫോര്‍ക്കും സ്പൂണും വരെ ഈ നിറങ്ങളുള്ളവയാണ്. വീട്ടിലെ കസേരകള്‍, സോഫ, കിടക്ക, കര്‍ട്ടന്‍, എന്തിന് ക്ലോക്കും ഹെഡ്‌സെറ്റും വരെ ചുവപ്പും വെള്ളയുമാണ്. ഏഴിനോടുള്ള ഇഷ്ടം കാരണം മാതൃഭാഷ കൂടാതെ ആറ് ഭാഷകള്‍ കൂടി സെവന്‍രാജ് സ്വായത്തമാക്കി. തന്റെ കാറിന്റെ ഹെഡ്‌റെസ്റ്റില്‍ ഏഴ് എന്ന സംഖ്യ തുന്നിച്ചേര്‍ത്തിട്ടുണ്ട്. സെവന്‍രാജിന്റെ ഫോണ്‍നമ്പര്‍ അവസാനിക്കുന്നത് ഏഴുകളിലാണ്. ബ്ലേസറിലും 7 തുന്നിച്ചേര്‍ത്തിട്ടുണ്ട്.

Photo : Facebook / Seven Raj

ചുവപ്പും വെള്ളയും ഇടകലര്‍ന്ന സെവന്‍രാജിന്റെ കോട്ടില്‍ ഒന്നോ രണ്ടോ ബട്ടണുകളല്ല മറിച്ച് ഏഴ് ബട്ടണുകള്‍ ഉണ്ടാകും. വാഹനത്തിന്റെ നമ്പര്‍ 7777 ആണ്. റിയല്‍ എസ്റ്റേറ്റ് ഏജന്‍സി തുടങ്ങിയ കാലത്താണ് പരസ്യപ്രചരണാര്‍ഥം ചുവപ്പും വെള്ളയും തന്റെ മാര്‍ക്കറ്റിങ് നിറങ്ങളായി സെവന്‍രാജ് തിരഞ്ഞെടുത്തത്. ഏജന്‍സിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചപ്പോഴേക്കും ആ രണ്ട് നിറങ്ങള്‍ സെവന്‍ രാജിന്റെ ഹൃദയം കീഴടക്കിയിരുന്നു. അതോടെ സെവന്‍രാജിന്റേയും കുടുംബത്തിന്റേയും ഗെറ്റപ്പ് തന്നെ മാറി. ആ പ്രദേശത്ത് റെഡ് & വൈറ്റ് ഫാമിലി എന്നാണ് ഇവര്‍ ഇപ്പോള്‍ അറിയപ്പെടുന്നത്.

Photo : Facebook / Seven Raj

കണ്ണടയും വസ്ത്രവുമാണ് മഹാത്മാഗാന്ധിയെ വ്യത്യസ്തനാക്കുന്നത്, അദ്ദേഹത്തെ കുറിച്ചോര്‍മിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന കാര്യങ്ങളാണവ. അതിനാലാണ് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതും മറ്റുള്ളവര്‍ ഓര്‍മിക്കുന്നതുമായ കാര്യങ്ങള്‍ ശീലമാക്കിയത്- സെവന്‍രാജ് പറയുന്നു. 2018 ല്‍ ശാന്തിനഗര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുപ്പിലും സെവന്‍രാജ് ഒരു കൈ നോക്കിയിരുന്നു. ഓട്ടോയായിരുന്നു ചിഹ്നമെങ്കിലും ബാനറുകളും നോട്ടീസുമെല്ലാം ചുവപ്പ്, വെള്ള നിറങ്ങളിലായിരുന്നു. സെവന്‍രാജ് ബാനറിന്റെ ആദ്യസിനിമാനിര്‍മാണസംരംഭം ഉടന്‍ തന്നെ പൂര്‍ത്തിയാവും. 

Photo : Facebook / Seven Raj

എന്തായാലും ഒരു വീടിനുള്ളിലെ കുഞ്ഞുകുഞ്ഞ് അലങ്കാരവസ്തുക്കള്‍ മുതല്‍ വാതിലും ജനലും വീടിന്റെ ചുറ്റുമതിലും ഗെയ്റ്റും വരെ ചുവപ്പും വെള്ളയും ചായങ്ങളിലുള്ളവയാക്കി വെള്ളയും ചുവപ്പും നിറമുള്ള വസ്ത്രവും ധരിച്ച് അതേ നിറങ്ങളുള്ള വാഹനത്തില്‍ സഞ്ചരിച്ച് ജീവിക്കുന്ന സെവന്‍രാജ് വ്യത്യസ്തനാണ്.  സെവന്‍രാജ് എസ്‌റ്റേറ്റ് ഏജന്‍സി എന്ന റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയുടെ മാനേജിങ് ഡയറക്ടറാണ് സെവന്‍രാജ്. 

Content Highlights: Bengaluru Man 'Sevenraj' Whose Obsession With Colour Red And White, And No. 7 Has Made Him A Celebrity

Content Highlights: