അഴിമതി അന്വേഷിക്കുന്ന ലോക്പാലിനായി വാങ്ങുന്നത് ഏഴ് ബിഎംഡബ്ല്യു കാറുകള്‍; ആകെ ചെലവ് അഞ്ച് കോടി രൂപ

#ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്
ലോക്പാൽ ചെയർപേഴ്സൺ എ.എം. ഖാൻവിൽകർ | Photo: ANI
ലോക്പാൽ ചെയർപേഴ്സൺ എ.എം. ഖാൻവിൽകർ | Photo: ANI

ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന ലോക്പാലിനായി ആഡംബര കാറുകള്‍ വാങ്ങുന്നു. എഴുപത് ലക്ഷം വിലയുള്ള ബിഎംഡബ്ല്യു 3 സീരീസ് 330-ല്‍ പെട്ട ഏഴ് കാറുകള്‍ വാങ്ങുന്നതിനായുള്ള ടെണ്ടര്‍ നടപടികളാണ് ആരംഭിച്ചത്. ഏഴ് വാഹനങ്ങള്‍ വാങ്ങുന്നതിനായി ആകെ ചെലവ് പ്രതീക്ഷിക്കുന്നത് അഞ്ച് കോടി രൂപയാണ്.

സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറാണ് നിലവില്‍ ലോക്പാല്‍ ചെയര്‍പേഴ്‌സണ്‍. പൊതു പ്രവര്‍ത്തകര്‍ക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് ചെയര്‍പേഴ്‌സണ് പുറമെ ആറ് അംഗങ്ങളാണ് ലോക്പാലില്‍ ഉള്ളത്. ഇതില്‍ മൂന്ന് പേര്‍ ജുഡീഷ്യല്‍ അംഗങ്ങളാണ്. ചെയര്‍പേഴ്‌സണിന്റെയും മറ്റ് ആറ് അംഗങ്ങളുടെയും ഉപയോഗത്തിനാണ് ഏഴ് ആഡംബര കാറുകള്‍ വാങ്ങുന്നത്.

ലോക്പാലിനായി ഏഴ് ബിഎംഡബ്ല്യു 3 സീരീസ് 330-ലി കാറുകള്‍ (BMW 3 Series 330 Li Cars) വാങ്ങുന്നതിനാണ് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള സ്പോര്‍ട് (ലോങ് വീല്‍ബേസ്) ആണ് ആവശ്യമെന്നും ടെണ്ടറില്‍ വിശദീകരിച്ചിട്ടുണ്ട്. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ലോങ് വീല്‍ബേസ് ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഏറ്റവും വിശാലമായ രണ്ടാമത്തെ സീറ്റ് നിരയുള്ള സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ കാറാണിതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഈ കാറിന്റെ ഓണ്‍-റോഡ് വില ഏകദേശം 70 ലക്ഷം രൂപയാണ്. അതായത് ഏഴ് കാറുകളുടെ ആകെ വില ഏകദേശം അഞ്ചുകോടി രൂപ.

വാഹനം നല്‍കുന്ന സ്ഥാപനം ലോക്പാലിലെ ഡ്രൈവര്‍മാര്‍ക്ക് സമഗ്രമായ പരിശീലനം നല്‍കണമെന്നും ടെണ്ടര്‍ വ്യവസ്ഥയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറഞ്ഞത് ഏഴ് ദിവസത്തേക്ക് ആണ് പരിശീലനം നല്‍കേണ്ടത്. വാഹനം കൈമാറുന്ന തീയതി തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കുകയും വേണം.

2013-ലെ ലോക്പാല്‍, ലോകായുക്ത നിയമപ്രകാരം സ്ഥാപിതമായ സ്ഥാപനമാണ് ലോക്പാല്‍ ഓഫ് ഇന്ത്യ. ചെയര്‍പേഴ്സണിന്റെ ശമ്പളം, അലവന്‍സുകള്‍, മറ്റ് സേവന വ്യവസ്ഥകള്‍ എന്നിവ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റേതിന് തുല്യമാണ്. അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് സേവന വ്യവസ്ഥകള്‍ എന്നിവ സുപ്രീം കോടതി ജഡ്ജിയുടേതിന് തുല്യമാണ്.

Content Highlights: seven bmw for lokpal total cost five crore