സോഫ്റ്റ്‌വെയർ പരിഷ്‌കരണം മുതൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം വരെ; വിവാദങ്ങളുടെ കേന്ദ്രബിന്ദു, ആരാണ് സീമ ഖന്ന?

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനിൽ നടപ്പിലാക്കിയ സാങ്കേതിക നവീകരണവും അതിനെത്തുടർന്നുണ്ടായ അഭിപ്രായഭിന്നതയും രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി വിഭാഗം മേധാവിയായ ഡോ. സീമാ ഖന്നയാണ് ഈ വിവാദങ്ങളുടെ പ്രധാന കേന്ദ്രബിന്ദു. വോട്ടർ പട്ടിക സോഫ്റ്റ്വെയറിന്റെ പ്രവർത്തനത്തെയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ അധികാരങ്ങളെയും ചൊല്ലി വിവാദങ്ങൾ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നതിനിടയിൽ സീമ ഖന്നയും ചോദ്യമുനയിലാണ് ആരാണ് സീമ ഖന്ന, നിലവിലെ വിവാദങ്ങളിൽ എന്താണ് സീമ ഖന്നയുടെ പങ്ക്?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡയറക്ടർ ജനറൽ (ഐടി) പദവി വഹിക്കുന്ന മുതിർന്ന സാങ്കേതിക വിദഗ്ദ്ധയാണ് ഡോ. സീമാ ഖന്ന. ഡൽഹി ഐഐടിയിൽ നിന്ന് ബി.ടെക്, എം.ടെക് ബിരുദങ്ങളും ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ കാൽ നൂറ്റാണ്ടിലേറെ സേവന പരിചയവും ഇവർക്കുണ്ട്.
കോവിഡ് കാലത്ത് വികസിപ്പിച്ച 'ആരോഗ്യ സേതു' ആപ്പിന്റെ സാങ്കേതിക നിർമ്മാണത്തിന് നേതൃത്വം നൽകിയ പ്രമുഖ ഐടി വിദഗ്ധരിൽ ഒരാളായിരുന്നു ഇവർ. 2025-ലാണ് സീമ ഖന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗമാവുന്നത്. കമ്മിഷന്റെ 40-ലധികം വരുന്ന ആപ്ലിക്കേഷനുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന 'ECINet' എന്ന പ്ലാറ്റ്ഫോം രൂപകൽപന ചെയ്തത് സീമ ഖന്നയുടെ നേതൃത്വത്തിലാണ്.
1950-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും ഒഴിവാക്കാനും സമ്പൂർണ്ണ നിയമപരമായ അധികാരം പ്രാദേശിക ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് ഉള്ളത്. എന്നാൽ പുതിയ ഐടി മാറ്റങ്ങളിലൂടെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുകയും വോട്ടർ ഡാറ്റാബേസിന്റെ നിയന്ത്രണം ന്യൂഡൽഹിയിലെ ഐടി ഡയറക്ടറേറ്റിലേക്ക് മാത്രമായി കേന്ദ്രീകരിക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്നു. ഇത് നിയമപരമായ ലംഘനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഗോവയിൽ പുനഃപരിശോധന നടത്തി യോഗ്യരെന്ന് കണ്ടെത്തിയ 97 വോട്ടർമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രാദേശിക ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തീരുമാനിച്ചിരുന്നു. എന്നാൽ
ഡൽഹിയിലെ ഐടി വിഭാഗം സോഫ്റ്റ്വെയർ അനുമതി (Rollback Facility) നൽകാത്തതിനാൽ ഇവരെ പട്ടികയിലുൾപ്പെടുത്താൻ സാധിച്ചില്ല. ഇത് കമ്മിഷനെ പ്രതിസന്ധിയിലാക്കി.
ഇതിനുമുമ്പ്, 2025 നവംബർ 4-നും 2026 ജനുവരി 2-നും ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ, സറ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥരുടെ പ്രവർത്തന സ്വാതന്ത്ര്യം സാങ്കേതിക സംവിധാനങ്ങൾ വഴി തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് സീമാ ഖന്നയ്ക്ക് നേരിട്ട് നിർദ്ദേശം നൽകിയിരുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കമ്മിഷന്റെ ഐടി വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഇലക്ഷൻ കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധുവും ഡോ. വിവേക് ജോഷിയും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയും പിന്നാലെ പുറത്തുവന്നു. വോട്ടർ ഡാറ്റാബേസ് അനാവശ്യമായി കേന്ദ്രീകരിക്കുന്നതിലും ഫീൽഡ് തല ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ ആക്‌സസ് തടയുന്നതിലും ആശങ്ക അറിയിച്ച് ഇരുവരും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥനും കത്തുകളയച്ചു. ഡയറക്ടർ ജനറലിന് (ഐടി) നിയമപരമായ സറ്റാറ്റ്യൂട്ടറി അധികാരങ്ങളില്ലെന്നും ഫീൽഡ് ഉദ്യോഗസ്ഥർക്ക് വോട്ടർ പട്ടിക കൈകാര്യം ചെയ്യാനുള്ള സമ്പൂർണ്ണ ആക്‌സസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഔദ്യോഗിക തലത്തിലെ ഈ ഭിന്നത വൻ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ചു. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളും സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് തുടങ്ങിയ സംഘടനകളും സീമാ ഖന്നയ്ക്കും ചീഫ് ഇലക്ഷൻ കമ്മീഷണർക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. സോഫ്റ്റ്‌വെയറിന്റെ ബാക്ക്-എൻഡ് നിയന്ത്രണങ്ങളിലൂടെ വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്താൻ സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഈ രാഷ്ട്രീയ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലാത്ത വാദങ്ങളാണെങ്കിലും, കമ്മിഷനുള്ളിലെ തർക്കങ്ങളും ആശങ്കകളും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിലേക്ക് നയിച്ചതും ഈ ഭിന്നതയാണ്.
Content Highlights: Dr.-Seema-Khanna-serves-as-the-Director-General-(IT)-of-the-Election-Commission-of-India.,-Controversy-arose-over-the-centralization-of-voter-database-control-and-ECINet-software.,-Election-Commissioners-raised-official-dissent-regarding-the-curbing-of-local-Electoral-Registration-Officers'-powers.,-Opposition-parties-demanded-the-resignation-of-the-Chief-Election-Commissioner-following-the-dispute.