'യാതൊരു നിയമലംഘനങ്ങളുമില്ല'; അദാനിക്ക് സെബിയുടെ ക്ലീൻ ചിറ്റ്, ഹിൻഡൻബെർഗ് റിപ്പോർട്ട് തള്ളി

ന്യൂഡൽഹി: ഹിൻഡൻബെർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും ക്ലീൻ ചിറ്റ് നൽകി സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഒന്നും തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണ് സെബി ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഷെൽ കമ്പനികൾ വഴി വിപണിയിൽ കൃത്രിമത്വം നടത്തുകയാണെന്നും ഓഹരി പെരുപ്പിച്ച് കാട്ടുകയാണെന്നുമായിരുന്നു ഹിൻഡൻബെർഗ് ഉന്നയിച്ച ആരോപണം. ആരോപണത്തിന് പിന്നാലെ സെബി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ യാതൊരു തരത്തിലുള്ള നിയമലംഘനവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സെബി വ്യക്തമാക്കിയത്.
റിപ്പോർട്ടിൽ പറയുന്ന സമയത്തെ ഇടപാടുകൾ അദാനിയുമായി ബന്ധപ്പെട്ടതല്ലെന്നും 2021-ലെ ഭേദഗതിക്ക് ശേഷമുള്ള ഇടപാടുകളേ പരിഗണിക്കാൻ സാധിക്കൂ എന്നും സെബി ഉത്തരവിൽ പറയുന്നു. സംശയാസ്പദമെന്ന് ഹിൻഡൻബെർഗ് റിപ്പോർട്ട് ചെയ്ത വായ്പകൾ പലിശ സഹിതം തിരിച്ചടച്ചിട്ടുണ്ടെന്നും ഒരു ഫണ്ടും വകമാറ്റിച്ചെലവഴിച്ചിട്ടില്ലെന്നും സെബി റെഗുലേറ്റർ കണ്ടെത്തി. ഇതോടെ അദാനി ഗ്രൂപ്പിനെതിരായ എല്ലാ നടപടികളും അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Content Highlights: SEBI Clears Adani Group of Hindenburg Allegations After Investigation