'CCTV ഇടപാടില്‍ 7 കോടി കൈക്കൂലി'; ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദർ ജെയിനെതിരെ കേസ്

സത്യേന്ദർ ജെയിൻ| ഫോട്ടോ: PTI
സത്യേന്ദർ ജെയിൻ| ഫോട്ടോ: PTI

ന്യൂഡല്‍ഹി: മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ ഏഴു കോടിയുടെ കൈക്കൂലി കേസ്. 571 കോടിയുടെ സിസിടിവി കാമറ ഇടപാടുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആൻ്റി കറപ്ഷന്‍ ബ്രാഞ്ച് (എസിബി) സത്യേന്ദർനെതിരെ ബുധനാഴ്ച കേസെടുത്തത്. 

ഡല്‍ഹി നഗരത്തില്‍ പല ഇടത്തായി സിസിടിവി കാമറകൾ സ്ഥാപിക്കുന്നതില്‍ കരാറുണ്ടായിരുന്ന പൊതു മേഖലാ സ്ഥാപനം ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ( ബിഇഎല്‍) സിസിടിവി സ്ഥാപിക്കുന്നതില്‍ താമസം വരുത്തിയതിന് 16 കോടി രൂപയുടെ പിഴ സര്‍ക്കാര്‍ ചുമത്തിയിരുന്നു. ഈ പിഴ ഒഴിവാക്കാനായി ഡല്‍ഹി നഗരത്തിലെ സിസിടിവി പ്രൊജക്ടിന്റെ നോഡല്‍ ഓഫീസറായിരുന്ന സത്യേന്ദര്‍ ജെയിന്‍ ഏഴ് കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നന്നതാണ് കേസ്.

കരാര്‍ നടപ്പാക്കുന്നതില്‍ കമ്പനി തുടര്‍ച്ചയായി താമസം വരുത്തിയിട്ടും കൈക്കൂലി കൈപ്പറ്റിയ ശേഷം 1.4 ലക്ഷം സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള കരാര്‍ കൂടി ബി.ഇ.എലിന് സത്യേന്ദർ നല്‍കിയെന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (എസിസിബി) മധുര്‍ വര്‍മ്മ പറഞ്ഞു. പ്രവര്‍ത്തന രഹിതമായ സിസിടിവി നല്‍കിയതുള്‍പ്പടെ സിസിടിവി ഇടപാടില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായും അന്വേഷണ സംഘം അറിയിച്ചു. 

2018 നവംബറിലാണ് ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി 1.4 ലക്ഷം സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനായുള്ള കരാര്‍ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എലിന് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാൽ ഇതിൽ  ബിഇഎല്‍ ഗുരുതര വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് 2019 ഓഗസ്റ്റില്‍ കരാര്‍ കമ്പനിയായ ബി.ഇ.എല്ലിനെതിരെ സര്‍ക്കാര്‍ 16 കോടി പിഴ ചുമത്തി. 

2015-16 കാലത്ത് സത്യേന്ദ്രർ ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ 2022 മേയില്‍ ഇ.ഡി സത്യേന്ദര്‍ ജെയിനിനെ അറസ്റ്റു ചെയ്തിരുന്നു. ജെയിന്റെ 4.81 കോടി രൂപയുടെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഈ കേസിൽ റോസ് അവന്യൂ കോടതി 2023 ഒക്ടോബറിൽ സത്യേന്ദറിന് ജാമ്യം അനുവദിച്ചു.

Content Highlights: Delhi AAP leader Satyendar Jain accused of ₹7 crore bribe in CCTV project