പാകിസ്താനിലെത്തി മതംമാറി പാക് പൗരനുമായി വിവാഹം; സരബ്ജിത് കൗറിനെ ഇന്ത്യയിലേക്ക് നാടുകടത്തും

#ന്യൂസ് ഡെസ്ക്ക്
ശരബ്ജിത് കൗര്‍ | Photo - x.com
ശരബ്ജിത് കൗര്‍ | Photo - x.com

ന്യൂഡൽഹി: തീർഥാടനത്തിനായി പാകിസ്താനിൽ പോയി പാക് പുരുഷനെ വിവാഹംകഴിച്ച പഞ്ചാബ് യുവതി സരബ്ജിത് കൗറിനെ തിങ്കളാഴ്ച ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും. അട്ടാരി-വാഗ അതിർത്തിവഴി ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്. ഗുരുനാനാക്കിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പാകിസ്താനിലേക്ക് തീർഥാടനയാത്ര നടത്തിയ സരബ്ജിത്, പിന്നീട് പാക് പുരുഷനെ വിവാഹം കഴിക്കുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു.

തൽവണ്ടി ചൗധരിയാൻ പോലീസ് സ്‌റ്റേഷന് കീഴിലുള്ള കപൂർത്തല ജില്ലയിലെ അമാനിപുർ ഗ്രാമത്തിലെ 52 വയസ്സുള്ള യുവതിയാണ് കൗർ. ഗുരുനാനാക്കിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് 2025 നവംബർ നാലിന് 1,932 അംഗങ്ങളടങ്ങിയ സിഖ് ജാഥയുടെ ഭാഗമായി പാകിസ്താനിലേക്ക് തീർഥാടനയാത്ര പുറപ്പെട്ടതായിരുന്നു ഇവർ. നവംബർ 13-ന് സംഘം തിരിച്ചെത്തിയെങ്കിലും കൗർ പാകിസ്താനിൽ തുടർന്നു. പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും നൂർ ഹുസൈൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. നവംബർ അഞ്ചിനാണ് ഷെയ്ഖുപുരയിൽനിന്നുള്ള നാസിർ ഹുസൈനെ വിവാഹം കഴിച്ചത്.

തിങ്കളാഴ്ച നങ്കാന സാഹിബിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് കൗറിനേയും നാസിറിനേയും പാക് ഇന്റലിജൻസ് ബ്യൂറോയും പ്രാദേശിക പോലീസും അറസ്റ്റുചെയ്തു. പാകിസ്താൻ സിഖ് ഗുരുദ്വാര പർബന്ധക് കമ്മിറ്റി (പിഎസ്ജിപിസി) പ്രസിഡന്റും പഞ്ചാബ് മന്ത്രിയുമായ രമേഷ് സിങ് അറോറ അറസ്റ്റ് സ്ഥിരീകരിക്കുകയും  അവരുടെ സിംഗിൾ എൻട്രി വിസയുടെ കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യയിലേക്ക് നാടുകടത്താൻ തയ്യാറെടുക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.

നേരത്തേ ഒരു വിവാഹം കഴിച്ചിരുന്നെന്നും അതിൽ രണ്ട് ആൺമക്കളുണ്ടെന്നും പിന്നീട് ഈ ബന്ധം വേർപ്പെടുത്തിയെന്നും കൗർ അവകാശപ്പെട്ടിരുന്നു. നാസിർ ഹുസൈനെ ദുബായിൽ ജോലിചെയ്യവെയാണ് കണ്ടുമുട്ടിയതെന്നും ഇരുവരും തമ്മിൽ ഒൻപത് വർഷത്തെ പരിചയമുണ്ടെന്നും അറിയിച്ചുകൊണ്ട് കൗർ ഒരു വീഡിയോയും പങ്കുവയ്ക്കുകയുണ്ടായി. എന്നാൽ, സാമൂഹിക ബന്ധങ്ങൾ കുറവായ കൗർ, ഇന്ത്യയിൽ ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്നും കുടുംബത്തിനെതിരേ വേശ്യാവൃത്തി ഉൾപ്പെടെ പത്തിലധികം കേസുകളുണ്ടെന്നും ഇവരുടെ ഗ്രാമവാസികൾ പറയുന്നു. അതേസമയം, ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾക്ക് എങ്ങനെയാണ് തീർഥാടനത്തിന് വിസ ലഭിച്ചതെന്നതിൽ അന്വേഷണം നടക്കുന്നുണ്ട്.

Content Highlights: Punjab Woman's Pakistan Marriage: Deportation Looms at Attari-Wagah Border