3 മണ്ഡലങ്ങൾ, 3 പാർട്ടികൾ, ഒരേ കുടുംബം; തമിഴ്നാട് നിയമസഭയിൽ സാന്റിയാഗോ മാർട്ടിന്റെ മൂന്ന് ‘അംഗങ്ങൾ’

ന്യൂഡൽഹി: ഇന്ത്യയുടെ ലോട്ടറി രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിന് തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ വിജയം. മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവർ മൂന്ന് വ്യത്യസ്ത പാർട്ടികളിലായി മത്സരിച്ച് തങ്ങളുടെ മണ്ഡലങ്ങളിൽ മികച്ച വിജയം നേടി. തിരഞ്ഞെടുപ്പ് ബോണ്ട് വഴി വൻ തുക രാഷ്ട്രീയ സംഭാവനകൾ നൽകി വാർത്തകളിൽ നിറഞ്ഞ സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിന്റെ ഈ രാഷ്ട്രീയ മുന്നേറ്റം ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
ലാൽഗുഡി മണ്ഡലത്തിൽനിന്ന് എ.ഐ.എ.ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിച്ച സാൻറിയാഗോ മാർട്ടിന്റെ ഭാര്യ ലീമറോസ് മാർട്ടിൻ ജയിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ലാൽഗുഡി മണ്ഡലം എ.ഐ.എ.ഡി.എം.കെ. തിരിച്ചുപിടിക്കുന്നത്. ഡി.എം.കെ.യുടെ കോട്ടയായി അറിയപ്പെട്ടിരുന്ന ഇവിടെ ഡി.എം.കെ. സ്ഥാനാർഥി ടി. പരിവള്ളലിനെ 5,000-ൽപ്പരം വോട്ടുകൾക്കും തമിഴക വെട്രി കഴകം (ടി.വി.കെ.) സ്ഥാനാർഥി കു.പാ. കൃഷ്ണനെ 2,739 വോട്ടുകൾക്കും പരാജയപ്പെടുത്തിയാണ് ലീമറോസ് വിജയിച്ചത്. 14 വർഷത്തെ ഐ.ജെ.കെ. (ഇന്ത്യ ജനനായക കക്ഷി) ബന്ധം അവസാനിപ്പിച്ച് അടുത്തിടെ എ.ഐ.എ.ഡി.എം.കെ.യിൽ ചേർന്ന ലീമറോസിനെ പാർട്ടി മേധാവി എടപ്പാടി പളനിസ്വാമി വനിതാ വിഭാഗം ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.
ടി.വി.കെ. ജനറൽ സെക്രട്ടറിയും സാൻറിയാഗോ മാർട്ടിന്റെ മരുമകനുമായ ആദവ് അർജുന വില്ലിവാക്കം മണ്ഡലത്തിൽനിന്ന് മികച്ച വിജയം നേടി. ഡി.എം.കെ.യുടെ കാർത്തിക് മോഹനെ 17,302 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദവ് അർജുന കന്നിയങ്കത്തിൽ കരുത്ത് തെളിയിച്ചത്. കഴിഞ്ഞ രണ്ട് തവണയും ഡി.എം.കെ. കൈവശംവെച്ചിരുന്ന മണ്ഡലമാണിത്. ഇതോടെ തമിഴ്‌നാട് നിയമസഭയിൽ മാർട്ടിൻ കുടുംബത്തിന് രണ്ട് പ്രതിനിധികളായി.
സാൻറിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ സ്വന്തം പാർട്ടിയായ ലച്ചിയ ജനനായക കക്ഷി (എൽ.ജെ.കെ.) ടിക്കറ്റിൽ പുതുച്ചേരിയിലെ കാമരാജ് നഗർ മണ്ഡലത്തിൽനിന്ന് വിജയിച്ചു. കോൺഗ്രസിന്റെ പി.കെ. ദേവദാസിനെയും ടി.വി.കെ.യുടെ സുമനെയും പരാജയപ്പെടുത്തിയ അദ്ദേഹം 10,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. നേരത്തെ ബി.ജെ.പി.യിൽ പ്രവർത്തിച്ചിരുന്ന ജോസ് ചാൾസ്, സീറ്റ് വിഭജനത്തിലെ കാലതാമസത്തെത്തുടർന്നാണ് പാർട്ടി വിട്ടത്.