കുറ്റകൃത്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ വിദഗ്ധന്‍; സഞ്ജയ് വര്‍മ മഹാരാഷ്ട്രയിലെ പുതിയ DGP

നിയുക്ത മഹാരാഷ്ട്ര ഡി.ജി.പി. സഞ്ജയ് വര്‍മ | image credit: dfsl.maharashtra.gov.in
നിയുക്ത മഹാരാഷ്ട്ര ഡി.ജി.പി. സഞ്ജയ് വര്‍മ | image credit: dfsl.maharashtra.gov.in

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഡി.ജി.പി.യായി സ്ഥാനമേല്‍ക്കാന്‍ സഞ്ജയ് വര്‍മ. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രശ്മി ശുക്ലയെ മഹാരാഷ്ട്രയുടെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. പിന്നാലെയാണ് നിലവില്‍ ലീഗല്‍ ആന്‍ഡ് ടെക്‌നിക്കല്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ആയിരുന്ന സഞ്ജയ് വര്‍മയെ തല്‍സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. രശ്മി ശുക്ലയെ മാറ്റിയതിനുപിന്നാലെ മുംബൈ പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സല്‍കര്‍ക്ക് ആയിരുന്നു ഡിജിപിയുടെ താത്കാലിക ചുമതല. 

1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഓഫീസറായിരുന്നു സഞ്ജയ്. കുറ്റകൃത്യങ്ങളെ ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ വിദഗ്ധന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മഹാരാഷ്ട്ര ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സസ് ലബോറട്ടറീസ് മേധാവിയായിരുന്ന സഞ്ജയ് വര്‍മ കുറ്റകൃത്യം തെളിയിക്കുന്നതില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ പ്രോത്സാഹനം നല്‍കിയിരുന്നു. കേസന്വേഷണങ്ങള്‍ക്ക് ഉപയോഗപ്രദമാകാന്‍ 260 ഫോറന്‍സിക് വാനുകളും 2,200 ഗവേഷകരെയും പ്രഗത്ഭരെയും സംസ്ഥാനത്തുടനീളം വിന്യസിച്ചിരുന്നു. ക്രൈംസീനുകളില്‍ എത്രയും വേഗം എത്താനും തെളിവുകള്‍ ശേഖരിക്കാനും വേണ്ടിയായിരുന്നു ഇത്. 

2028 ഏപ്രിലില്‍ അദ്ദേഹം സേനയില്‍നിന്നും വിരമിക്കും. രശ്മി ശുക്ല സംസ്ഥാനത്തെ ഭരണകക്ഷിയായ മഹായുതി സഖ്യത്തോട് കൂറുപുലര്‍ത്തുന്നതായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ ശിവസേന (യുബിടി) പക്ഷവും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. നിയുക്ത തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കും എന്ന് പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതോടെയാണ് രശ്മി ശുക്ലയെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയത്. നവംബര്‍ 20-നാണ് മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. നവംബര്‍ 23-നാണ് വോട്ടെണ്ണല്‍. 

Content Highlights: sanjay kumar verma new dgp of maharasthra police replaces rashmi shukla