തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസം നഷ്ടപ്പെട്ടു, ബാലറ്റ് പേപ്പർ തിരിച്ചു വരണം | സാം പിത്രോദ അഭിമുഖം

#സാം പിത്രോദ/മനോജ് മേനോന്‍
സാം പിത്രോദ | Photo: PTI
സാം പിത്രോദ | Photo: PTI

സത്യനാരായൺ ഗംഗാറാം പിത്രോദ എന്ന സാം പിത്രോദ ഇന്ത്യയിൽ സാങ്കേതിക വിപ്ലവത്തിന് വിത്തുപാകിയവരിൽ പ്രമുഖനാണ്.1980കൾ മുതൽ രാജ്യത്തിന്റെ സാങ്കേതിക വൈജ്ഞാനിക രംഗത്ത് മാത്രമല്ല,സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലും സാം പിത്രോദയുടെ ശബ്ദം അടയാളപ്പെടുത്തുന്നുണ്ട്.ഒഡീഷയിലെ തിത്‌ലാഗഡ് ഗ്രാമത്തിൽ നിന്ന് ഷിക്കാഗോ എന്ന വൻനഗരം വരെയുള്ള 84 വർഷത്തെ ജീവിതയാത്രാ ദൂരം പിത്രോദക്ക് ഇത്തരം ഇടപെടലുകളുടെ ചരിത്രം കൂടിയാണ്.ഇപ്പോൾ ഇന്ത്യ കടന്നു പോയിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസമസ്യകളെക്കുറിച്ച് അദ്ദേഹം 'മാതൃഭൂമി ' ഡൽഹി ബ്യൂറോ പ്രത്യേക ലേഖകൻ മനോജ് മേനോനുമായി സംസാരിക്കുന്നു.

രാജ്യത്തെ തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടെടുപ്പും എസ്.ഐ.ആറുമെല്ലാം ഇപ്പോൾ വിവാദങ്ങളുടെ വറചട്ടിയിലാണ്. എന്ത് പറയുന്നു ഇതെക്കുറിച്ച് ?

രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.പൗരസമൂഹം,പ്രതിപക്ഷപാർട്ടികൾ തുടങ്ങിയവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇതാണ് മനസ്സിലാകുന്നത്.വോട്ടർ പട്ടികയെക്കുറിച്ചായാലും,വോട്ടെടുപ്പ് യന്ത്രത്തെക്കുറിച്ചായാലും ആശങ്ക നിലനിൽക്കുകയാണ്.വിശ്വാസം നഷ്ടമായിരിക്കുന്നു.പരസ്പരം വിരൽ ചൂണ്ടുന്ന സ്ഥിതിയാണ് .അത് സഹായകരമാകില്ല.ഇതിനെല്ലാം ഒരു പരിഹാരം ആവശ്യമായിരിക്കുന്നു .തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമല്ലെങ്കിൽ അതിന് ഒരു പരിഹാരവും രൂപപ്പെടണം.അത് ഇടക്കാല തിരഞ്ഞെടുപ്പിന്റെ രീതിയിലോ,നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പുനർവിലയിരുത്തലിന്റെ രീതിയിലോ പേപ്പർ ബാലറ്റിന്റെ രീതിയിലോ വരാം.പക്ഷെ ഇതെല്ലാം സുപ്രീംകോടതിയെ ആശ്രയിച്ചാണ് നിൽക്കുന്നത്.കോടതിയാണ് അവസാന തീർപ്പ് കൽപിക്കേണ്ടത്.ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം കോടതിക്കാണ്.കോടതി ഈ വിഷയത്തിൽ ആത്യന്തികമായി ഇടപെടുമെന്ന് പ്രതീക്ഷിക്കാം.എന്താണ് ശരി,എന്താണ് തെറ്റെന്ന കാര്യത്തിൽ അവരാണ് അവസാന തീർപ്പ് കൽപിക്കേണ്ടത്.ഭരണഘടന ലംഘിക്കപ്പെട്ടെന്ന് അവർക്ക് തോന്നിയാൽ,സത്യത്തെ മുഖാമുഖം നേരിടാൻ അവർ ധൈര്യം കാട്ടും.ഏതെങ്കിലും ഭാഗത്തു നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദം കോടതി പരിഗണിക്കുകയില്ല.രാജ്യം മുഴുവൻ കോടതിയെ ഉറ്റുനോക്കുകയാണ്.ഭരണഘടനയെ സംരക്ഷിക്കുന്നതിനും സത്യം കണ്ടെത്തുന്നതിനും വിശ്വാസം നിർമിക്കുന്നതിനും ഈ നടപടികൾ മുന്നോട്ട് കൊണ്ടു പോകുന്നതിനും കോടതിയുടെ നിലപാട് നിർണായകമാണ്.നമ്മുടേതൊരു ജനാധിപത്യമാണ്.നമ്മൾ ജനാധിപത്യമായി തുടരും.എന്നാൽ ജനാധിപത്യം ആക്രമിക്കപ്പെട്ടിരിക്കുന്നു.ഏത് രീതിയിലായാലും കാര്യങ്ങൾ പഴയ തലത്തിൽ എത്തിക്കുക എന്നത് , പ്രതിരോധിക്കുകയെന്നത് ജുഡീഷ്യറിയുടെ ഉത്തരവാദിത്വമാണ്.ഇത് വലിയ ആശങ്കാജനകമായ വിഷയമാണ്.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം അഥവാ എസ്.ഐ.ആർ ആണല്ലോ എരിയുന്ന തീയിലെ എണ്ണ.എന്നാൽ എസ്.ഐ.ആർ ആവശ്യമാണ്,അത് നടപ്പാക്കിയ രീതിയിലാണ് പ്രശ്‌നം എന്ന ഒരു വാദമുണ്ട്.ഇതിനോട് താങ്കൾ യോജിക്കുന്നുണ്ടോ?

ആരുടെയും വോട്ട് ആർക്കും നിഷേധിക്കാനാകില്ല.വോട്ട് ചെയ്യാനാകില്ലെന്ന് നിങ്ങളോട് പറയാൻ ആർക്കാണ് അധികാരം ?ആർക്കും അത് പറയാനാകില്ല.എന്നാൽ കഴിഞ്ഞ തവണ വോട്ട് ചെയ്തവർ ഇത്തവണ ചോദ്യം ചെയ്യപ്പെടലിന് വിധേയരാകുന്നു.പലതരം അപേക്ഷാ ഫോമുകൾ,കൂടുതൽ സാക്ഷ്യപത്രങ്ങൾ എന്നിങ്ങനെ അവരുടെ ജീവിതം സങ്കീർണമാക്കപ്പെടുന്നു.ഇത് മൂലമാണ് ജനങ്ങൾ കൂടുതൽ അസ്വസ്ഥരാകുന്നത്.ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത് പരസ്പരം ആരോപണമുയർത്തിയുള്ള കശപിശ(തൂതു-മേമേ)യാണ്.ഇയാൾ അത് പറഞ്ഞു,അയാൾ ഇതു പറഞ്ഞു എന്നിങ്ങനെ പരസ്പരം മത്സരിക്കുന്നു. പരസ്പരം ബഹളം കൂട്ടുന്നു,ശകാരിക്കുന്നു.പരസ്പരം കുറ്റപ്പെടുത്തുന്നു. ചെളിവാരിയെറിയുന്നു.

കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ഒരു ലോക സമ്മേളനത്തിൽ ഒരു പ്രസംഗം കേട്ടു.രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു ലോക സമ്മേളനത്തിൽ പ്രാദേശിക രാഷ്ട്രീയം സംസാരിക്കുന്നു,സങ്കുചിതമായ വിഷയങ്ങൾ പരമാർശിക്കുന്നു.ഇത് എന്തർഥമാണ് ഉൽപാദിപ്പിക്കുന്നത് ?നമ്മുടെ ദൈനംദിനപ്രവർത്തനങ്ങളിലും സംഭാഷണങ്ങളിലും ചർച്ചകളിലും അന്തസ്സ് സൂക്ഷിക്കണമെന്ന് എനിക്ക് തോന്നുന്നു.നമുക്ക് അത് നഷ്ടമായിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്.ഇത് നമ്മുടെ തിരഞ്ഞെടുപ്പുകളെയും ബാധിക്കും.

എസ്.ഐ.ആർ രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. ശരിയാണോ?

രാജ്യത്തെ പൗരൻമാർക്ക് വോട്ട് ചെയ്യാൻ കഴിയണം എന്നതാണ് അടിസ്ഥാന വിഷയം.ആർക്കും വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടാകരുത്.ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കണം.ഇതൊക്കെ മുൻകൂട്ടി കാണണം.വളരെ നേരത്തെ കൈകാര്യം ചെയ്യണം.അവസാന നിമിഷം ചെയ്യേണ്ടതല്ല.തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻകാലങ്ങളിൽ അങ്ങനെയാണല്ലോ ചെയ്തത് ? ചിലയിടത്ത് കമ്മീഷനിൽ പൂർണമായും വിശ്വാസം നഷ്ടമായി.ചിലയിടത്ത് കുറച്ച് വിശ്വാസം നഷ്ടമായി.എന്നാൽ ജനങ്ങൾക്ക് മുഴുവൻ നടപടികളിലും സംശയമായിരിക്കുന്നു.പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇപ്പോൾ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ നടപ്പാക്കിയെന്നും അവിടെ പരാതികളില്ലെന്നും പിന്നെ എന്തിനാണ് എതിർക്കുന്നതെന്നുമാണ് അധികാരപക്ഷത്തിന്റെ ചോദ്യം. എന്താണ് പ്രതികരണം?

ഇത്തരം ന്യായീകരണങ്ങൾക്ക് എന്താണ് പ്രസക്തി ?ഇത് സന്ദർഭത്തിൽ നിന്ന് വിഷയം അടർത്തി മാറ്റലാണ് എന്നാണ് എനിക്ക് തോന്നുന്നത്.സന്ദർഭത്തിൽ നിന്ന് വിഷയം എടുത്തുമാറ്റാൻ നമ്മൾ വളരെ മിടുക്കരാണ്.രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുന്നു എന്ന് ചിലർ ഇടക്കിടെ ആക്ഷേപിക്കുന്നത് കേൾക്കാം.എങ്ങനെയാണ് രാജ്യത്തെ അപമാനിക്കുന്നത് ?ഈ രാജ്യത്തെ ആർക്കും അപമാനിക്കാൻ കഴിയില്ല.ആയിരക്കണക്കിന് വർഷങ്ങൾ കടന്നു പോയ സംസ്‌കാരമാണിത്.ഏതെങ്കിലും ഒരു വ്യക്തി ഒരു ചെറിയ അഭിപ്രായം പറഞ്ഞാൽ അതെങ്ങനെ അപമാനിക്കലാകും ?വിമർശിക്കുന്നവർ പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല.

ഞാൻ എന്തെങ്കിലും ഇപ്പോൾ പറയുന്നു എന്ന് കരുതുക.മറ്റൊരാൾക്ക് അതിൽ നിന്ന് ഒരു വരി മാത്രം അടർത്തിയെടുക്കാം.അനുപാതങ്ങൾ മാറ്റി അത് അവതരിപ്പിക്കാം.സന്ദർഭം പൂർണമായി എടുക്കാതെ നിങ്ങൾക്ക് ശരിയായ അർഥം ലഭിക്കുകയില്ല. അമേരിക്കയിൽ പാരമ്പര്യ നികുതി സമ്പ്രദായം ഉണ്ടെന്ന് ഒരുക്കൽ ഞാൻ പറഞ്ഞു.ഇന്ത്യക്ക് അത്തരത്തിൽ നികുതി ഏർപ്പെടുത്തണമെന്ന് ഒരിക്കൽ പോലും ഞാൻ പറഞ്ഞിട്ടില്ല.എന്നാൽ എന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചു.അതിനായി ചിലർ നുണപറയുകയാണ്.നുണ പറയുന്നതിൽ അവർക്ക് ഒരു നാണവും ഇല്ല.നേതാക്കൾ നുണ പറയുന്നു.എന്ത് ചെയ്യാൻ കഴിയും ? ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പ്,നിങ്ങൾ നിർബന്ധമായും സന്ദർഭം മനസ്സിലാക്കിയിരിക്കണം.ഏത് സന്ദർഭത്തിലാണ് ഒരാൾ ഇങ്ങനെ പറഞ്ഞത് ? എന്നാൽ പറഞ്ഞ വ്യക്തിയോട് കാര്യങ്ങൾ ചോദിക്കാതെ തന്നെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് പ്രയോഗിക്കുകയാണ്.ഒരുകാലത്ത് ഇന്ത്യയിൽ ആരോഗ്യകരമായ സംവാദങ്ങളും ചർച്ചകളും നടന്നിരുന്നു.എന്നാൽ ഇപ്പോൾ അങ്ങനെയല്ല.ഇന്നത്ര ആരോഗ്യകരമല്ല.നമുക്ക് ഒരു ആരോഗ്യകരമായ സംവാദം ആവശ്യമാണ്.രാഹുൽ ഗാന്ധി വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുന്നു എന്ന് ചിലർ ആക്ഷേപിക്കുന്നത് കേൾക്കാം.എങ്ങനെയാണ് രാജ്യത്തെ അപമാനിക്കുന്നത് ?കോടിക്കണക്കിന് ജനങ്ങൾ എങ്ങനെയാണ് അപമാനിക്കപ്പെടുന്നത്.ഇത് രാജ്യത്തെക്കുറിച്ച് തെറ്റായ വീക്ഷണം രൂപപ്പെടുത്താൻ ഇടയാക്കും.ഈ രാജ്യത്തെ ആർക്കും അപമാനിക്കാൻ കഴിയില്ല.ആയിരക്കണക്കിന് വർഷങ്ങൾ കടന്നു പോയ സംസ്‌കാരമാണിത്.ഏതെങ്കിലും ഒരു വ്യക്തി ഒരു ചെറിയ അഭിപ്രായം പറഞ്ഞാൽ എങ്ങനെ അപമാനിക്കാൻ കഴിയും ?ഇവർ പറയുന്നത് എന്താണെന്ന് ഇവർക്കറിയുന്നില്ല.പറയാൻ വേണ്ടി പറയുകയാണ്.

പലരും പലതരം നുണകളുമായാണ് വരുന്നത്.ജോർജ് സോറോസുമായി ഞാൻ നിൽക്കുന്ന ഒരു ചിത്രം ഞാൻ ഈയിടെ കണ്ടു.പിന്നെ കുറെ കഥകളും.ഞാൻ ഒരിക്കൽ പോലും ജോർജ് സോറോസിനെ കണ്ടിട്ടില്ല.അതൊരു നുണയായിരുന്നു.പക്ഷെ,ജനങ്ങൾ അത് വിശ്വസിച്ചു.അവർ കണ്ടതൊക്കെ ഏ.ഐ.കൊണ്ട് നിർമിച്ച ഫോട്ടോകളായിരുന്നു.സർക്കാരിലുള്ള ചിലർ ഇതുപയോഗിച്ച് പ്രചരണം തുടങ്ങി.സാമൂഹ്യമാധ്യമങ്ങൡ പ്രചരിപ്പിച്ചു.അതെക്കുറിച്ച് ചർച്ചകൾ,സംവാദങ്ങൾ !വിഡ്ഡിത്തം ! പക്ഷെ അവരത് ചെയ്തു.അടിസ്ഥാനപരമായി ഇത്തരക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.ഈ സംവിധാനത്തിൽ വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്നു.തിരഞ്ഞെടുപ്പുകൾ ജനാധിപത്യസംവിധാനത്തിൽ ഒരു പ്രധാന ഘടകമാണ്.തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമായിരിക്കണം.തുറന്നതും സുതാര്യവുമായിരിക്കണം.5 ബില്യൻ ജനങ്ങളുള്ള ഒരു രാജ്യത്ത് ചില പ്രശ്നങ്ങൾ അവിടവിടെ കണ്ടേക്കാം.അത് നമ്മൾ അംഗീകരിക്കുന്നു.എന്നാൽ ഇത്തരത്തിൽ ഒരു ഗുരുതര പ്രശ്നം ഇതിന് മുമ്പുണ്ടായിട്ടില്ല.

ബംഗ്ലാദേശിലൊക്കെ സംഭവിച്ചതു പോലെ ഭരണകൂടത്തെ അട്ടിമറിക്കാനാണ് ഈ പ്രതിഷേധങ്ങളെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.ഇതെക്കുറിച്ച് എന്താണ് പ്രതികരണം?

ഇതിനെ വ്യത്യസ്തമായി കാണണം.തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമല്ലെങ്കിൽ,തിരഞ്ഞെടുപ്പകൾ മാനിപ്പുലേറ്റഡ് ആണെങ്കിൽ,അതിനർഥം ജനങ്ങൾക്ക് തിരഞ്ഞെടുപ്പിലുള്ള വിശ്വാസം ആത്യന്തികമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്.ആദ്യം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടും.അദ്ദേഹം രാജിവയ്ക്കുകയാണെങ്കിൽ സത്യം നിങ്ങൾ അംഗീകരിക്കുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

ഇത് കേവലം തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കാര്യം മാത്രമല്ല.5 കാര്യങ്ങൾ സമാന്തരമായി പോകുന്നുവെന്നാണ് ഞാൻ കരുതുന്നത്.

ഇതിൽ ഏറ്റവും പരമപ്രധാനമായ കാര്യം,ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് വൻതോതിൽ ഇന്ത്യാ സമൂഹം കരുതുന്നു എന്നതാണ്. ജനാധിപത്യത്തെ ഏകാധിപത്യമനോഭാവം ഹൈജാക്ക് ചെയ്തിരിക്കുന്നു.പ്രധാനമന്ത്രിയുടെ ഓഫീസാണ് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് എന്ന ഒരു പ്രതിച്ഛായ സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രിക്ക് എല്ലാം അറിയാം.എല്ലാം കൈകാര്യം ചെയ്യും എന്നൊക്കെ പ്രചരിപ്പിക്കുകയാണ്.അദ്ദേഹം ഒരു വിശ്വഗുരുവാണ,അദ്ദേഹം എല്ലാവരെയും ഉപദേശിക്കുന്നു എന്ന് വിശ്വസിപ്പിക്കുകയാണ്.എന്നാൽ,ഇതിനിടയിൽ ജനാധിപത്യം പിടിച്ചെടുക്കപ്പെട്ടിരിക്കുന്നു.സർക്കാരിന് എതിരായ ആർക്കെതിരെയും ഇ.ഡിക്ക് അന്വേഷിക്കാമെന്നായിരിക്കുന്നു.പോകാം.അധികാരം അബ്യൂസ് ചെയ്യുകയാണ്.ഇതാണ് ജനങ്ങൾക്ക് ലഭിക്കുന്ന ഇംപ്രഷൻ.സ്ഥാപനങ്ങളെല്ലാം പിടിച്ചെടുക്കപ്പെട്ടിരിക്കുന്നു.പൗരസമൂഹത്തെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല.

എതിർപ്പുയർത്തുന്ന സംഘടനകൾ വിദേശ പണം ഉപയോഗിക്കുന്നുവെന്നാണ് പലപ്പോഴും ആക്ഷേപം .ആർ.എസ്.എസ് എത്ര വിദേശപണം ഉപയോഗിക്കുന്നുവെന്ന് ഞാൻ ഈയിടെ ഒരു റിപ്പോർട്ടിൽ വായിച്ചിരുന്നു.ആരും അതെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല.നിങ്ങൾക്ക് അതെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല.അഥവാ നിങ്ങൾ സംസാരിച്ചാൽ,ഭരണകൂടം നിങ്ങളുടെ പുറകെ വരും.മാധ്യമങ്ങളെ അധികാരികൾ നിയന്ത്രിക്കുകയാണ്.പ്രധാനമന്ത്രിയെ അന്താരാഷ്ട്രവേദിയിൽ രാഹുൽ ഗാന്ധി അപമാനിച്ചു എന്ന് എല്ലാ ടെലിവിഷൻ ചാനലുകളും വാർത്ത സംപ്രേഷണം ചെയ്തു. എല്ലാ മാധ്യമങ്ങളും വാർത്ത നൽകി.ഇത് പ്രധാനമന്ത്രിക്ക് നല്ലതാണോ.ആണെന്ന് എനിക്ക് തോന്നുന്നില്ല.പ്രധാനമന്ത്രിമാർ ഉദാരമായ സമീപനം സ്വീകരിക്കണം.ജനങ്ങൾക്ക് മികച്ച അനുഭവങ്ങൾ നൽകുന്ന ആളായിരിക്കണം നമ്മുടെ പ്രധാനമന്ത്രി.ഉയർന്ന ധാർമികതയുടെ അടിസ്ഥാനത്തിൽ നിലകൊള്ളണം.അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ആരെങ്കിലും തന്നെ അബ്യൂസ് ചെയ്താൽ ,ഓ.കെ.എന്ന് കരുതുന്ന ആളായിരിക്കണം.അവർ നിങ്ങളുടെ പൗരൻമാരാണ് എന്ന് പരിഗണിക്കണം.എന്നാൽ, നിങ്ങളാരെയും അബ്യൂസ് ചെയ്യരുത്.എന്റെ തലമുറയിൽ ജവഹർ ലാൽ നെഹ്രുവോ വാജ്‌പേയിയോ ഇതുപോലെ ആരെയെങ്കിലും അപമാനിക്കും എന്ന് ഞാൻ കരുതുന്നില്ല.സാധ്യതയില്ല.എന്നാൽ ഇന്ന് നമ്മൾ ആ നിലയിലേക്ക് തരം താഴ്ത്തപ്പെട്ടിരിക്കുന്നു.

മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്നും പൗരസമൂഹത്തിന് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ജനങ്ങൾക്കറിയാം.ഇതിന്റെ സ്വാധീനം ന്യൂനപക്ഷങ്ങൾക്ക് മേലും പിന്നാക്ക വിഭാഗങ്ങൾക്ക് മേലും ദളിത് വിഭാഗങ്ങൾക്ക് മേലും ആദിവാസികൾക്ക് മേലും ഉണ്ട്.ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മേൽ നടക്കുന്നതെന്താണ് ? ഇതെല്ലാം നമ്മുടെ സാമ്പത്തിക മേഖലയെ കൂടിയാണ് ബാധിക്കുന്നത്.ഈ സാമ്പത്തിക ഘടനയുടെ അടിത്തട്ടിലുള്ള ജനവിഭാഗങ്ങൾ സഹിക്കുകയാണ്.സാമ്പത്തിക അസമത്വം വർധിച്ചിരിക്കുന്നു,അവർക്ക് ദൈനം ദിന ജീവിതം നയിക്കുന്നതിന് സാധിക്കുന്നില്ല.സാമ്പത്തിക രംഗത്ത് ഉൾക്കൊള്ളലില്ല.തുല്യതയില്ല.ജനങ്ങൾക്ക് വികസനത്തിൽ വേണ്ടത്ര പങ്ക് ലഭിക്കുന്നില്ല.ഈ സർക്കാരിന്റെ പ്രകടനം പ്രതീക്ഷിച്ചത്രയില്ല എന്ന് ജനങ്ങൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.20 മില്യൻ തൊഴിൽ നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു.എന്നാൽ ആ വാഗ്ദാനം എവിടെ പോയി ? കള്ളപ്പണം മുഴുവൻ തിരികെ കൊണ്ടു വരുമെന്ന് വാഗ്ദാനം നൽകിയിരുന്നു.എവിടെ പോയി.വിദ്യാഭ്യാസ രംഗം മുഴുവൻ സ്വകാര്യവൽക്കരിച്ചിരിക്കുന്നു.സ്‌കൂളുകൾ അടച്ചു പൂട്ടി.ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ആയിരക്കണക്കിന് സ്‌കൂളുകൾ പൂട്ടിയെന്ന് നിങ്ങൾ വിശ്വസിക്കുമോ. ഫീസ് വൻ തോതിൽ വർധിപ്പിച്ചിരിക്കുന്നു.എന്നാൽ ഗുണനിലവാരം തകർന്നിരിക്കുന്നു.സമ്പത്തിന്റെ വിതരണം താറുമാറായി.പണപ്പെരുപ്പം വർധിച്ചിരിക്കുന്നു.രൂപയുടെ മൂല്യം താഴ്ന്നു.പ്രകടനവും ചോദ്യ ചിഹ്നത്തിലാണ്.

വിദ്യാർഥികളുടെ പ്രതിഷേധമാണ് അടുത്ത വിഷയം.സമീപകാല ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി വിദ്യാർഥികൾ ധൈര്യം കാട്ടിയിരിക്കുന്നു.ഞങ്ങൾ ആരുടെയും ഭക്തരല്ല.ഞങ്ങൾക്ക് ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കണം.ഒരു രാജ്യം പ്രശ്‌നത്തിലായിരിക്കുന്നു.നിങ്ങൾ എന്താണ് ചെയ്യുന്നത് ?ഞങ്ങൾക്ക് ഉത്തരം ലഭിക്കണം.അതാണ് ഈ രാജ്യത്തെ യുവജനങ്ങൾ പറയുന്നത്.എന്റെ ഗ്രാന്റുകൾ മുറയ്ക്ക് ലഭിക്കുന്നില്ല.വിദ്യാഭ്യാസ നിലവാരം പാടെ താഴ്ന്നിരിക്കുന്നു.എനിക്ക് യുക്തമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ല.എനിക്ക് ഭാവിയില്ല.ഒരു ജോലി കിട്ടില്ല.നിങ്ങൾ ഞങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യുന്നത് ? എന്ന് വിദ്യാർഥികളും യുവാക്കളും ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.

അഞ്ചാമത്തെ വിഷയം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടതാണ്.സാങ്കേതിക വിദ്യ മാറിക്കൊണ്ടിരിക്കുന്നു. ഏ.ഐ,സാമൂഹ്യമാധ്യമങ്ങൾ-ഇതെല്ലാം നമ്മുടെ സമൂഹത്തിൽ സ്വാധീനമുണ്ടാക്കുന്നുണ്ട്.ഞാൻ പറഞ്ഞ ഈ 5 കാര്യങ്ങളും സമാന്തരമായി പോയിക്കൊണ്ടിരിക്കുന്നു.തിരഞ്ഞെടുപ്പ് ഇതിൽ ഒരു ഭാഗം മാത്രമാണ്.അതൊരു കഷ്ണം മാത്രമാണ്.ഈ 5 ഭാഗങ്ങളെയും ഒരുമിച്ച് കൈകാര്യം ചെയ്യണം.ജനാധിപത്യം പിടിച്ചെടുക്കൽ,സർക്കാരിന്റെ പ്രകടനം,ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആശങ്ക,വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ,ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ,സാങ്കേതിക വിദ്യയുടെ പ്രഭാവം തുടങ്ങിയ ഘടകങ്ങൾ ഒരുമിച്ച് ചേർക്കുമ്പോൾ,കാര്യങ്ങൾ വ്യക്തമാകും.

ഈ സമരത്തെ ബി.ജെ.പി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഇത് ഒരു രാജ്യവിരുദ്ധ സമരമായാണ്.സമരങ്ങൾക്ക് പിന്നിൽ വിദേശപണമുണ്ടെന്ന ആരോപണവും ഉയർത്തുന്നുണ്ട്.എന്താണ് അഭിപ്രായം?

സമരത്തിൽ ഇന്ത്യാ വിരുദ്ധത ഒട്ടുമില്ല.വിദ്യാർഥികൾ അവരുടെ ഭാവിയാണ് ആവശ്യപ്പെടുന്നത്.അതെങ്ങനെ ഇന്ത്യാ വിരുദ്ധതയാകും.ഇത്തരത്തിൽ പ്രചരിപ്പിക്കുന്നവർ എന്തും ചെയ്യും.അവരെന്ത് കഥയും മെനയും.എന്ത് ആശയക്കുഴപ്പവും ഉണ്ടാക്കും.നുണ പറയും.അവർ വിവരങ്ങളെ മാനിപ്പുലേറ്റ് ചെയ്യുകയാണ്.എന്റെ പരീക്ഷ നീതിയുക്തമായി നടക്കണമെന്ന് ഒരു വിദ്യാർഥി ആവശ്യപ്പെട്ടാൽ,എന്റെ ഭാവിക്ക് ഉറപ്പ് നൽകണമെന്ന് പറഞ്ഞാൽ,അവരെങ്ങനെ ഇന്ത്യാ വിരുദ്ധരാകും ?ഇന്ത്യാവിരുദ്ധരെന്ന് ആരോപിക്കാൻ തെളിവായി വിദേശത്ത് നിന്ന് ആരെങ്കിലും നൽകുന്ന 100 ഡോളർ കണ്ടെത്തും.എന്നിട്ട് വിദേശ ഫണ്ടെന്ന് വ്യാഖ്യാനിക്കും.ഏറ്റവും അടിസ്ഥാനപരമായ വിഷയമാണ് ശ്രദ്ധിക്കേണ്ടത്.അല്ലാതെ,പ്രധാന വിഷയത്തിൽ നിന്ന് നിങ്ങൾ വഴി മാറരുത്.തങ്ങൾക്ക് ഭാവിയില്ലെന്ന് നമ്മുടെ വിദ്യാർഥികൾക്ക് തോന്നുന്നു എന്നതാണ് പ്രധാന വിഷയം.അവർക്ക് ജോലിയില്ലെന്നും അവരുടെ സ്‌കൂളുകൾ നന്നായി നടക്കുന്നില്ലെന്നും അവർ കരുതുന്നു.വിദ്യാഭ്യാസം കൃത്യമായ തോതിലല്ലെന്ന് കരുതുന്നു.ഈ പശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാറുണ്ടോ ?നമ്മുടെ ഉച്ചഭക്ഷണ പദ്ധതി കുഴപ്പം കൂടാതെ നടക്കും എന്ന് പറയാൻ തയ്യാറുണ്ടോ.നമ്മുടെ എല്ലാ സ്‌കൂൾ കെട്ടിടങ്ങളും സുരക്ഷിതമാണെന്ന് പറയാൻ കഴിയുമോ ? പെൺകുട്ടികൾക്ക് ആവശ്യമായ ശൗചാലയങ്ങളുണ്ടോ ?എല്ലാവർക്കും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടോ ?സ്‌കൂൾ പെയിന്റടിച്ചിട്ടുണ്ടോ ? അധ്യാപകർ വന്ന് പഠിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടോ ? ഈ പ്രശ്‌നങ്ങൾ ആദ്യം പരിഹരിക്കു.

നേരത്തെ താങ്കൾ സൂചിപ്പിച്ചതു പോലെ,രാജ്യത്ത് യുവജനങ്ങൾ അസ്വസ്ഥരാണ്.അവർ പ്രക്ഷോഭരംഗത്താണ്.ഈ യുവജനപ്രക്ഷോഭങ്ങളെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്?

യുവജനമുന്നേറ്റം ലോകം മുഴുവൻ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവജനങ്ങൾ പ്രതിഷേധ രംഗത്തുണ്ട്.അവരെ ഞാൻ പിന്തുണക്കുന്നു. എല്ലാ കാര്യത്തിലും അവരുടെ സമീപനം ശരിയായിക്കൊള്ളണമെന്നില്ല.എന്നാൽ അവർക്ക് രാജ്യത്തെ സംവിധാനങ്ങൾക്കെതിരെ സംസാരിക്കാൻ കഴിയുന്നുണ്ട്.അതിന് കുറെ ധൈര്യം ആവശ്യമാണ്.ഇന്ത്യയിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് അത് ചെയ്യാൻ കഴിയുന്നത്.കാരണം,ഭൂരിപക്ഷം ആളുകളും ഭയത്തിലാണ്.വിദ്യാർഥികൾക്ക് ആ ഭയമില്ല.അവർ ധീരരാണ്.സർക്കാരിനെ എതിർക്കാൻ അവർക്ക് മടിയില്ല.ഈ നടപടികൾക്കിടയിൽ, ചില കുട്ടികൾ ചില അധിക്ഷേപങ്ങൾ ചെയ്തിട്ടുണ്ടാകാം.അതിൽ കുഴപ്പമില്ല.അവർ നമ്മുടെ കുട്ടികളാണ്.ഈ കുഞ്ഞുങ്ങളുടെ പുറകെ അന്വേഷണങ്ങളുമായി പോകേണ്ടതില്ല.ഉദാരമാകണം സമീപനം.അവരെ സ്നേഹിക്കണം.അവരെ പീഡിപ്പിക്കരുത്.

നമ്മൾ ലോകം മുഴുവൻ വിദ്യാർഥികളുടെ മുന്നേറ്റം കാണുകയാണ്.ഞങ്ങളെ ഭരണസംവിധാനം അവഗണിക്കുന്നുവെന്നാണ് പ്രതിഷേധിക്കുന്ന യുവാക്കളെല്ലാം അടിസ്ഥാനപരമായി പറയുന്നത്.എല്ലാവരും ചേർന്ന് ഞങ്ങളുടെ ഭക്ഷണം തട്ടിയെടുത്തിരിക്കുന്നു.പണക്കാർ കൂടുതൽ പണക്കാരായിരിക്കുന്നു,പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരായിരിക്കുന്നു.അധികാരമുള്ളവർ ഏകാധിപതികളായിരിക്കുന്നു.അവർ കൂടുതൽ അധികാരമുള്ളവരായിരിക്കുന്നു.ജനാധിപത്യത്തെ തരം താഴ്ത്തുന്നു.വികസനത്തിന്റെ നേട്ടങ്ങൾ വളരെ കുറച്ച് ആളുകളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നു.ഇതാണ് ഭരണകൂടങ്ങൾ നൽകുന്ന സന്ദേശം.റീ ഡിസൈൻ ദ വേൾഡ് എന്ന എന്റെ പുസ്തകത്തിൽ ഞാൻ ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.

നിലവിലുള്ള ചിന്താ രീതികൾ മാറ്റണം. മാറ്റുക.പവർ ആൻഡ് പ്രോഫിറ്റിൽ നിന്ന് പ്ലാനറ്റ് ആൻഡ് പീപ്പിൾ എന്ന തലത്തിലേക്ക് പരിവർത്തനം ചെയ്യണം.ശുദ്ധമായ ഊർജം പ്രദാനം ചെയ്യാൻ കഴിയണം.ശുദ്ധ ജലം,ഹരിതസാന്നിധ്യം,ആഗോള താപനം എന്നിവയിൽ ഫാക്കസ് ചെയ്യണം.നമ്മുടെ മാലിന്യങ്ങൾ നീക്കുക,പരിസ്ഥിതി സംരക്ഷിക്കുക,ഓരോ സംസ്ഥാനത്തെയും മണ്ണ് സംരക്ഷിക്കുക.എല്ലാവർക്കും അവരവരുടേതായ പരിസ്ഥിതി പ്രത്യേകതകളുണ്ട്.ഈ ഭൂമി മനുഷ്യർക്ക് വേണ്ടി മാത്രമുള്ളതല്ല.പ്ലാനറ്റ് എല്ലാവർക്കും വേണ്ടിയുള്ളതാണ്.മൃഗങ്ങൾ,പ്രാണികൾ,പക്ഷികൾ എന്നിവർക്കെല്ലാം ഇത് അവകാശപ്പെട്ടതാണ്.നമ്മൾ പ്ലാനറ്റിന്റെ ഭാഗമാണ്.

ഞാൻ താമസിക്കുന്ന ഷിക്കാഗോയിൽ കഴിഞ്ഞ ആഴ്ച ഒരു സംഭവമുണ്ടായി.ആയിരക്കണക്കിന് പക്ഷികൾ നഗരത്തിൽ പൊടുന്നനെ ചത്ത് വീഴുന്നു.വടക്കൻ മേഖലയിൽ നിന്ന് തെക്കൻ മേഖലയിലേക്ക് കുടിയേറിയ പക്ഷികളാണിവ.പറന്നു പറന്നവർ ഷിക്കാഗോ നഗരത്തിലെത്തി.എന്നാൽ നഗരത്തിലുള്ള വമ്പൻ കെട്ടിടങ്ങളുടെ ഗ്ലാസ് മേൽക്കൂരകളിലും ചുവരുകളിലും ഈ പക്ഷികൾ തട്ടി ചത്തു വീഴുന്ന സ്ഥിതിയായി.ഇതിലെന്ത് ചെയ്യാൻ കഴിയും ?ഗ്ലാസ് ചുവരുകളിൽ എന്തെങ്കിലും മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ കഴിയുമോ ? സാധ്യമാണ്.പക്ഷെ നമ്മൾ എല്ലാവരെക്കുറിച്ചും ശ്രദ്ധിക്കുന്നില്ല.എല്ലാവരുടെ കാര്യവും ശ്രദ്ധിക്കുന്നില്ല.കാരണം,നമ്മൾ ചിന്തിക്കുന്നു ആകാശം നമുക്ക് വേണ്ടി മാത്രമുള്ളതാണെന്ന്.ഇതാണ് ചിന്താരീതി.ജനങ്ങളെക്കുറിച്ചും ചിന്തിക്കുന്നില്ല.പണക്കാരായവരെക്കുറിച്ച് മാത്രമാണ് ചിന്ത.ആഗോള വികസന പശ്ചാത്തലത്തിൽ ആഫ്രിക്കയിലെ ജനങ്ങളെക്കുറിച്ച് ആരും ആലോചിക്കുന്നില്ല .അവരുടെ അസംസ്‌കൃത വസ്തുക്കളാണ് നമ്മൾ ഉപയോഗിക്കുന്നത്.പല രാജ്യങ്ങളിലും ജനാധിപത്യം സമഗ്രമല്ല.അമേരിക്കയിൽ ബ്ലാക്ക് വിഭാഗത്തിന്റെ പ്രാതിനിധ്യം വിഷയമാണ്.ഇന്ത്യയിൽ ദളിതുകൾ,ന്്യൂനപക്ഷങ്ങൾ,പിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയവർക്ക് ആവശ്യമായ പങ്ക് ലഭിക്കുന്നില്ല.അതു കൊണ്ടാണ് നമ്മൾ നമ്മുടെ ഫോക്കസ് പ്ലാനറ്റിലേക്കും ജനങ്ങളിലേക്കും മാറ്റണമെന്ന് ഞാൻ പറയുന്നത്.പ്ലാനറ്റ് എല്ലാവരുടേതുമാണ്.എല്ലാവരും തുല്യരാണ്.എനിക്ക് നിങ്ങളുടെ മതം ഏതാണെന്ന് അറിയേണ്ടതില്ല.എനിക്ക് ഈ വൈവിധ്യം ആഘോഷിക്കണം.കേരളത്തെ നോക്കു.കേരളം മറ്റ് സംസ്ഥാനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ വൈവിധ്യങ്ങൾ നിറഞ്ഞ പ്രദേശമാണ്.അസമും അരുണാചൽ പ്രദേശും കാശ്മീരുമൊക്കെ നോക്കു.വൈവിധ്യങ്ങളുടെ ഭൂമികളാണ്.ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കേണ്ടതാണ്.ഭക്ഷണം,ഭാഷ,സംസ്‌കാരം,ചരിത്രം എന്നിവയിലെല്ലാം വൈവിധ്യമുണ്ട്.യൂണിഫോമിറ്റിയല്ല നമ്മുടെ രീതി.

ശക്തമായ ഒരു പ്രതിപക്ഷം ജനാധിപത്യത്തിന് അനിവാര്യമാണ്.ഈ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും രാജ്യത്ത് ശക്തമായ പ്രതിപക്ഷത്തെ വാർത്തെടുക്കാൻ സഹായിക്കുമോ?

എല്ലാ ജനാധിപത്യത്തിലും ഒരു പ്രതിപക്ഷം വേണമെന്നാണ് ഞാൻ കരുതുന്നത്.പ്രതിപക്ഷം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഭാഗമാണ്.അത് നെഗറ്റീവല്ല.പോസിറ്റീവാണ്.സർക്കാർ എന്ത് ചെയ്യുന്നില്ല എന്ന് ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയാണ്.അതാണ് അവർ ചെയ്യുന്നത്.എല്ലാ ജനാധിപത്യ സംവിധാനത്തിലും പ്രതിപക്ഷം വളരെ പ്രധാനപ്പെട്ടതാണ്.ഇപ്പോൾ വിദ്യാർഥികളുടെയും യുവാക്കളുടെയും വിഷയത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുന്നു.അത് നല്ലതാണ്.അത് ഇന്ത്യക്ക് നല്ലതാണ്,സർക്കാരിന് നല്ലതാണ്,ജനാധിപത്യത്തിന് നല്ലതാണ്.കാരണം പരിശോധകളും വിലയിരുത്തലുകളുമുണ്ടാകണം.

തീർച്ചയായും.സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടേണ്ട ചുമതല പ്രതിപക്ഷത്തിന്റേതാണ്.അത് പ്രതിപക്ഷം ശരിയായി നിർവഹിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞാണോ സി.ജെ.പി എന്ന അരാഷ്ട്രീയ സംഘടനയുടെ കീഴിൽ യുവാക്കൾ അണിനിരന്നത് ?സി.ജെ.പി അത്തരത്തിൽ ഭരണപക്ഷത്തിന് മാത്രമല്ല,പ്രതിപക്ഷത്തിനും പാഠമല്ലേ?

രാജ്യത്തെ യുവാക്കളുടെ വികാരങ്ങൾ യഥാർഥത്തിൽ വേണ്ട രീതിയിൽ വ്യക്തമായി പ്രതിനിധീകരിക്കപ്പെട്ടിട്ടില്ല എന്നത് യാഥാർഥ്യമാണ്. കൊക്രോച് പാർട്ടി അത് നല്ല രീതിയിൽ അവതരിപ്പിച്ചു.അതിന് രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ പരാജയവും പേപ്പർ ചോർച്ചയും ഭാഗികമായി എണ്ണ പകർന്നു.ഒരു വർഷത്തിലേറെക്കാലം പരീക്ഷക്ക് വേണ്ടി തയ്യാറെടുത്ത ശേഷം പൊടുന്നനെ പരീക്ഷകൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ഞെട്ടിക്കുന്ന സംഭവമാണ്.പരീക്ഷകൾ മാനിപ്പുലേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു,പേപ്പറുകൾ ചോർത്തപ്പെട്ടിരിക്കുന്നു,കോച്ചിംഗ് സ്ഥാപനങ്ങൾ വലിയ വ്യവസായ സംവിധാനമായിരിക്കുന്നു.ലക്ഷ്യം മുഴുവൻ ലാഭത്തിലാണ്.ഇതിന്റെയെല്ലാം നേട്ടം ,ആരാണോ ഭരണപക്ഷത്തിരുന്ന് ഷോ നടത്തുന്നത്,അവർക്ക് തന്നെ.എന്നാൽ ഇതൊന്നും കാര്യമാക്കുന്നില്ലെന്ന് ഇന്നത്തെ കുട്ടികൾ പറയുന്നു.ഞങ്ങളുടെ ഭാവിയാണ് പ്രതിസന്ധിയിലായിരിക്കുന്നത് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.അതാണ് വിദ്യാർഥികളുടെ മൂവ്മെന്റ് പൊടുന്നനെ രൂപമെടുത്തതിന് കാരണമെന്നാണ് എനിക്ക് തോന്നുന്നത്.

എന്നാൽ വിദ്യാർഥിപ്രക്ഷോഭം വലിയ മുന്നേറ്റമായി വളർന്നപ്പോഴും മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് സി.ജെ.പിയോട് അകലം പാലിക്കുകയായിരുന്നു.എന്തിനാണ് സി.ജെ.പിയെ അകറ്റി നിർത്തുന്നത്?

ഇതിനിടയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഞാൻ കരുതുന്നില്ല.സി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടിയല്ല.അതൊരു മൂവ്മെന്റ് മാത്രമാണ്.കുട്ടികൾ അവരുടെ വിഷയങ്ങളുന്നയിച്ച് പ്രതിഷേധവും മുദ്രാവാക്യവും ഉയർത്തുന്നു.എന്നാൽ ഒരു രാഷ്ട്രീയ പാർട്ടി പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചല്ല അവർ അത് ചെയ്യുന്നത്.അങ്ങനെ പ്രതീക്ഷിക്കുന്നത് കൊക്രോച് ജനതാ പാർട്ടിക്ക് ഗുണകരവുമല്ല.ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് അവരുടെ വ്യക്തിത്വം ചേർത്ത് വയ്ക്കേണ്ടതില്ല.ഭാവിയിൽ നിലപാടുകളെല്ലാം പുറത്തു വരും.

തുടരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാവിയെന്താണ്.മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കുമോ? എന്തു തോന്നുന്നു?

എന്നെ സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി എന്നത് വലിയ വിഷയമല്ല.ഞാൻ ഇതിൽ ഒരു വിദഗ്ധനല്ല.എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രാജിവച്ചു കഴിഞ്ഞാൽ,പിശകുകൾ അംഗീകരിച്ചു കഴിഞ്ഞു എന്നാണർഥം.തിരഞ്ഞെടുപ്പിൽ തെറ്റുണ്ടെന്ന് നിങ്ങൾ അംഗീകരിച്ചു കഴിഞ്ഞാൽ,അതിനർഥം തിരഞ്ഞെടുപ്പ് ശരിയല്ല എന്നാണ്.തിരഞ്ഞെടുപ്പുകൾ ശരിയല്ലെങ്കിൽ,അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളൊന്നും ശരിയായി നടന്നിട്ടില്ല എന്നാണർഥം.ബംഗാളിലും മഹാരാഷ്ട്രയിലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമോ?

കേരളത്തിലും അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു.കോൺഗ്രസ് ഭരണമാണ്.അതും ഉൾപ്പെടില്ലേ?

അതെ,കേരളവുമുണ്ട്.ഞാൻ രണ്ട് സംസ്ഥാനങ്ങളുടെ ഉദാഹരണങ്ങൾ പറഞ്ഞു എന്നേയുള്ളു.ഇതിൽ നിന്ന് എന്താണ് ബാക്കിയാകുന്നത് എന്നതാണ് പ്രധാനചോദ്യം.തെറ്റുണ്ടായി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചാൽ,ഈ നിയമസഭാ തിരഞ്ഞടുപ്പുകൾ വീണ്ടും നടത്തേണ്ടി വരും എന്നാണ് എന്റെ അഭിപ്രായം.എന്നാൽ,ഇതെല്ലാം തന്നെ സങ്കീർണമായ നിയമവിഷയങ്ങളാണ്.ഞാനതിന് മറുപടി പറയാൻ യോഗ്യനല്ല.ഏതെങ്കിലും നിയമവിദഗ്ധർക്ക് പറയാൻ കഴിയും.സുപ്രീംകോടതി ഇടപെട്ടേക്കും.രാജ്യത്തിന് എന്താണ് നല്ലതെന്ന് സുപ്രീംകോടതി നിശ്ചയിക്കട്ടെ.ഭരണഘടനാ ലംഘനമുണ്ടോ ഇല്ലയോ എന്ന് അവർ തീരുമാനിക്കട്ടെ.കോടതി എന്ത് തീരുമാനിച്ചാലും ജനങ്ങൾ അതംഗീകരിക്കും.

എസ്.ഐ.ആർ ശരിയല്ലെങ്കിൽ കേരളം ഉൾപ്പടെയുള്ള സർക്കാരുകൾ രാജിവയ്ക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശർമ ആവശ്യപ്പെടുന്നു.എന്ത് പറയുന്നു?

ഈ ലോജിക് പൂർണമായും തെറ്റാണ്.തിരഞ്ഞെടുപ്പ് എങ്ങനെ നടത്തിയാലും ഇക്കുറി കേരളത്തിൽ കോൺഗ്രസ് ജയിക്കുമായിരുന്നു.വെറുതെ ആശയക്കുഴപ്പമുണ്ടാക്കുകയാണ്.ചർച്ച നടത്തുന്ന വിഷയങ്ങളിൽ ഫോക്കസ് കൊടുക്കണം.അതാണ് തിരഞ്ഞെടുപ്പ്.ആര് ജയിച്ചു,ആര് തോറ്റു എന്നതൊക്കെ പിന്നീട് ചർച്ച ചെയ്യാം.ഒരു ചർച്ചയിലേക്ക് മറ്റൊരു ചർച്ച വലിച്ചിഴയ്ക്കരുത്.അവിടെ നിന്ന് മതത്തിലേക്ക്,ഹിന്ദുത്വ വാദത്തിലേക്ക്,അവിടെ നിന്ന് രാമനിലേക്ക് അങ്ങനെയങ്ങനെ കൊണ്ടു പോകരുത്.ഇതൊക്കെ ശരിയാണോ ?സമരത്തിന്റെ ഇടവേളയിൽ രാഹുൽ ഗാന്ധി എന്തിനാണ് വിദേശത്തേക്ക് പോയതെന്നാണ് ഇതിനിടെ എല്ലാവരും ചർച്ച ചെയ്തത്.കുറച്ചു ദിവസം അവധി എടുക്കുന്നതു കൊണ്ട് എന്താണ് തെറ്റ്.രാഹുൽ ഒത്തിരി സമ്മർദ്ദത്തിലാണ്.എല്ലാ ദിവസവും അഞ്ഞൂറ് പേരെങ്കിലും അദ്ദേഹത്തെ കാണാൻ കാത്ത് നിൽക്കും.രാഹുലിന് മനസമാധാനം കിട്ടുന്നില്ല.അതുകൊണ്ട് ആ ചെറുപ്പക്കാരൻ കുറച്ചു ദിവസം അവധിയെടുത്ത് മാറി നിൽക്കട്ടെ.ധ്യാനം ചെയ്യട്ടെ.വിദേശരാജ്യങ്ങളിൽ പോലും തെരുവിൽ വച്ച് രാഹുലിനെ കണ്ടാൽ ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നവരേറെയുണ്ട്.ഈ സാഹചര്യത്തിൽ അദ്ദേഹത്തിന് കുറച്ച് സമയം അദ്ദേഹത്തിനായി ലഭിക്കണം.അതിന് എല്ലാവരും ആ വിഷയത്തിലേക്ക് ചാടി വീഴുന്നതെന്തിന്? പ്രധാനമന്ത്രി ചാടി വീഴുന്നു,ആഭ്യന്തരമന്ത്രി ചാടി വീഴുന്നു.നമ്മൾ എന്ത് തരത്തിലൂള്ള സമൂഹമാണ് ?നമുക്ക് ഉദാരത നഷ്ടമായോ?

വോട്ടിംഗ് യന്ത്രങ്ങളും വിവാദത്തിലാണ്.ബാലറ്റ് പേപ്പറാണ് വോട്ടിംഗ് യന്ത്രങ്ങളെക്കാൾ വിശ്വസനീയമെന്ന വാദം പലയിടങ്ങളിലും ഉയരുന്നുണ്ട്.രാജ്യത്തെ പ്രധാന സാങ്കേതിക വിദഗ്ധൻ എന്ന നിലയിൽ ഇക്കാര്യത്തിൽ വ്യക്തത നൽകാമോ? ഏതാണ് ശരി?

വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുണ്ടാക്കാൻ എളുപ്പമാണ് എന്നാണ് എന്റെ അഭിപ്രായം.അതിന്റെ ഡിസൈൻ 25 വർഷം പഴക്കമുള്ളതാണ് എന്നതാണ് പ്രധാന കാരണം.അത് കേവലം ഒരു ബോക്സ് മാത്രമല്ല.അതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നത് വളരെ പ്രധാന കാര്യമാണ്.25 വർഷം മുമ്പ് നിർമിച്ച യന്ത്രവിദ്യയാണ് ഇപ്പോഴും ഉപയോഗത്തിലുള്ളത്.ഇലക്ട്രോണിക്സിനെക്കുറിച്ച് എനിക്കറിയാവുന്ന പ്രധാന കാര്യം ,സോഫ്ട്വെയറുകൾ ഒരിക്കലും സുരക്ഷിതമല്ല എന്നതാണ് -പ്രത്യേകിച്ച് 25 വർഷം മുമ്പ് ഡിസൈൻ ചെയ്ത ഒരു സാങ്കേതിക വിദ്യയുടെ കാര്യത്തിൽ.ഇപ്പോൾ നിർമിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ പരിമിതികൾ മറി കടക്കാൻ സാധിക്കും.എന്നാൽ 25-30 വർഷം മുമ്പുള്ള സാങ്കേതിക വിദ്യയെക്കുറിച്ച് എനിക്കത്ര ഉറപ്പില്ല.പേപ്പർ ബാലറ്റ് എക്കാലത്തും കൂടുതൽ വിശ്വസനീയമാണ്. കാരണം ശേഖരിച്ചു വയ്ക്കാവുന്ന ഒരു ചരിത്രം പേപ്പർ ബാലറ്റിനുണ്ട്.ജർമൻ സുപ്രീംകോടതിയെ നോക്കു.ഒരു കാലത്തും തിരഞ്ഞെടുപ്പിൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ അനുവദിക്കില്ല എന്ന് ജർമൻ കോടതി നിലപാടെടുത്തു.കാരണം,സാങ്കേതിക വി്ദ്യ എങ്ങനെ വേണമെങ്കിലും മാനിപ്പുലേറ്റ് ചെയ്യാൻ കഴിയും.അതിനാൽ വോട്ടിംഗ് യന്ത്രങ്ങൾ പാഴ് വസ്തുവാക്കി ഉപേക്ഷിക്കുകയും പകരം പേപ്പർ ബാലറ്റ് ഏർപ്പെടുത്തുകയും വേണം. ഏ.ഐ.യുടെയും സഹായം തേടാം.

ദേശീയ തലത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും കൈകോർക്കുന്നു.കേരളത്തിൽ ഇരുപക്ഷവും പരസ്പരം പോരാടുന്നു.ഇതിനെ ബി.ജെ.പി നിരന്തരം പരിഹസിക്കുന്നുണ്ട്.എന്ത് പറയുന്നു?

അതിനെന്താ കുഴപ്പം? നിങ്ങൾക്ക് ജീവിതത്തിൽ വൈരുധ്യങ്ങളുണ്ടാകും.ജീവിതമെന്നത് പൂർണമായും വൈരുധ്യങ്ങളുടേതാണ്.പക്ഷെ നിങ്ങൾ എപ്പോഴും മറ്റൊരാളുമായി സഹകരിക്കാൻ തയ്യാറായിരിക്കണം.നിങ്ങൾ എന്തു കൊണ്ട് ഉള്ളിലേക്ക് നോക്കുന്നില്ല.നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യു.മറ്റുള്ളവർ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കട്ടെ.

Content Highlights: Sam Pitroda discusses India's tech revolution, election controversies, and the role of the judiciary in upholding democracy in an exclusive interview.