പുസ്തക വിവാദം: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വീട് ആക്രമിച്ചെന്ന് പരാതി

നൈനിറ്റാള്‍ (ഉത്തരാഖണ്ഡ്): മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ നൈനിറ്റാളലെ വീടിനുനേരെ ആക്രമണമുണ്ടായെന്ന് പരാതി. 'സണ്‍റൈസ് ഓവര്‍ അയോധ്യ; നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ്' എന്ന ഖുര്‍ഷിദിന്റെ പുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണിത്. പുസ്തകത്തില്‍ ഹിന്ദുത്വയെ ഭീകരസംഘടനയായ ഐഎസ്‌ഐഎസ്സുമായി താരതമ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. ആക്രമണം നടന്നതിന്റെ ദൃശ്യങ്ങള്‍ ഖുര്‍ഷിദ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പുറത്തുവിട്ടത്.
സംഭവത്തെ ശക്തമായി അപലപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ അസഹിഷ്ണുത വര്‍ധിച്ചുവരുന്നതിനെ ഭരണത്തിലുള്ളവര്‍ ശക്തമായി അപലപിക്കേണ്ടതാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.
ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. പുസ്തകം ഹിന്ദുമത വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്തുമെന്നും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ ആരോപിച്ചിരുന്നു. പുസ്‌കതത്തില്‍ ഹിന്ദുത്വയെ ഐഎസ്സുമായി താരമത്യം ചെയ്തത് ഹിന്ദു മതത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി ലെഫ്. ജനറല്‍ അനില്‍ ബെയ്ജാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ക്കയച്ച കത്തില്‍ ഹിന്ദു സേനാ പ്രസിഡന്റ് ആരോപിച്ചിരുന്നു.
Content Highlights: