ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ഉടൻ; ക്രിസ്തുമസ് അവധിക്ക് മുമ്പെന്ന് ജസ്റ്റിസ് നാഗരത്ന

#ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ്
പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും മുൻപ് അയ്യപ്പ ഭക്തൻ, തന്റെ മാലയിലുള്ള  അയ്യപ്പന്റെ രൂപത്തിൽ ചന്ദനം തൊടുന്നു  | ഫോട്ടോ: അരവിന്ദ്‌ ലെനിൻ / മാതൃഭൂമി
പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും മുൻപ് അയ്യപ്പ ഭക്തൻ, തന്റെ മാലയിലുള്ള അയ്യപ്പന്റെ രൂപത്തിൽ ചന്ദനം തൊടുന്നു | ഫോട്ടോ: അരവിന്ദ്‌ ലെനിൻ / മാതൃഭൂമി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിലെ ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി ജസ്റ്റിസ് ബി.വി. നാഗരത്ന. ക്രിസ്തുമസ് അവധിക്ക് കോടതി പിരിയുന്നതിനു മുമ്പ് വിധി ഉണ്ടാകുമെന്ന സൂചനയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന നൽകിയത്. ഡിസംബർ 18ന് ആണ് സുപ്രീം കോടതിയുടെ ക്രിസ്തുമസ് അവധി ആരംഭിക്കുന്നത്.

സ്വവംശ വിവാഹ രീതി പാലിക്കാത്തവരെ സമുദായത്തിൽ നിന്ന് പുറത്താക്കുന്ന ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ നടപടിക്കെതിരായ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന ശബരിമല വിധി ഉടൻ ഉണ്ടാകുമെന്ന സൂചന നൽകിയത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധിയുമായി ബന്ധപ്പെട്ടതാണ് ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ കേസെന്ന് സീനിയർ അഭിഭാഷകൻ ആര്യാമ സുന്ദരം ചൂണ്ടിക്കാട്ടി.

തുടർന്നാണ് ക്രിസ്തുമസ് അവധിക്ക് മുമ്പ് ശബരിമല കേസിലെ വിധി ഉണ്ടാകുമെന്ന് ജസ്റ്റിസ് നാഗരത്ന അറിയിച്ചത്. ക്നാനായ കത്തോലിക്കാ സമുദായവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് നാഗരത്നയുടെ ബെഞ്ച് ജനുവരിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ശബരിമല കേസിൽ വാദം കേട്ടത്. ഈ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്നയും അംഗമായിരുന്നു.