65000രൂപ ശമ്പളത്തിൽ മക്കൾക്ക് US വിദ്യാഭ്യാസം; CJP സ്ഥാപകന്റെ പിതാവിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യം

സൂറത്ത്: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവ് ഭഗവാൻറാവു ദിപ്കെയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.
മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (എംഐഡിസി) ജൂനിയർ എൻജിനീയറായ ഭഗവാൻറാവുവിന് ഏകദേശം 60,000-65,000 രൂപയാണ് മാസശമ്പളമെന്നും ഈ ചെറിയ തുക ഉപയോഗിച്ച് എങ്ങനെയാണ് മക്കളുടെ അമേരിക്കയിലെ പഠനത്തിനുള്ള ഭീമമായ ചിലവ് വഹിക്കാൻ സാധിച്ചതെന്നുമാണ് തിവാരി ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തിൽ അനധികൃത സ്വത്ത് സമ്പാദനമുണ്ടോ എന്ന് മഹാരാഷ്ട്ര സർക്കാർ വിശദമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭഗവാൻറാവുവിന്റെ സാമ്പത്തിക ഇടപാടുകൾക്ക് പുറമേ, കോക്രോച്ച് ജനതാ പാർട്ടിയുടെ നിയമസാധുതയെക്കുറിച്ചും തിവാരി പരാതികൾ നൽകിയിട്ടുണ്ട്. രാജ്യസഭാ എംപി കപിൽ സിബൽ പാർട്ടിക്ക് വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ ഫണ്ടിനെക്കുറിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന് അദ്ദേഹം പരാതി നൽകി. ഈ തുകയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തണമെന്നാണ് തിവാരിയുടെ ആവശ്യം. കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ രജിസ്റ്റർ ചെയ്യാതെ രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുകയും വൻതോതിൽ സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 29A വകുപ്പിന്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, സിബിഐസി, മഹാരാഷ്ട്ര സർക്കാർ എന്നിവർക്ക് തിവാരി പരാതികൾ സമർപ്പിച്ചു. സിജെപി ഒരു രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയല്ലെങ്കിലും ഒരു കോടി രൂപയുടെ ഫണ്ട് കൈപ്പറ്റുന്നുണ്ടെന്നും, ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള സിജെപിയുടെ പ്രതിഷേധങ്ങളോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും, സമരത്തിന്റെ മറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിക്കുന്ന നിലപാടാണ് പ്രവർത്തകർ സ്വീകരിച്ചതെന്ന് തിവാരി കുറ്റപ്പെടുത്തി. വിദേശ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധങ്ങളെക്കുറിച്ച് തെറ്റായ രീതിയിൽ സംസാരിച്ചതായും അദ്ദേഹം ആരോപിച്ചു. പ്രതിഷേധത്തിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് മാറി വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പ്രക്ഷോഭം കടന്നത് അംഗീകരിക്കാനാവില്ലെന്നും, ഇതിനെതിരെ നടപടി വേണമെന്നും അമിത് തിവാരി ആവശ്യപ്പെട്ടു.
Content Highlights: An RTI activist files complaints against CJP founder Abhijeet Dipke and his father over alleged disproportionate assets and funding.