മോദി പറഞ്ഞ ‘ദിമാഗി നക്സലുകൾ’ക്ക് ഉത്തമ ഉദാഹരണമാണ് സോണിയയുടെ നേതൃത്വത്തിൽ UPA കാലത്ത് നടന്നത് - RSS

ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച 'ദിമാഗി നക്സലുകൾ' എന്ന പദത്തെ വിശദലനം ചെയ്ത് കോൺഗ്രസുമായി ബന്ധപ്പെടുത്തി ആർഎസ്എസ് മാസികയായ ഓർഗനൈസർ. മുൻ യു.പി.എ. സർക്കാരിന്റെ കാലത്ത് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള നാഷണൽ അഡ്വൈസറി കൗൺസിൽ (NAC), 'ദിമാഗി നക്സലുകൾ' ഭരണകൂടത്തെ കൈയടക്കിയതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ഓർഗനൈസർ ആരോപിച്ചു.
‘നഗരങ്ങളിൽ രഹസ്യമായി പ്രവർത്തിക്കുകയും വിദ്യാർത്ഥികൾ, സ്ത്രീകൾ, തൊഴിലാളികൾ, കർഷകർ, പട്ടികജാതിക്കാർ, പട്ടികവർഗ്ഗക്കാർ, 'സ്വയം പ്രഖ്യാപിത ഭൂരിപക്ഷേതര വിഭാഗങ്ങൾ' എന്നിവരുടെ പേരിൽ ഒന്നിലധികം സംഘടിത സംഘടനകൾ ഉണ്ടാക്കുന്നവരാണ് 'ദിമാഗി നക്സലുകൾ' എന്നും മാവോയിസ്റ്റ് രേഖകൾ ഉദ്ധരിച്ച് ഓർഗനൈസർ അവകാശപ്പെടുന്നു.
ഇവർ മറ്റുസംഘടനകളിൽ നുഴഞ്ഞുകയറുകയും രഹസ്യമായ രീതിയിൽ അജണ്ട രൂപീകരിക്കുകയും ചെയ്യും.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ നാഷണൽ അഡ്വൈസറി കൗൺസിൽ എന്നത് ഭരണകൂടത്തിലേക്ക് ദിമാഗി നക്സലുകൾ നടത്തിയ ക്ലാസിക് കൈയേറ്റമായിരുന്നു' - 'ദിമാഗി നക്സലുകളെ ഡീകോഡ് ചെയ്യുകയും പരാജയപ്പെടുത്തുകയും ചെയ്യുക' എന്ന തലക്കെട്ടിലുള്ള ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നു.
ഉദ്യോഗസ്ഥവൃന്ദം, നയരൂപീകരണ സംവിധാനം, നിയമവ്യവസ്ഥ, അക്കാദമിക് രംഗം, മാധ്യമങ്ങൾ, എൻ.ജി.ഒ. എന്നിവയിലേക്ക് നുഴഞ്ഞുകയറുക എന്നത് അവരുടെ വിപ്ലവകരമായ തന്ത്രത്തിന്റെ ഭാഗമാണെന്നും ആർഎസ്എസ് മാസിക അവകാശപ്പെടുന്നു.
'അവർ തോക്കുധാരികളല്ല, പകരം പ്രശസ്ത ചരിത്രകാരന്മാർ അല്ലെങ്കിൽ ബുദ്ധിജീവികൾ, അവാർഡ് നേടിയ സാഹിത്യകാരന്മാർ, നിയമ വിദഗ്ധർ, മനുഷ്യാവകാശ പ്രവർത്തകർ, സ്വതന്ത്ര മാധ്യമപ്രവർത്തകർ, സെലിബ്രിറ്റി നടന്മാരോ നടികളോ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയ ലേബലുകൾ ഉപയോഗിക്കുന്നു' - മാസികയിൽ ആരോപിച്ചു.
ഓഗസ്റ്റ് 15-ന് 80-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാമന്ത്രി മോദി ‘ദിമാഗി നക്സലുകൾ’ എന്ന പദം ഉപയോഗിച്ചത്. സിസ്റ്റത്തിൽ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നവരും നയങ്ങളിൽ കൃത്രിമം കാണിച്ച് സമൂഹത്തിന് തുടർച്ചയായി ഭീഷണി ഉയർത്തുന്നവരുമായ 'ദിമാഗി നക്സലുകളെക്കുറിച്ച്’ മുന്നറിയിപ്പ് നൽകിയ മോദി, പൗരന്മാർ അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വനങ്ങളിൽ നിന്ന് സായുധ നക്സലിസത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം വിജയിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, എന്നാൽ അതിന്റെ സൈദ്ധാന്തിക പിന്തുണക്കാർ അക്രമവും അരാജകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങൾ തേടുന്നുണ്ടെന്നും തന്റെ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: RSS magazine Organiser explains PM Modi's 'Dimagi Naxals' term from his 80th Independence Day speech., Claims Sonia Gandhi's National Advisory Council (NAC) during UPA was a classic example of takeover by Dimagi Naxals., Describes urban Naxals as intellectuals, activists, and academics infiltrating key institutions without carrying guns., PM Modi had warned citizens to identify and isolate ideological supporters of Naxism who promote anarchy.