'ഒന്നേകാൽ കോടി ഹിന്ദുക്കൾ പോരാടാൻ തീരുമാനിച്ചാൽ...'; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി ആർഎസ്എസ്‌

#ന്യൂസ് ഡെസ്ക്
മോഹന്‍ ഭാഗവത് | Photo: PTI
മോഹന്‍ ഭാഗവത് | Photo: PTI

മുംബൈ: ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷത്തിൽ പ്രതിസന്ധിയിലായ ഹിന്ദുക്കളുടെ ദുരിതത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അവിടെയുള്ള ഹിന്ദുക്കൾ അതിജീവനത്തിനായി പോരാടാൻ തീരുമാനിച്ചാൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ പിന്തുണ അവർക്കുണ്ടാകുമെന്ന്‌ ഭാഗവത് മുന്നറിയിപ്പ് നൽകി.

മുംബൈയിലെ നെഹ്റു സെന്ററിൽ സംഘ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'സംഘയാത്രയുടെ 100 വർഷം: പുതിയ ചക്രവാളങ്ങൾ' എന്ന രണ്ടു ദിവസത്തെ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കവെയായിരുന്നു ഭാഗവതിന്റെ മുന്നറിയിപ്പ്. 'ബംഗ്ലാദേശിൽ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവർ അവിടെ നിലയുറപ്പിച്ച് പോരാടാൻ തീരുമാനിച്ചാൽ ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കളും അവരെ സഹായിക്കും.' അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ നേതൃത്വം നൽകിയ 'ജൂലൈ പ്രക്ഷോഭം' എന്നറിയപ്പെടുന്ന പ്രക്ഷോഭത്തിനു പിന്നാലെ 2024 ഓഗസ്റ്റ് അഞ്ചിന് അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടിരുന്നു. അന്ന് തുടങ്ങിയ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇന്ത്യാ വിരുദ്ധ തീവ്രവാദ വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്നാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. ഇതുമായി ബന്ധപ്പെട്ടാണ്, ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് പിന്തുണ നൽകുമെന്ന തരത്തിൽ ആർഎസ്എസ് മേധാവിയുടെ മുന്നറിയിപ്പ്.

ഇത്തരം വിഷയങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞകാലങ്ങളിൽ ജനസംഖ്യാ കണക്കുകൾ കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടങ്ങൾ വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല. ജനനനിരക്കും അനധികൃത കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

'ജനസംഖ്യയിലെ മാറ്റങ്ങളെക്കുറിച്ച് മുൻപ് സർക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. ജനനനിരക്കും അനധികൃത കുടിയേറ്റവുമാണ് കാരണങ്ങൾ. ഇപ്പോൾ സർക്കാർ നടപടി സ്വീകരിച്ചു തുടങ്ങിയതുകൊണ്ട് അക്കാര്യത്തിൽ നമ്മൾ വിജയിക്കും.' ഇനി ഇന്ത്യയെ ദുർബലപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഇന്ത്യയെ ഇപ്പോൾ തകർക്കാൻ കഴിയില്ല. ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവരെ ഇന്ത്യ തകർക്കും. ആർഎസ്എസ് ഫണ്ടുകളെക്കുറിച്ച് ആളുകൾക്ക് ജിജ്ഞാസയുണ്ട്. ഞങ്ങൾ പ്രവർത്തകരിൽനിന്ന് ഫണ്ട് സ്വരൂപിക്കുന്നു. യാത്ര ചെയ്യുമ്പോൾ ഭക്ഷണം വാങ്ങുന്നതിന് പകരം ഞങ്ങൾ ഉച്ചഭക്ഷണം ആവശ്യപ്പെടുന്നു. ഹോട്ടലുകളിൽ താമസിക്കുന്നതിന് പകരം ഞങ്ങൾ പ്രവർത്തകരുടെ വീടുകളിൽ താമസിക്കുന്നു.' അദ്ദേഹം പറഞ്ഞു.

'ഏത് ജാതിയിൽപ്പെട്ടവർക്കും ആർഎസ്എസ് തലവനാകാം. പട്ടികജാതി-വർഗ്ഗക്കാർക്ക് അയോഗ്യതയില്ല, ബ്രാഹ്‌മണർക്ക് പ്രത്യേക യോഗ്യതയുമില്ല. തുടക്കത്തിൽ ബ്രാഹ്‌മണരെ ഉൾക്കൊണ്ടാണ് സംഘം തുടങ്ങിയതെങ്കിലും ഞങ്ങൾ എല്ലാ ജാതികൾക്കുമായി പ്രവർത്തിക്കുന്നു.' അദ്ദേഹം പറഞ്ഞു.

'മുസ്ലിം പ്രദേശങ്ങളിലെ വെല്ലുവിളികൾ പ്രതികരിക്കാതെ കൈകാര്യം ചെയ്യുന്നതാണ് ഞങ്ങളുടെ രീതി. അവർക്ക് മോശം വാക്കുകൾ ഉപയോഗിക്കാം, പക്ഷേ ഞങ്ങൾ പ്രതികരിക്കുന്നില്ല. അതുകൊണ്ടുതന്നെ സംഘർഷം വർധിക്കില്ല. സംഘം ആർക്കുമെതിരെ അല്ല. അതിന് അധികാരമോ സമ്മർദ്ദ ഗ്രൂപ്പായി പ്രവർത്തിക്കാനോ ആഗ്രഹിക്കുന്നില്ല. അതിന്റെ ലക്ഷ്യം സമൂഹത്തെ ഒന്നിപ്പിക്കുക മാത്രമാണ്.' അദ്ദേഹം പറഞ്ഞു.

Content Highlights: RSS Chief Mohan Bhagwat states that if Hindus in Bangladesh fight for rights, they will get worldwide support. Discusses India`s population, RSS funding & inclusivity.