'നാം രണ്ട്, നമുക്ക് മൂന്ന്; മൂന്നിൽ താഴെ ജനനനിരക്കുള്ള സമുദായങ്ങൾ പതിയെ ഇല്ലാതാകും, മതംമാറ്റം ആശങ്ക'

ന്യൂഡൽഹി: ഓരോ ഇന്ത്യൻ ദമ്പതിമാർക്കും മൂന്ന് കുട്ടികൾ വീതം വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യാപരമായ മാറ്റത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെയായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന.
മൂന്നിൽ താഴെ ജനനനിരക്കുള്ള സമുദായങ്ങൾ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധർ പറയുന്നതായി ഭാഗവത് അവകാശപ്പെട്ടു. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അതിനാൽ, ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി മൂന്ന് കുട്ടികൾക്ക് ജന്മം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരിയായ പ്രായത്തിൽ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാകുകയും ചെയ്യുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികൾ അഹംഭാവത്തെ നിയന്ത്രിക്കാൻ പഠിക്കും. ഇത് ഭാവിയിൽ അവരുടെ കുടുംബജീവിതത്തിൽ അസ്വസ്ഥതകളുണ്ടാകാതിരിക്കാൻ സഹായിക്കും.
ജനസംഖ്യ ഒരു അനുഗ്രഹവും ഭാരവുമാകാം. അതിനാലാണ് ജനസംഖ്യാ നയം നിലനിൽക്കുന്നത്. ജനസംഖ്യ നിയന്ത്രിതവും അതേസമയം പര്യാപ്തവുമാണെന്ന് ഉറപ്പാക്കാൻ, ഓരോ കുടുംബത്തിനും മൂന്ന് കുട്ടികളുണ്ടാകണം, എന്നാൽ അതിൽ കൂടുതൽ വേണ്ടയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സമുദായങ്ങളിലും ജനനനിരക്ക് കുറയുന്നുണ്ടെന്നും ഹിന്ദുക്കളിൽ ഇത് എല്ലായ്പ്പോഴും കുറവായതുകൊണ്ട് കൂടുതൽ പ്രകടമാണെന്നും ഭാഗവത് പറഞ്ഞു.
ജനസംഖ്യാപരമായ മാറ്റം ഒരു ആശങ്കയാണെന്നും ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ ഒരു പ്രധാന കാരണം മതംമാറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ എല്ലാ രാജ്യങ്ങളിലും ഒരു ആശങ്കയാണ്, കാരണം ജനസംഖ്യയേക്കാൾ സംശയം ജനിപ്പിക്കുന്നത് ഉദ്ദേശ്യശുദ്ധിയാണ്. ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്ന് മതംമാറ്റമാണ്, അത് ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമല്ല. ഭാഗവത് പറഞ്ഞു.
Content Highlights: Mohan Bhagwat emphasizes the importance of three children per family for demographic balance