'ഗുജറാത്തികളും രാജസ്ഥാനികളുമില്ലെങ്കില്‍ മഹാരാഷ്ട്ര ഒന്നുമല്ല'; വിവാദ പരാമര്‍ശവുമായി ഗവര്‍ണര്‍

ഭഗത് സിങ് കോഷ്യാരി | Photo: ANI
ഭഗത് സിങ് കോഷ്യാരി | Photo: ANI

ന്യൂഡല്‍ഹി: മഹാരാഷ്ട്രയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി. ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുളളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയെ അപമാനിക്കുന്ന പരാമര്‍ശമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു.

'മഹാരാഷ്ട്രയില്‍നിന്ന് ഗുജറാത്തികളേയും രാജസ്ഥാനികളേയും ഒഴിവാക്കിയാല്‍ പിന്നെ  സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് ഒന്നും ബാക്കിയുണ്ടാവില്ല, പ്രത്യേകിച്ച് മുംബൈയിലും താനെയിലും. മുംബൈക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരാന്‍  കഴിയില്ല' - എന്നായിരുന്നു കോഷ്യാരിയുടെ പരാമര്‍ശം. മുംബൈയിലെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരാമര്‍ശം വിവാദമായതിന് പിന്നാലെ രാജ് ഭവന്‍  വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. മുംബൈയെ രാജ്യത്തിന്റെ സാമ്പത്തിക  തലസ്ഥാനമാക്കി മാറ്റുന്നതില്‍ രാജസ്ഥാനികളുടേയും ഗുജറാത്തികളുടേയും സംഭാവനകളെ പ്രകീര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് രാജ്ഭവന്‍ വിശദീകരിക്കുന്നു. 

രാജസ്ഥാനി-മര്‍വാരി വിഭാഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നേപ്പാള്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും ഉണ്ട്. ഇവര്‍ പോകുന്ന സ്ഥലങ്ങളില്‍ ബിസിനസ് മാത്രമല്ല ചെയ്യുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവ സ്ഥാപിച്ച് സാമൂഹികസേവനങ്ങളും അവര്‍ നടത്തുണ്ടെന്നാണ് ഗവര്‍ണര്‍ പറഞ്ഞതെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. 

ശിവസേനയിലേയും കോണ്‍ഗ്രസിലേയും നിരവധി നേതാക്കളാണ് ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്നത്. മറാത്തി വിഭാഗത്തിന്റെ അധ്വാനത്തേയാണ് ഗവര്‍ണര്‍ അപമാനിച്ചതെന്ന് ശിവസേന എംപി സഞ്ജയ്  റാവുത്ത് പറഞ്ഞു. ബിജെപി സ്‌പോണ്‍സര്‍ ചെയ്ത മുഖ്യമന്ത്രി അധികാരത്തില്‍ വന്നപ്പോള്‍ മറാത്തികള്‍ അപമാനിക്കപ്പെടുകയാണെന്നും  അദ്ദേഹം ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും സച്ചിന്‍ സാവന്തും ട്വീറ്റ് ചെയ്തു.

Content Highlights: Row Over Maharashtra Governor Bhagat Singh Koshyari's Remarks