പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ്: റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. പി.എഫ് റീജിയണൽ കമ്മീഷണർ ശദാക്ഷരി ഗോപാൽ റെഡ്ഡിയാണ് പുലകേശി നഗർ പോലീസിനോട് വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
സെഞ്ച്വറീസ് ലൈഫ്സ്റ്റൈൽ ബ്രാണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു സ്ഥാപനം ഉത്തപ്പ നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് പിടിച്ചിരുന്നെങ്കിലും നിക്ഷേപിച്ചിരുന്നില്ല. 23 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ കമ്പനി വെട്ടിച്ചതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതാണ് റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ കാരണം.
ഈ മാസം നാലിന് അയച്ച കത്തിൽ വാറണ്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് പി.എഫ് റീജിയണൽ കമ്മീഷണർ പോലീസിനോട് അറിയിച്ചു. എന്നാൽ പുലകേശിനഗറിലെ വസതിയിൽ ഉത്തപ്പ താമസിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വാറണ്ട് തിരിച്ചയച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തപ്പ കുടുംബസമേതം ദുബായിലാണ് താമസമെന്നാണ് വിവരം.
റോബിൻ ഉത്തപ്പയെ ഡിസംബർ 27നകം അറസ്റ്റ് ചെയ്യാനും വാറണ്ട് തിരികെ നൽകാനുമാണ് പോലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. 59 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഉത്തപ്പ ഇന്ത്യൻ പ്രീമിയർ ലീഗിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനും നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി ഉത്തപ്പ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ.
Content Highlights: Former Indian cricketer Robin Uthappa faces an arrest warrant