60 മണിക്കൂർ നീണ്ട വോട്ടെണ്ണൽ, ബിഹാർ MLC തിരഞ്ഞെടുപ്പിൽ നാടകീയ വിജയം നേടി RJD; BJP സീറ്റ് പിടിച്ചെടുത്തു

#ന്യൂസ് ഡെസ്ക്
ആര്‍ജെഡി നേതാവ് തേജസ്വി യാദവ് |ഫോട്ടോ:PTI
ആര്‍ജെഡി നേതാവ് തേജസ്വി യാദവ് |ഫോട്ടോ:PTI

പട്ന: ബിഹാർ എംഎൽസി തിരഞ്ഞെടുപ്പിൽ നാടകീയമായ വഴിത്തിരിവ്. ദർഭംഗ ഗ്രാജ്വേറ്റ്സ് മണ്ഡലം ബിജെപിയിൽനിന്ന് ആർജെഡി അവസാന നിമിഷം പിടിച്ചെടുത്തു. 60 മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവിൽ അവസാന ഘട്ടത്തിലെ മുൻഗണനാ വോട്ടുകളിലാണ് ആർജെഡി സ്ഥാനാർത്ഥി അനിൽ കുമാർ ഝാ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് എംഎൽസി സർവേഷ് കുമാറിനെയാണ് പരാജയപ്പെടുത്തിയത്.

ബിജെപി നിലനിർത്തുമെന്ന് ഉറപ്പിച്ച സീറ്റായിരുന്നു ഇത്. രണ്ടാം മുൻഗണനാ വോട്ടുകളിലുണ്ടായ അവസാന നിമിഷത്തെ മുന്നേറ്റത്തിലൂടെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ ലീഡ് മറികടന്നാണ് അനിൽ കുമാർ ഝാ വിജയിച്ചത്.

40 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഒക്ടോബർ 23-നായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ ബിജെപിയുടെ സർവേഷ് കുമാർ മുൻതൂക്കം നിലനിർത്തുകയും ആർജെഡി സ്ഥാനാർത്ഥിയെ പിന്നിലാക്കുകയും ചെയ്തു.

39-ാം റൗണ്ടിൽ ജനസുരാജ് പാർട്ടി സ്ഥാനാർത്ഥി മുഹമ്മദ് ഇംതിയാസ് നൂറാനി പുറത്താക്കപ്പെട്ടതോടെയാണ് വഴിത്തിരിവുണ്ടായത്. മൂന്നാം സ്ഥാനത്തേക്ക് ഉയർന്നുവന്ന സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

38-ാം റൗണ്ട് തീരുന്നതുവരെ സർവേഷ് കുമാർ 20,033 വോട്ടുകൾ നേടിയപ്പോൾ അനിൽ കുമാർ ഝായ്ക്ക് 19,029 വോട്ടുകളാണ് ലഭിച്ചിരുന്നത്. 1,004 വോട്ടുകളുടെ മുൻതൂക്കം സർവേഷ് കുമാർ നിലനിർത്തിയിരുന്നു. എന്നാൽ, മുൻഗണനാ വോട്ടുകളുടെ മാറ്റം സമവാക്യങ്ങളെ നാടകീയമായി മാറ്റിമറിച്ചു. നൂറാനിയെ പിന്തുണച്ചവരിൽ നിന്നുള്ള 2,900 വോട്ടുകൾ അനിൽ കുമാർ ഝായ്ക്ക് ലഭിച്ചപ്പോൾ സർവേഷ് കുമാറിന് 1,363 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത് ആർ.ജെ.ഡി സ്ഥാനാർത്ഥിക്ക് നിർണായക മുൻതൂക്കം നൽകുകയും അന്തിമ ഫലത്തിൽ അദ്ദേഹത്തെ മുന്നിലെത്തിക്കുകയും ചെയ്തു. വോട്ടർമാർക്ക് ഒരു സ്ഥാനാർത്ഥിയെമാത്രം തിരഞ്ഞെടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, എംഎൽസി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ അവരുടെ മുൻഗണന അനുക്രമത്തിൽ പട്ടികപ്പെടുത്താൻ സാധിക്കും. തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തുടർന്നുള്ളതുമായ ചോയ്സുകൾ ബാലറ്റിൽ രേഖപ്പെടുത്തുന്ന രീതിയാണിത്.

ഒരു നിശ്ചിത ഒന്നാം മുൻഗണനാ വോട്ടുകൾ നേടാൻ കഴിയാത്ത സ്ഥാനാർഥികളെ ഒഴിവാക്കപ്പെടുകയും അവർക്ക് വോട്ട് ചെയ്തവർ രണ്ടാമതായി പിന്തുണച്ചവർക്ക് ആ വോട്ടുകൾ എത്തിച്ചേരുകയും ചെയ്യും.

ബിഹാറിൽ എട്ട് എംഎൽസി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദർഭംഗയിലെ വിജയത്തോടെ ആർജെഡിക്ക് രണ്ട് സീറ്റുകളായി. ബിജെപിയും രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. ജൻ സുരാജ് പാർട്ടിയും ജനതാദൾ യുവും ഓരോ സീറ്റിലും രണ്ട് സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു.

പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎക്ക് വൻ ആധിപത്യമുള്ള സീറ്റാണ് ദർഭംഗ. 2019 ലും 2024 ലും ഈ സീറ്റ് നേടിയ ബി.ജെ.പി എം.പി ഗോപാൽ ജി താക്കൂറാണ് ദർഭംഗ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2024 ലെ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെ ലളിത് കുമാർ യാദവിനെ 1.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയും ജെ.ഡിയുവും ഈ ജില്ലയിലെ തങ്ങളുടെ സ്വാധീനം നിലനിർത്തുകയും, 10 നിയമസഭാ സീറ്റുകളിൽ ഒൻപതും നേടുകയും ചെയ്തു.

Content Highlights: RJD candidate Anil Kumar Jha snatched the Darbhanga Graduates MLC seat from BJP., Victory was secured after 60 hours of counting through dramatic preference votes transfer., BJP's sitting MLC Sarvesh Kumar was defeated in the final rounds., Bihar held elections for eight MLC seats in total.