റിവാൾഡോ നീയെവിടെ? ജനപ്രിയനായ കാട്ടുകൊമ്പനെ കാണാതായിട്ട് ഒന്നരമാസം

മസിനഗുഡി: മുതുമല കടുവസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പൻ റിവാൾഡോയെ കാണാതായിട്ട് ഒന്നരമാസം. കണ്ടെത്താൻ ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഊണും ഉറക്കവുമൊഴിഞ്ഞ് പരിശ്രമിക്കുകയാണ് തമിഴ്നാട് വനംവകുപ്പ്.
മുതുമലയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന റിവാൾഡോ നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ടവനാണ്. സങ്കേതത്തിന്റെ ഭാഗമായ മസിനഗുഡി മാവനള്ള, വാഴത്തോട്ടം മേഖലകളിലായിരുന്നു വിഹാരകേന്ദ്രം. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഇആർസി ദാവീദാരുടെ മകൻ മാർക്ക് ദാവീദാരുമായുള്ള അപൂർവസൗഹൃദമാണ് റിവാൾഡോയെ ജനകീയനാക്കിയത്. മസിനഗുഡിയിലെ മാർക്കിന്റെ വീടിനുസമീപത്തെ നിത്യസന്ദർശകനായിരുന്നു. റിവാൾഡോ എന്ന പേരിട്ടത്തും മാർക്ക്‌തന്നെ. ഒരിക്കൽ, മസ്തകത്തിൽ വെടിയേറ്റ മുറിവുമായി മുന്നിൽവന്ന ആനയെ അദ്ദേഹം ചികിത്സിച്ച് സുഖപ്പെടുത്തി. ഇരുവരും തമ്മിലുള്ള അടുപ്പം വന്യജീവി ഫോട്ടോഗ്രാഫർ എൻ.എ. നസീർ പകർത്തിയതോടെയാണ് പുറംലോകമറിഞ്ഞത്. 2011-ൽ മാർക്ക് അകാലത്തിൽ മരിച്ചതോടെ റിവാൾഡോ മസിനഗുഡിയിലെ ഗ്രാമങ്ങളിലെ നിത്യസന്ദർശകനായി. ചില പരാതികൾ വന്നതോടെ റിവാൾഡോയെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടിെവച്ച് മുതുമലയിലെ ആനക്യാമ്പിലെത്തിച്ചു. എന്നാൽ, റിവാൾഡോയെ തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് ആരാധകരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. മദ്രാസ് ഹൈക്കോടതി റിവാൾഡോയെ തിരികെ കാട്ടിലേക്ക് വിടുന്നത് പരിഗണിക്കാൻ ഉത്തരവിട്ടു. റേഡിയോ കോളറിട്ട് ഉൾക്കാട്ടിലേക്ക് തുറന്നുവിട്ടെങ്കിലും റിവാൾഡോ പിറ്റേദിന്നുതന്നെ തിരികെ മസിനഗുഡിയിലേക്കെത്തി. പിന്നെ വനംവാച്ചർമാരുടെ നിരീക്ഷണത്തിലായിരുന്നു.
അരിക്കൊന്പനും റിവാൾഡോയും
ചിന്നക്കനാലിൽ ജനവാസകേന്ദ്രങ്ങളിറങ്ങി വിലസിയ കാട്ടാന അരിക്കൊന്പനെ രക്ഷിച്ചത് റിവാൾഡോയാണെന്ന് വേണമെങ്കിൽ പറയാം. അരിക്കൊമ്പനെ പിടികൂടി കോടനാട്ടെ കൂട്ടിലടയ്ക്കാനായിരുന്നു വനംവകുപ്പിന്റെ ആദ്യതീരുമാനം. എന്നാൽ, റേഡിയോ കോളറിട്ട റിവാൾഡോയുടെ ജീവിതത്തെക്കുറിച്ചുള്ള മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട കേരള ഹൈക്കോടതി, റിവാൾഡോയെപ്പോലെ അരിക്കൊമ്പനെയും സംരക്ഷിക്കാൻ നിർദേശിച്ചു. റേഡിയോ കോളറിട്ട് വനമേഖലയിൽ തുറന്നുവിടാനുള്ള ഹൈക്കോടതി ഉത്തരവിലും റിവാൾഡോയുടെ പേരുണ്ട്.
ആദ്യകാലത്ത് മദപ്പാട് സമയത്ത് രണ്ടുമാസത്തോളം റിവാൾഡോ ഉൾക്കാട്ടിൽ പോകുമായിരുന്നു. കുറേവർഷങ്ങളായി ഈ ശീലംമാറി. ദിവസങ്ങൾക്കകം മടങ്ങിവരും. എന്നാൽ, ഒക്ടോബർ പകുതിയോടെ കാണാതായി തിരിച്ചുവരാതായതോടെയാണ് വനംവകുപ്പും നാട്ടുകാരും തിരച്ചിൽ തുടങ്ങിയത്. കടുവസങ്കേതത്തിന്റെ ഭാഗമായ മുഴുവൻ വനപ്രദേശത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് മുതുമല ബഫർ സോൺ ഡെപ്യൂട്ടി ഡയറക്ടർ എം. ഗണേശൻ പറഞ്ഞു.
Content Highlights: Search underway for beloved wild elephant Rivaldo, missing from Mudumalai Tiger Reserve for over a month. Drones and efforts are being made to find him.