CPM-ൽനിന്ന് തൃണമൂലിലേക്ക്, ആപ്പിൾ വാച്ചിൽ തുടങ്ങിയ വിവാദം, ഒടുവിൽ പുറത്തേക്ക്: ആരാണ് ഋതബ്രത ബാനർജി?

#ന്യൂസ് ഡെസ്ക്ക്
ഋതബ്രത ബാനർജി, മമത ബാനർജി | ഫോട്ടോ - എ.എൻ.ഐ.
ഋതബ്രത ബാനർജി, മമത ബാനർജി | ഫോട്ടോ - എ.എൻ.ഐ.

കൊൽക്കത്ത: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നീ രണ്ട് എം.എൽ.എ.മാരെ പുറത്താക്കിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്.  ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി പിന്തുണച്ചുകൊണ്ടുള്ള പാർട്ടിയുടെ കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് ഇരുവരും സ്പീക്കറോട് പരാതിപ്പെട്ടതായി മുഖ്യമന്ത്രി സുവേന്ദു അധികാരി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

മുൻപ് സി.പി.എം. വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ ഋതബ്രത, മമത ബാനർജിയാണ് യഥാർഥ ഇടതുപക്ഷ നേതാവെന്നാണ് അന്ന് അവകാശപ്പെട്ടിരുന്നത്. ഇപ്പോഴിതാ ടി.എം.സി.യും അദ്ദേഹത്തെ കൈയൊഴിഞ്ഞു. കൊൽക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്‌കൂളിലും അശുതോഷ് കോളേജിലും പഠിച്ച ഋതബ്രത എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ദീർഘകാലം തുടർന്നു. മുതിർന്ന ഇടതുപക്ഷ നേതാവും സി.പി.എം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച സീതാറാം യെച്ചൂരിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ, യുവാക്കൾക്ക് വലിയ പ്രാധാന്യം നൽകാതിരുന്ന അക്കാലത്തെ പാർട്ടിയിൽ ഋതബ്രതയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. 34-ാം വയസ്സിൽ രാജ്യസഭാ എം.പി.യായി.

എന്നാൽ പാർട്ടി തത്ത്വങ്ങൾക്ക് നിരക്കാത്ത ജീവിതരീതിയും (ആപ്പിൾ സ്മാർട്ട് വാച്ച് ധരിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി) പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ആരോപിച്ച് 2017-ൽ സി.പി.എം. ഋതബ്രതയെ സസ്പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. അക്കാലത്ത് സി.പി.എമ്മിനുള്ളിലെ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി പക്ഷങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളുടെ പ്രതിഫലനമായും ഈ പുറത്താക്കൽ വിലയിരുത്തപ്പെട്ടു. പുറത്താക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് നൽകിയ ഒരഭിമുഖത്തിൽ, പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, നിലവിലെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം എന്നിവർക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഋതബ്രത തുറന്നടിച്ചിരുന്നു. അതേ വർഷംതന്നെ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു ഗവേഷക അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. ഇവരുടെ വ്യക്തിപരമായ വീഡിയോ കോൾ ദൃശ്യങ്ങൾ പ്രചരിക്കുകകൂടി ചെയ്തതോടെ ഋതബ്രത പാർട്ടിയിൽ ഒറ്റപ്പെട്ടു.

പിന്നീട് ടി.എം.സി.യിലെത്തിയ അദ്ദേഹത്തിന് പാർട്ടിയുടെ തൊഴിലാളി സംഘടനയുടെ ചുമതല ലഭിച്ചു. 2024-ൽ ടി.എം.സി. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദേശംചെയ്തു. ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത ബി.ജെ.പി. തരംഗത്തിനിടയിലും ഉലുബേരിയ പൂർബ മണ്ഡലത്തിൽനിന്ന് ടി.എം.സി. സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു.

എന്നാൽ വിജയാനന്തരം ഡൽഹിയിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കാണുകയും പരസ്പരം കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന വീഡിയോ പ്രചരിച്ചത് വിവാദമായിരുന്നു. പിന്നാലെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിലെ ഒപ്പ് വ്യാജമാണെന്ന് അധികാരി പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ ടി.എം.സി. പാർട്ടിയിൽനിന്ന് പുറത്താക്കി പ്രസ്താവന ഇറക്കി. പാർട്ടി ഔദ്യോഗികമായി വിളിച്ചുചേർത്ത യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനാണ് നടപടിയെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഋതബ്രതയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Content Highlights: The Rise and Fall of Ritabrata Banerjee: A Political Odyssey