'ഒന്നുരണ്ട് ദിവസമൊക്കെ ഇറച്ചി കഴിക്കാതിരിക്കാം'; അറവുശാല പൂട്ടിയതിനെതിരായ ഹർജിക്കാരനോട് കോടതി

അഹമ്മദാബാദ്: അറവുശാല പൂട്ടിയ നടപടിയെ ചോദ്യംചെയ്ത പരാതിക്കാരനോട് വിചിത്ര നിർദേശവുമായി അഹമ്മദാബാദ് ഹൈക്കോടതി. ജെയ്‌ന മതവിശ്വാസികളുടെ ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 24-31 വരേയും സെപ്റ്റംബര്‍ നാല് മുതല്‍ ഒന്‍പത് വരേയും അറവുശാല തുറക്കരുതെന്ന അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം.
കോർപറേഷന്‍റെ ഉത്തരവ് ചോദ്യംചെയ്ത് കുല്‍ ഹിന്ദ് ജമാഅത്ത് അല്‍ ഖുറേഷ് ആക്ഷന്‍ കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്. ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണ് കോര്‍പ്പറേഷന്റെ നടപടിയെന്ന് ഹർജിക്കാർ ആരോപിച്ചു. എന്നാല്‍ ഒന്നുരണ്ട് ദിവസം മാംസം കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നുമായിരുന്നു ജസ്റ്റിസ് സന്ദീപ് ഭട്ട് അഭിപ്രായപ്പെട്ടത്.
അതേസമയം, ഭക്ഷണം കഴിക്കുന്നതിനെ സ്വയം നിയന്ത്രിക്കണോ വേണ്ടയോ എന്നതല്ല ഇവിടുത്തെ പ്രശ്‌നമെന്നും, ഇഷ്ടഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാർ പ്രതികരിച്ചു.
അഹമ്മദാബാദ് നഗരത്തിലുള്ള ഒരേയൊരു അറവുശാല ജെയ്‌ന മതത്തിന്റെ ഉത്സവമായ പര്യുഷാനിനെ തുടര്‍ന്നാണ് അടയ്ക്കാന്‍ കോര്‍പ്പറേഷന്‍ ഉത്തരവിടുകയായിരുന്നു.
Content Highlights: slaughterhouse, closure,amc, high court