ചെങ്കോട്ട സ്‌ഫോടനം; പ്രതി ഉമറിന്റെ ഉടമസ്ഥതയിലുള്ള ചുവന്ന ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തി. സ്‌ഫോടനക്കേസ് പ്രതി ഉമര്‍ ഉന്‍ നബിയുടെ ഉടമസ്ഥതയിലുള്ളതാണ് DL 10 CK 0458 നമ്പര്‍ ചുവന്ന ഇക്കോസ്പോര്‍ട്ട്. ഈ കാറിനായി വ്യാപക തിരച്ചില്‍ നടന്നിരുന്നു. ബുധനാഴ്ച ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാര്‍ കാണപ്പെട്ടത്. ഫരീദാബാദ് പോലീസാണ് കാര്‍ കണ്ടെത്തിയത്. അല്‍ ഫലാ സര്‍വകലാശാലയില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരത്തായാണ് കാര്‍ കണ്ടെത്തിയിട്ടുള്ളത്.
സ്ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ മറ്റൊരു വാഹനംകൂടി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. നേരത്തേ തിരിച്ചറിഞ്ഞ ഹ്യുണ്ടായ് ഐ20 കാറിനു പുറമെ പ്രതികള്‍ ചുവന്ന ഇക്കോസ്പോര്‍ട്ട് കാറും ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വ്യാപക തിരച്ചില്‍ നടന്നത്.
ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉമര്‍ ഈ വാഹനം ഉപയോഗിച്ചതായി സംശയിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. വ്യാജ വിലാസത്തിലാണ് കാര്‍ വാങ്ങിയതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഒരു വീടിന്റെ വിലാസമാണ് ഉമര്‍ കാര്‍ വാങ്ങുന്നതിനായി നല്‍കിയതെന്നും പോലീസ് ആ വിലാസത്തില്‍ രാത്രി വൈകി റെയ്ഡ് നടത്തിയതായും വൃത്തങ്ങള്‍ പറഞ്ഞു.
Content Highlights: Red EcoSport linked to Red Fort blast suspect Umar Un Nabi found abandoned in Faridabad. Police searching for a second vehicle used by suspects.