ടിഎംസി വിട്ട 20 എംപിമാരിൽ 17 പേരും ബിജെപിയിൽ ചേരും; കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ?

കൊൽക്കത്ത: മമതാ ബാനർജിയുടെ ടിഎംസിയിൽനിന്ന് തെറ്റിപ്പിരിഞ്ഞ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ)യിൽ ചേർന്ന 20 ലോക്‌സഭാ എംപിമാരിൽ 17 പേരും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ദുർഗാപൂജയ്ക്ക് മുൻപോ ശേഷമോ ആയിരിക്കും 17 എംപിമാർ ബിജെപിയിൽ ചേരുകയെന്ന് ടിഎംസി വിമതനേതാവും കൂച്ച് ബിഹാർ എംപിയുമായ ജഗദീഷ് ചന്ദ്ര ബർമ ബസുനിയ പറഞ്ഞു.
ഒക്ടോബറിലാണ് ദുർഗാപൂജ. ഒരുമിച്ച് ബിജെപിയിൽ ചേരാനാണ് എംപിമാർ തീരുമാനിച്ചിട്ടുള്ളതെന്നും അതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
ജൂൺ 14-നാണ് 20 ടിഎംസി വിമത എംപിമാർ എൻസിപിഐയുടെ ഭാഗമായതും കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും. പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഎംസി കനത്തപരാജയം നേരിട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇത്. ഇതര പാർട്ടികളെ അപേക്ഷിച്ച് ചെറുതും അത്രയൊന്നും അറിയപ്പെടാത്തതുമായ എൻസിപിഐയിലേക്കുള്ള ടിഎംസി എംപിമാരുടെ വരവ് വലിയ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് ജഗദീഷ്, സയോണി ഘോഷ്, ശതാബ്ദി റോയ് തുടങ്ങിയവർ ടിഎംസിവിട്ട് എൻസിപിഐയിലേക്ക് എത്തിയത്. അതോടെ ലോക്‌സഭയിലെ അഞ്ചാമത്തെ വലിയ രാഷ്ട്രീയപാർട്ടിയായി എൻസിപിഐ മാറുകയും ചെയ്തു.
ഈ സംഭവവികാസങ്ങൾ നടന്ന് മൂന്നുമാസത്തിനിപ്പുറമാണ് ഇരുപതിൽ 17 പേരും ബിജെപിയിലേക്കെത്തുന്നെന്ന വാർത്തവരുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള മൂന്ന് എംപിമാർ (അബു താഹിർ ഖാൻ, ഖലിയുർ റഹമാൻ, യുസുഫ് പഠാൻ) എന്നിവർ ഔദ്യോഗികമായി ബിജെപിയിൽ ചേരില്ലെന്നും പകരം പുറത്തുനിന്ന് എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നും ജഗദീഷ് ബസുനിയ കൂട്ടിച്ചേർത്തു
Content Highlights: Reports suggest that 17 out of 20 Lok Sabha MPs who left Mamata Banerjee's TMC for the Nationalist Citizens Party of India (NCPI) are likely to join the BJP around the time of Durga Puja.