പ്ലാസ്റ്റിക് നോട്ടുകൾ എത്തും, അടുത്ത സാമ്പത്തികവർഷം ആദ്യം; പ്രത്യേകതകൾ അറിയാം

മുംബൈ: രാജ്യത്ത് പ്ലാസ്റ്റിക് കറൻസി അടുത്ത സാമ്പത്തിക വർഷം ആദ്യത്തോടെ വിപണിയിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. 10, 20 രൂപയുടെ പോളിമർ കറൻസികൾ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യം പുറത്തിറക്കുക.
ഇത് അച്ചടിക്കുന്നതിനുള്ള പോളിമർ ലഭ്യമാക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. ടെൻഡർ പാസാക്കി ലഭിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയും സുരക്ഷാഫീച്ചറുകളും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷമേ എന്തെല്ലാം സുരക്ഷാ മുൻകരുതലുകൾ നോട്ടുകളിൽ ഉൾപ്പെടുത്താനാകുമെന്ന് അറിയാനാകൂ.
ഇക്കാര്യങ്ങൾ തീരുമാനിക്കുന്നമുറയ്ക്ക് വിവരങ്ങൾ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു. നിലവിലെ കറൻസികളെ അപേക്ഷിച്ച് പോളിമർ കറൻസികൾ കൂടുതൽ ഈടുനിൽക്കുന്നതാണ്.
കൂടുതലായി കൈമറിയുന്ന ചെറുതുകയുടെ കറൻസികൾക്കായിരിക്കും ഇത് ഏറെ അനുയോജ്യമാകുക. പേപ്പറിലുള്ള ചെറുതുകയുടെ കറൻസികളിൽ ഇടപാടുകൾ കൂടുതലായതിനാൽ വേഗത്തിൽ നശിക്കുന്നതാണ്.
30 വർഷത്തോളമായി പല രാജ്യങ്ങളും പ്ലാസ്റ്റിക് കറൻസികൾ ഉപയോഗിച്ചുവരുന്നുണ്ട്. അവിടങ്ങളിൽ ഇത് കൂടുതൽ ഈടുനിൽക്കുന്നതായി വ്യക്തമായിരുന്നു. പുതിയ സാഹചര്യത്തിൽ പെയ്‌മന്റ് സംവിധാനത്തിന്റെ ശേഷിയും സവിശേഷതകളും വികസിപ്പിക്കേണ്ടതുണ്ട്.
ഇതിന്റെ ഭാഗമായിക്കൂടിയാണ് പരീക്ഷണാടിസ്ഥാനത്തിൽ പോളിമർ കറൻസി വിപണിയിലെത്തിക്കുന്നതെന്നും ഗവർണർ പറഞ്ഞു. വിദേശ കറൻസിയിലെ നിക്ഷേപം ആകർഷിക്കുന്നതിനായി കൊണ്ടുവന്ന എഫ്.സി.എൻ.ആർ. (ബി) സ്കീം നേരത്തേ നിർത്തില്ലെന്നും ഗവർണർ വ്യക്തമാക്കി.
Content Highlights: RBI plans to introduce polymer currency notes by early 2026 fiscal year. Initial rollout will feature 10 and 20 rupee denominations on a trial basis. Plastic currency offers superior durability compared to paper notes. Tender process for polymer material and security feature evaluation is underway.