അതീവരഹസ്യ നടപടികൾ; 6 മാസത്തിനിടെ വിദേശത്തുനിന്ന് ഇന്ത്യ തിരിച്ചെത്തിച്ചത് 64 ടൺ സ്വർണം; RBI-യുടെ കൈവശം ആകെ 880 ടൺ

മുംബൈ: കരുതൽശേഖരത്തിലുള്ള കൂടുതൽ സ്വർണം ഇന്ത്യയിലേക്കു മാറ്റി റിസർവ് ബാങ്ക്. നടപ്പുസാമ്പത്തികവർഷം ആറു മാസത്തിനിടെ 64 ടൺ സ്വർണമാണ് ആർബിഐ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുപ്രകാരം റിസർവ് ബാങ്കിന്റെ കൈവശം 880.8 ടൺ സ്വർണമാണ് കരുതൽ ശേഖരമായുള്ളത്. ഇതിൽ 575.8 ടൺ ഇന്ത്യയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 290.3 ടൺ ഇപ്പോഴും വിദേശത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റിലുമായുണ്ട്. കൂടാതെ, 14 ടൺ വിവിധ സ്വർണനിക്ഷേപ സംവിധാനങ്ങളിലുമുണ്ട്.
2025 മാർച്ച് 31-ലെ കണക്കനുസരിച്ച് 879 ടൺ സ്വർണമായിരുന്നു ഇന്ത്യയുടെ കരുതൽശേഖരത്തിലുണ്ടായിരുന്നത്. പാശ്ചാത്യരാജ്യങ്ങൾ വിദേശരാജ്യങ്ങളിൽ സൂക്ഷിച്ചിട്ടുള്ള കരുതൽശേഖരവും വിദേശ കറൻസിയിലെ നിക്ഷേപങ്ങളും ആയുധമായി ഉപയോഗിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് ലോകവ്യാപകമായി വിവിധ രാജ്യങ്ങൾ തന്ത്രപ്രധാനമായ കരുതൽ ശേഖരം അതതു രാജ്യത്തെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാൻ തുടങ്ങിയത്.
2023 മാർച്ചിനുശേഷമാണ് ആർബിഐ വിദേശത്തുള്ള കരുതൽ സ്വർണശേഖരം ഇന്ത്യയിലേക്കു മാറ്റാൻ തുടങ്ങിയത്. അതിനുശേഷം 274 ടൺ സ്വർണം ഇന്ത്യയിലെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു.
റഷ്യ-യുക്രൈൻ യുദ്ധം, അഫ്ഗാനിസ്താനിൽ അധികാരം താലിബാൻ പിടിച്ചെടുത്തത്, ജി 7 രാജ്യങ്ങൾ റഷ്യയുടെയും അഫ്ഗാനിസ്ഥാന്റെയും വിദേശ കറൻസി കരുതൽ ശേഖരം മരവിപ്പിച്ചത് തുടങ്ങിയവ കരുതൽശേഖരത്തിലുള്ള സ്വർണം ഇന്ത്യയിലേക്ക് വേഗത്തിൽ തിരിച്ചെത്തിക്കാൻ കാരണമായെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
അതീവ രഹസ്യമാണ് സ്വർണം തിരികെ എത്തിക്കുന്ന നടപടികൾ. സ്വർണം സൂക്ഷിച്ചിരിക്കുന്നിടത്തുനിന്ന് എടുത്ത് മാറ്റുന്നതുമുതൽ ഇന്ത്യയിലെ നിലവറയിലേക്ക് എത്തിക്കുന്നതുവരെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കും. അന്താരാഷ്ട്ര ലോജിസ്റ്റിക്സ് കമ്പനികൾ, ഇൻഷുറൻസ് ഏജസികൾ, ഇന്ത്യൻ സുരക്ഷാസേന എന്നിവരെ ഏകോപിപ്പിച്ചാണ് ആർബിഐയുടെ ദൗത്യം. പ്രത്യേകം സജ്ജമാക്കിയ വിമാനങ്ങളിലാണ് ഇവ എത്തിക്കുക. ഇന്ത്യയിലെത്തിക്കുന്നതിന് മുമ്പ് സ്വർണം തൂക്കി തിട്ടപ്പെടുത്തും. ശേഷം ആർബിഐ പരിശോധിച്ച് സീൽ വെച്ച് നിലവറയിലേക്ക് മാറ്റും.
Content Highlights: RBI repatriates 64 tonnes of gold to India in six months, bolstering national reserves