ഇന്ത്യയുടെ യഥാർഥ ‘ധുരന്ധർ’; രഹസ്യവിഭാഗത്തിന്റെ ഒരൊറ്റ അബദ്ധത്തിൽ നഷ്ടമായ ഇന്ത്യയുടെ ‘ബ്ലാക്ക് ടൈഗർ’

#ന്യൂസ് ഡെസ്ക്
രവീന്ദ്ര കൗശിക് | Image credit: @ranvijayT90 X
രവീന്ദ്ര കൗശിക് | Image credit: @ranvijayT90 X

ന്യൂഡൽഹി: അതിർത്തിയിൽ കൈയുംമെയ്യും മറന്ന് നമുക്കായി നിലകൊള്ളുന്ന, പോരാടുന്ന സൈനികർ മാത്രമല്ല.. അതിർത്തികടന്ന്, സ്വന്തം ജീവനും ജീവിതവും സ്വത്വവുമെല്ലാം പണയംവെച്ച് സ്വന്തം നാടിനുവേണ്ടി പോരാടുന്ന സൈനികരേയും ഓർമിക്കാനും ആഘോഷിക്കാനും കാരണമായിരിക്കുകയാണ് ബോളിവുഡ് ചിത്രം 'ധുരന്ധർ'. രാജ്യസ്‌നേഹവും ചാരവൃത്തിയും പാകിസ്താനിലെ രഹസ്യദൗത്യങ്ങളും കൺമുന്നിലെ സ്‌ക്രീനിൽ തെളിയുമ്പോൾ ആ ജീവിതം ശരിക്കും ജീവിച്ചുതീർത്തവരെക്കുറിച്ച് എത്രപേർക്ക് അറിയാമായിരിക്കും.. പോട്ടെ, അങ്ങനെയുള്ള എത്രപേരെ നമുക്കറിയാം. ഇത്തരത്തിൽ വിസ്മൃതിയിലാണ്ടുപോയ ഇന്ത്യയുടെ 'ബ്ലാക്ക് ടൈഗർ' എന്ന ചാരനെക്കുറിച്ചാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നത്.

സിനിമയിലെ ധീരനും നിഗൂഡതകളുടെ ഉസ്താദുമായ കേന്ദ്രകഥാപാത്രം, രവീന്ദ്ര കൗശിക് എന്ന ഇന്ത്യയുടെ ഏക്കാലത്തേയും മികച്ച ചാരന്റെ അസാധാരണവും എന്നാൽ ദാരുണവുമായ ജീവിതയാത്രയെ അനുസ്മരിപ്പിക്കുന്നു എന്നാണ് ചർച്ചകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ വർണലോകത്തിനപ്പുറം, ചാരവൃത്തിക്കായി ഒരു മനുഷ്യന് നൽകേണ്ടി വരുന്ന വലിയ വിലയാണ് കൗശികിന്റെ ജീവിതകഥ ചൂണ്ടിക്കാട്ടുന്നത്. അതിവിദഗ്ധമായി പാകിസ്താൻ സൈന്യത്തിൽ നുഴഞ്ഞുകയറുകയും വർഷങ്ങളോളം നിർണ്ണായകമായ വിവരങ്ങൾ കൈമാറുകയും ചെയ്തു കൗശിക്, ഒടുവിൽ ക്രൂരമായ പീഡനങ്ങളും തടവുശിക്ഷയും അനുഭവിച്ച് വിസ്മരിക്കപ്പെട്ട ഒരു മരണത്തിന് ഇരയായി, അവസാനിച്ചു.

ഇന്ത്യയുടെ ഐതിഹാസികനായ, എന്നാൽ വേണ്ടത്ര ആദരിക്കപ്പെടാത്ത ഒരു നായകനായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. ശരിക്കും ആരായിരുന്നു ഇന്ത്യയുടെ ബ്ലാക്ക് ടൈഗർ എന്നറിയപ്പെട്ടിരുന്ന രവീന്ദ്ര കൗശിക്? ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) ഒരു ഡീപ്-കവർ ഏജന്റായിരുന്നു കൗശിക് എന്നാണ് മുൻ ഇന്ത്യൻ ആർമി, ഇന്റലിജൻസ് ബ്യൂറോ ഓഫീസർമാർ പറയുന്നത്. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തി ഗ്രാമമായ ശ്രീഗംഗാനഗറിൽ 1952 ഏപ്രിൽ 11-നാണ് രവീന്ദ്ര കൗശിക് ജനിച്ചത്.

അതിർത്തി ഗ്രാമത്തിൽ വളർന്നതുകൊണ്ടുതന്നെ പഞ്ചാബി ഭാഷയും പ്രാദേശിക ഭാഷാഭേദങ്ങളും അദ്ദേഹത്തിന് സ്വാഭാവികമായും വഴങ്ങിയിരുന്നു. ഗംഗാനഗറിലെ എസ്ഡി ബിഹാനി കോളേജിലെ പഠനകാലത്ത് അദ്ദേഹം വളർത്തിയെടുത്ത നാടക പശ്ചാത്തലമാണ് അദ്ദേഹത്തിന്റെ റിക്രൂട്ട്മെന്റിലേക്ക് നയിച്ചത്. 1973-ൽ ലഖ്നൗവിൽ നടന്ന ഒരു ദേശീയതല നാടക മത്സരത്തിൽ, ചോദ്യം ചെയ്യലിന് വിധേയനായ ഒരു ഇന്ത്യൻ സൈനികന്റെ ഏകാംഗ അഭിനയം കൗഷിക് അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രകടനവും ഭാഷാപരമായ മികവും റോ (RAW) ഉദ്യോഗസ്ഥരുടെ ശ്രദ്ധ പിടിച്ചുപറ്റി. അവിടെമുതൽ കൗശികിന്റെ ജീവിതം അടിമുടി മാറി.

വിരമിച്ച മേജർ ജനറലും മുൻ റോ ഓഫീസറുമായ വി.കെ. സിങ്ങിന്റെ 'ഇന്ത്യാസ് എക്‌സ്റ്റേണൽ ഇന്റലിജൻസ്: സീക്രട്ട്സ് ഓഫ് റിസർച്ച് ആൻഡ് അനാലിസിസ് വിങ്' എന്ന പുസ്തകത്തിൽ ഇതേപ്പറ്റി പറയുന്നുണ്ട്. റോ ഉദ്യോഗസ്ഥരുടെ കീഴിൽ കൗശിക് ഡൽഹിയിൽ രണ്ട് വർഷത്തെ കഠിനമായ പരിശീലനത്തിന് വിധേയനായി. 'നബി അഹമ്മദ് ഷാക്കിർ' എന്ന പുതിയ വ്യക്തിത്വത്തിലേക്കുള്ള പരിവർത്തനം പൂർണമാകാൻ അദ്ദേഹം ഇസ്ലാമിക ദൈവശാസ്ത്രം, പാകിസ്താനി ഉറുദുവിന്റെ സൂക്ഷ്മതകൾ, അയൽരാജ്യത്തിന്റെ ഭൂമിശാസ്ത്രം എന്നിവ പഠിച്ചു. 1975-ൽ, 23-ാം വയസ്സിൽ കൗശിക് അതിർത്തി കടന്നു.

ചാരവൃത്തിയിലെ ഏറ്റവും അപകടകരമായ 'ഡീപ്-കവർ' ഇൻഫിൽട്രേഷൻ ആയിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ദൗത്യത്തിന്റെ ആദ്യപടിയായി കൗശിക് കറാച്ചി സർവ്വകലാശാലയിൽ ചേർന്നു. അവിടെനിന്നും നിയമ ബിരുദം നേടുകയും തുടർന്ന് അവിശ്വസനീയമായ ഒരു നേട്ടം കൈവരിക്കുകയും ചെയ്തു. പാകിസ്താൻ സൈന്യത്തിൽ ചേർന്ന അദ്ദേഹം മേജർ പദവിയിലേക്കുവരെ ഉയർന്നു. 'കൗശിക് സൈന്യത്തിൽ ക്രമേണ ഉയരുകയും മിലിട്ടറി അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ മേജറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.' എന്ന് ഇന്റലിജൻസ് ബ്യൂറോ മുൻ ജോയിന്റ് ഡയറക്ടർ മലോയ് കൃഷ്ണ ധർ തന്റെ 'ഓപ്പൺ സീക്രട്ട്സ്: ഇന്ത്യാസ് ഇന്റലിജൻസ് അൺവീൽഡ്' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

1979 മുതൽ 1983 വരെ കൗശിക് അതീവ രഹസ്യമായ വിവരങ്ങൾ ന്യൂഡൽഹിക്ക് കൈമാറിക്കൊണ്ടിരുന്നു. പഞ്ചാബ് മേഖലയിലെ പാകിസ്താന്റെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോർട്ടുകളും കഹൂതയിലെ ആണവ നിലയത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളും ഇന്ത്യയ്ക്ക് തന്ത്രപരമായ മേൽക്കൈ നൽകി. അദ്ദേഹത്തിന്റെ സംഭാവനകളുടെ വ്യാപ്തി തിരിച്ചറിഞ്ഞ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് അദ്ദേഹത്തിന് 'ബ്ലാക്ക് ടൈഗർ' (Black Tiger) എന്ന പേര് നൽകിയത്. ഇതിനിടെ അമാനത്ത് എന്ന പാകിസ്താനി യുവതിയെ വിവാഹം കഴിച്ച കൗശിക്, ഒരു കുഞ്ഞിന്റെ അച്ഛനുമായി.. ഇത്തരത്തിൽ പൂർണമായും വിജയകരമായും അദ്ദേഹം തന്റെ ഇരട്ട ജീവിതം മുന്നോട്ടുനയിച്ചു, എല്ലായിപ്പോഴും ഇന്ത്യയോടുള്ള വിശ്വസ്തത കാത്തുസൂക്ഷിച്ചു.

ഒടുവിൽ ആ ദിനംവന്നെത്തി, കൗശിക് പിടിക്കപ്പെട്ടു.. സ്വന്തം വീഴ്ച കൊണ്ടല്ല, മറിച്ച് ഒരു ജൂനിയർ ചാരന്റെ പിഴവ് മൂലമാണ് അദ്ദേഹം പിടിക്കപ്പെട്ടത് എന്നതായിരുന്നു ഏറെ സങ്കടമുളവാക്കുന്ന കാര്യം. 1983-ൽ കൗശിക്കുമായി ബന്ധപ്പെടാൻ ഇനായത്ത് മസീഹ് എന്ന ഒരു കീഴ്ഘടക ഉദ്യോഗസ്ഥനെ റോ പാകിസ്താനിലേക്ക് അയച്ചു. എന്നാൽ മഹീസ് അധികം വൈകാതെ തന്നെ പാകിസ്താൻ ഇന്റലിജൻസിന്റെ (ISI) പിടിയിലായി. ക്രൂരമായ ചോദ്യം ചെയ്യലുകൾക്കിടയിൽ തകർന്നുപോയ മസീഹ്, കൗശിക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുകയും അദ്ദേഹവുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന മുൾട്ടാനിലെ ഒരു പാർക്കിലേക്ക് അധികാരികളെ നയിക്കുകയും ചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു.

അങ്ങനെ, 1983 സെപ്റ്റംബറിൽ, തന്റേതല്ലാത്ത തെറ്റിന്റെ ഫലമായി കൗശിക് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഒന്നര പതിറ്റാണ്ടോളം സങ്കൽപ്പിക്കാനാവാത്ത പീഡനങ്ങളാണ് അദ്ദേഹം അനുഭവിച്ചത്. സിയാൽകോട്ട് ചോദ്യം ചെയ്യൽ കേന്ദ്രങ്ങളിലും കോട്ട് ലഖ്പത്, മിയാൻവാലി എന്നീ അതീവ സുരക്ഷാ ജയിലുകളിലും പാക് അധികൃതർ അദ്ദേഹത്തെ മാറ്റി മാറ്റി പാർപ്പിച്ചു. ശാരീരിക പീഡനങ്ങളും മാനസിക ഒറ്റപ്പെടുത്തലുകളും ഉണ്ടായിട്ടും, തന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്താൻ അദ്ദേഹം ആദ്യം തയ്യാറായില്ല; കഴിയുന്നിടത്തോളം കാലം ഒരു പാകിസ്താൻ പൗരൻ എന്ന നിലയിലുള്ള തന്റെ വേഷം അദ്ദേഹം മുറുകെ പിടിച്ചു.

1985-ൽ പാകിസ്താൻ സൈനിക കോടതി കൗശിക്കിന് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് അത് ജീവപര്യന്തമായി കുറച്ചു. ജയിലിൽ കഴിഞ്ഞ കാലത്ത് തന്റെ കുടുംബത്തിന് ചില കത്തുകൾ രഹസ്യമായി അയക്കാൻ അദ്ദേഹത്തിന് സാധിച്ചു. 'ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്നവർക്ക് ഇതാണോ ലഭിക്കുന്നത്?' ഹൃദയഭേദകമായ ഒരു കത്തിൽ അദ്ദേഹം ഇങ്ങനെ ചോദിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഇരുപത് വർഷത്തോളം നീണ്ട കാലയളവിൽ പാക് സർക്കാരിന്റെ പീഡനവും ഇന്ത്യൻ സർക്കാരിന്റെ അവഗണനയും കൗശിക് സഹിച്ചു.

ഒടുവിൽ ശ്വാസകോശ സംബന്ധമായ ക്ഷയരോഗവും ഹൃദ്രോഗവും മൂലം 2001 നവംബർ 21-ന് മിയാൻവാലി സെൻട്രൽ ജയിലിൽ വെച്ച് രവീന്ദ്ര കൗശിക് അന്തരിച്ചു. ജയിലിന് പിന്നിലുള്ള അടയാളപ്പെടുത്താത്ത ഒരു കുഴിമാടത്തിൽ അദ്ദേഹത്തെ അടക്കം ചെയ്തു.

'ധുരന്ധർ' സിനിമകൾ വിജയത്തിന്റെ കഥകൾ നൽകുമ്പോൾ, ബ്ലാക്ക് ടൈഗറിന്റെ കഥ ചാരവൃത്തിയിലെ അജ്ഞാത ജീവിതങ്ങളുടെ കഠിനമായ യാഥാർത്ഥ്യമാണ് ഓർമ്മിപ്പിക്കുന്നത്. നിഴലിലിരുന്ന് ഇന്ത്യയെ സേവിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും സംരക്ഷിക്കാനും അംഗീകരിക്കാനുമുള്ള മികച്ച സംവിധാനങ്ങൾ വേണമെന്ന ഓർമ്മപ്പെടുത്തലാണ് കൗശിക്കിന്റെ ജീവിതമെന്ന് സാമൂഹികമാധ്യമങ്ങളിലെ ചർച്ചകൾ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Ravindra Kaushik's transformation from a theatre actor to a high-ranking Pakistani Army Major. Strategic intelligence contributions to RAW regarding Pakistani military and nuclear facilities. The tragic betrayal leading to his 16-year imprisonment and death in a Pakistani jail. The human cost of espionage and the lack of recognition for unsung intelligence heroes.