ടാറ്റയുടെ മുടിവെട്ടുകാരന്‍, ഷര്‍ട്ടില്‍ തക്കാളിസൂപ്പ് തൂകിയവള്‍ക്ക് ധൈര്യംനല്‍കിയ സമ്പന്നന്‍

#സി.കെ. സന്തോഷ്
രത്തൻ ടാറ്റ | photo:ap
രത്തൻ ടാറ്റ | photo:ap

മുംബൈ: ഒരു സ്ഥാപനത്തിന്റെ ചെയര്‍മാനാണെങ്കിലും ആ മട്ടും ഭാവവും ഒരിക്കല്‍പ്പോലും രത്തന്‍ ടാറ്റ പുറത്തെടുത്തിരുന്നില്ല. തന്റെ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടും താഴ്ന്നസ്ഥാനത്തുള്ളവരോടും ഒരേ മനോഭാവം. വരുന്നവഴിയില്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്ന ആളുടെ തോളില്‍ത്തട്ടി കുശലംപറയുന്ന ചെയര്‍മാന്‍. ഓഫീസില്‍ ചായകൊണ്ടുവരുന്ന ആളോട് കുടുംബവിശേഷങ്ങള്‍ അന്വേഷിക്കുന്ന വ്യക്തി. അങ്ങനെ ടാറ്റാ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും അദ്ദേഹം ഏറ്റവും അടുപ്പമുള്ള ചെയര്‍മാനായിരുന്നു.

ഷെയ്ക്ക് സ്ഥിരം മുടിവെട്ടുകാരന്‍

രത്തന്‍ ടാറ്റ മുടിവെട്ടാനെത്തുന്നത് താജ് ഹോട്ടലിലെ സലൂണിലാണ്. ബന്ദ്രാ നിവാസിയായ മുഹമ്മദ് ഷെയ്ക്കാണ് അദ്ദേഹത്തിന്റെ സ്ഥിരം മുടിവെട്ടുകാരന്‍. വരുന്നതിനുമുന്‍പേ സലൂണിലെ ഫോണില്‍ വിളിച്ചുപറയും. ഫോണ്‍ വന്നുകഴിഞ്ഞാല്‍ ഷെയ്ക്ക് മറ്റു ജോലികളൊക്കെ നിര്‍ത്തി തയ്യാറായിനില്‍ക്കും.

ഒരിക്കല്‍ മുടിവെട്ടുന്നതിനിടയില്‍ ഷെയ്ക്ക് പറഞ്ഞു: 'സാര്‍ ഞാന്‍ അടുത്തമാസം വിരമിക്കുകയാണ്'. 'ആരുപറഞ്ഞു താന്‍ വിരമിക്കുകയാണെന്ന്...'-ടാറ്റാ ചോദിച്ചു. താന്‍ വിരമിക്കുന്നൊന്നുമില്ല, ഇവിടെത്തന്നെയുണ്ടാകുമെന്ന് പറഞ്ഞാണ് ടാറ്റ അന്നു പോയത്. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഷെയ്ക്കിന് സര്‍വീസ് നീട്ടിക്കൊണ്ടുള്ള കത്തുകിട്ടി. കാലം കുറെ കഴിഞ്ഞതോടെ ഷെയ്ക്ക് ഞായറാഴ്ചകളില്‍മാത്രം വരാന്‍തുടങ്ങി. രത്തന്‍ ടാറ്റ മുടിവെട്ടാന്‍വരുന്നത് ഞായറാഴ്ചകളില്‍ മാത്രമായിരുന്നു.

ഫ്രഷ് ലൈം മാത്രം

രത്തന്‍ ടാറ്റയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയം ഫ്രഷ് ലൈം സോഡയാണ്. ചെറുനാരങ്ങ കൈകൊണ്ട് പിഴിഞ്ഞെടുത്തതുതന്നെ വേണം. താജിലെ റസ്റ്ററന്റിലേക്ക് വരുമ്പോഴേ ഫ്രഷ് ലൈം സോഡ തയ്യാറായിരിക്കും. പിന്നെ തക്കാളിസൂപ്പാണ് പ്രിയമുള്ള മറ്റൊന്ന്. ഇടയ്ക്ക് സാന്‍ഡ്വിച്ചും.

ഒരിക്കലും ഇതിലൊന്നും പരാതിപറയാറില്ലായിരുന്നു. ഒരിക്കല്‍ തക്കാളിസൂപ്പ് കൊടുക്കുന്നതിനിടയില്‍ രത്തന്‍ ടാറ്റയുടെ വെള്ളഷര്‍ട്ടിലേക്ക് അതല്‍പ്പം തൂകി. അടുത്തിടെവന്ന പെണ്‍കുട്ടിയായിരുന്നു അത് കൊടുത്തിരുന്നത്. അവളാകെ പേടിച്ചുപോയി.

ഒരു നനഞ്ഞ ടവല്‍കൊണ്ട് അദ്ദേഹംതന്നെ അത് തുടച്ചുകളഞ്ഞു. ഇതൊക്കെ സാധാരണമല്ലേ... എന്നുപറഞ്ഞ് പെണ്‍കുട്ടിയുടെ പേടിമാറ്റിയിട്ടാണ് അദ്ദേഹം റസ്റ്ററന്റ് വിട്ടത്. സ്വന്തം സ്ഥാപനമാണെങ്കിലും എന്ത് വാങ്ങിക്കഴിച്ചാലും ബില്‍ ചോദിക്കും. ജീവനക്കാര്‍ക്ക് നല്‍കുന്ന ഡിസ്‌കൗണ്ട് പോലും വാങ്ങാറില്ലെന്ന് താജിലെ റസ്റ്ററന്റ് മാനേജരായിരുന്ന ഓമനക്കുട്ടന്‍ പറയുന്നു.

കൈയില്‍ പുസ്തകവും ബാഗും

രത്തന്‍ ടാറ്റയുടെ കൈയില്‍ മിക്കപ്പോഴും ഒരു പുസ്തകവും ചെറിയബാഗും കാണും. അപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകമാവും ഇത്. അദ്ദേഹം കാറില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ത്തന്നെ ഇത് വാങ്ങാന്‍വേണ്ടി ആരെങ്കിലും ഓടിവരും. പക്ഷേ, ഇത് രണ്ടും അദ്ദേഹം മറ്റാരെക്കൊണ്ടും എടുപ്പിക്കാറില്ല. നടക്കാന്‍ പ്രയാസം തോന്നിത്തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൈപിടിക്കാന്‍ ആരെയും സമ്മതിക്കാറില്ല. പകരം വന്ന ആളുടെ കൈ അദ്ദേഹം പിടിക്കും.

നാനോ വന്ന വഴി

മുംബൈ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി ട്രാഫിക് സിഗ്‌നലില്‍ ടാറ്റയുടെ വണ്ടി അല്‍പ്പസമയം നിന്നു. തൊട്ടപ്പുറത്ത് ബൈക്കില്‍ ഒരു കുടുംബം. ബൈക്കോടിക്കുന്ന ആളുടെ മുന്നില്‍ ഒരു കുട്ടി ഇരിക്കുന്നുണ്ട്. പുറകില്‍ ഒരു ഗര്‍ഭിണിയും. അവരുടെ കൈയില്‍ ഒരു ചെറിയകുഞ്ഞും. ഇവര്‍ക്കെല്ലാവര്‍ക്കും സുഖമായി യാത്രചെയ്യാന്‍ ഒരു വാഹനമെന്ന ചിന്തയില്‍നിന്നാണ് ടാറ്റാ നാനോ പുറത്തുവന്നത്. ഇവര്‍ സഞ്ചരിക്കുന്ന ബൈക്കിന് എത്രവിലവരുമെന്ന് രത്തന്‍ ടാറ്റ ഡ്രൈവറോട് അന്വേഷിച്ചു. 50,000 രൂപയ്ക്ക് മുകളില്‍ വരുമെന്ന് ഡ്രൈവറുടെ മറുപടി. അങ്ങനെയാണെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് ഇത്രയുംപേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ ഒരു കാര്‍ ഇറക്കിയാല്‍ അത് വാങ്ങാന്‍ ജനങ്ങള്‍ തയ്യാറാകുമോയെന്ന ടാറ്റയുടെ ചോദ്യത്തിന് തയ്യാറാകും എന്നായിരുന്നു ഡ്രൈവറുടെ ഉത്തരം.

ടയര്‍ മാറ്റുന്ന ടാറ്റ

കമ്പനിയിലെ ഒരു കൂട്ടം സീനിയര്‍ മാനേജര്‍മാരുമായി രത്തന്‍ ടാറ്റ മുംബൈയില്‍നിന്ന് നാസിക്കിലേക്കു പോകുയായിരുന്നു.

വഴിയില്‍വെച്ച് അദ്ദേഹത്തിന്റെ കാറിന്റെ ടയര്‍ പഞ്ചറായി. എല്ലാവരും കാറുകള്‍ നിര്‍ത്തി. ഒരു ചെറിയ ഇടവേള. കുറച്ചുകഴിഞ്ഞപ്പോഴാണ് മാനേജര്‍മാര്‍ രത്തന്‍ ടാറ്റയെ സ്ഥലത്തൊന്നും കാണാനില്ലെന്നത് ശ്രദ്ധിച്ചത്. പിന്നീട് അവര്‍ കണ്ടെത്തി. കാറിന്റെ ടയര്‍ മാറ്റുന്നതിന് ഡ്രൈവറെ സഹായിക്കുകയായിരുന്നു അദ്ദേഹം. ഷര്‍ട്ടിന്റെ കൈ മടക്കിവെച്ച്, വിയര്‍ത്തൊലിച്ച് കുനിഞ്ഞുനില്‍ക്കുന്നു സാക്ഷാല്‍ രത്തന്‍ ടാറ്റ.

മുട്ടുമടക്കി ഫോര്‍ഡ്

1998-ലാണ് ടാറ്റാ ഗ്രൂപ്പ് കാര്‍ ബിസിനസിലേക്ക് കാലെടുത്തുവെച്ചത്. ടാറ്റാ ഇന്‍ഡിക്ക എന്ന ആദ്യ കാറിന്റെ വില്‍പ്പന പക്ഷേ കരുതിയപോലെ വളര്‍ന്നില്ല. തൊട്ടടുത്ത വര്‍ഷംതന്നെ കമ്പനി ഫോര്‍ഡിന് വില്‍ക്കാന്‍ തീരുമാനിച്ചു.

ഫോര്‍ഡ് മേധാവി ബില്‍ ബോഡ് അന്ന് രത്തനെ കളിയാക്കി; ''നിങ്ങള്‍ക്ക് കാര്‍ ബിസിനസ് അറിയില്ല, ഞങ്ങള്‍ നിങ്ങളോട് ഒരു അനുകമ്പ കാണിക്കുകയാണ്.''

ഒന്‍പതുവര്‍ഷത്തിനുശേഷം ഫോഡ് എന്ന വന്‍കമ്പനി പാപ്പരായപ്പോള്‍ അവരുടെ ജഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നിവ ടാറ്റയാണ് വാങ്ങിയത്-2.3 ബില്യണ്‍ ഡോളറിന്. അന്ന് ബില്‍ ബോഡ് രത്തനോട് പറഞ്ഞു; ''നിങ്ങള്‍ ഞങ്ങളോട് വലിയ അനുകമ്പയാണ് കാണിച്ചത്.'

Content Highlights: ratan tata story