സ്വർണക്കടത്ത് മാത്രമല്ല ഹവാല ഇടപാടും; രന്യ 38 കോടിയുടെ ഹവാല ഇടപാടിലെ കണ്ണിയെന്ന് റിമാൻഡ് റിപ്പോർട്ട്

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവു 38 കോടിയോളം വരുന്ന ഹവാല ഇടപാടിലും പങ്കാളിയായിരുന്നെന്ന് അന്വേഷണ സംഘത്തിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഹവാല കേസില്‍ രന്യയ്‌ക്കൊപ്പം തരുണ്‍ രാജും സാഹില്‍ ജെയ്‌നും പ്രതികളാണ്. തരുണ്‍ രാജു രണ്ടാം പ്രതിയും സാഹില്‍ ജെയ്ന്‍ മൂന്നാം പ്രതിയുമാണ്.
ഹവാല ശൃംഖലയിൽ റന്യ റാവു ഒരു പ്രധാന കണ്ണിയായി പ്രവർത്തിച്ചിരുന്നതായാണ് സൂചന. അന്വേഷണ ഏജൻസികൾ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി റന്യ റാവുവിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കി. 50 കിലോഗ്രാം സ്വര്‍ണവും 38 കോടി വരുന്ന ഹവ്വാല പണവും ദുബായിക്കും ബെംഗളൂരുവിനുമിടയില്‍ കൈമാറാന്‍ സാഹില്‍ ജെയ്‌ൻ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഓരോ ഇടപാടിനും 55,000 രൂപയാണ് സാഹിലിന് കമ്മീഷനായി ലഭിച്ചിരുന്നത്.
ഫെബ്രുവരി മാസം 13 കിലോഗ്രാം സ്വര്‍ണവും 11.25 കോടി വരുന്ന ഹവാല പണവും ദുബായിലേക്ക് കടത്താന്‍ താന്‍ രന്യ റാവുവിനെ സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് സാഹില്‍ പറഞ്ഞു. ബെംഗളൂരുവില്‍ 55 ലക്ഷം വരുന്ന ഹവ്വാല പണം കൈമാറ്റം ചെയ്യാനും താന്‍ രന്യയെ സഹായിച്ചതായി സാഹില്‍ പോലീസിന് മൊഴി നല്‍കി.
ബെംഗളൂരു വിമാനത്താവളത്തില്‍ മാര്‍ച്ച് മൂന്നിനാണ് റന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോഗ്രാം സ്വര്‍ണവുമായാണ് ഇവരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) അറസ്റ്റുചെയ്തത്. തുടര്‍ന്ന് ബെംഗളൂരുവിലെ രന്യ റാവുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കോടി വരുന്ന സ്വര്‍ണവും 2.67 കോടി രൂപ പണമായും കണ്ടെത്തി. ഇത് ഹവ്വാല പണം ഉപയോഗിച്ച് ദുബായില്‍നിന്ന് സ്വര്‍ണം വാങ്ങി ബെംഗളൂരുവില്‍ വിറ്റുകിട്ടിയ പണമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് രന്യ റാവു ഉള്ളത്.
അതേസമയം, സ്വര്‍ണം വാങ്ങുന്നതിനായി ഹവാല പണം ഉപയോഗിച്ചിരുന്നതായി മുന്‍പ് രന്യ റാവു വെളിപ്പെടുത്തിയിരുന്നു. നടി ഇക്കാര്യം സമ്മതിച്ചതായി ഡിആര്‍ഐ ആണ് കഴിഞ്ഞമാസം കോടതിയെ അറിയിച്ചത്.
Content Highlights: ranya rao part of 38 crore hawala racket