വിദ്വേഷം പതിവാക്കിയ ബിധുരി; കുരുക്കില്‍ ബിജെപി, കൊടിക്കുന്നിലിനും വിമര്‍ശനം

രമേഷ് ബിധുരി, കൊടിക്കുന്നില്‍ സുരേഷ്
രമേഷ് ബിധുരി, കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗങ്ങളും വിവാദങ്ങളും പതിവാക്കിയ ബി.ജെ.പി. എം.പി. രമേഷ് ബിധുരി പലവട്ടം വിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ഡല്‍ഹി സൗത്ത് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ബിധുരിയുടെ ആക്ഷേപങ്ങള്‍ക്ക് വനിതാ എം.പി.മാരും ഇരയായിട്ടുണ്ട്.

നിയമത്തിലും കൊമേഴ്സിലും ബിരുദം നേടിയിട്ടുള്ള രമേഷ് ബിധുരി 2009 മുതല്‍ ലോക്സഭാംഗമാണ്. സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിനെതിരേ ആക്ഷേപങ്ങളുയര്‍ത്തുകയും പ്രതിപക്ഷാംഗങ്ങള്‍ സംസാരിക്കുമ്പോള്‍ ബഹളമുയര്‍ത്തി തടസ്സപ്പെടുത്തുന്നതും പതിവാണ്.

2015-ല്‍ പി.കെ. ശ്രീമതി (സി.പി.എം.), രഞ്ജിത് രഞ്ജന്‍ (കോണ്‍ഗ്രസ്), സുപ്രിയാ സുലെ (എന്‍.സി.പി.), അര്‍പിതാ ഘോഷ് (തൃണമൂല്‍) തുടങ്ങിയ വനിതാ ലോക്സഭാംഗങ്ങള്‍ ഇദ്ദേഹത്തിന്റെ മോശം പരാമര്‍ശങ്ങള്‍ക്കെതിരേ സ്പീക്കര്‍ സുമിത്രാ മഹാജന് പരാതി നല്‍കിയിരുന്നു. സഭയ്ക്കുള്ളില്‍ നടത്തിയ അധിക്ഷേപങ്ങള്‍ക്കെതിരേയായിരുന്നു പരാതി.

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, ബി.എസ്.പി. നേതാവ് മായാവതി, തൃണമൂലിലെ മഹുവ മൊയ്ത്ര എന്നിവര്‍ക്കെതിരേ നടത്തിയ ആക്ഷേപങ്ങളും നിലവാരംകുറഞ്ഞ ഭാഷാപ്രയോഗങ്ങളും ബിധുരിയുടെ പെരുമാറ്റരീതിയുടെ ഉദാഹരണങ്ങളായി രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേയും ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. ഈയിടെ കെജ്രിവാളിന്റെ ശരീരപ്രകൃതിയെ പരിഹസിച്ചുള്ള പരാമര്‍ശങ്ങളും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

പ്രതിരോധത്തില്‍ ബിജെപി
പാര്‍ട്ടി എം.പി. രമേഷ് ബിധുരി ലോക്സഭയില്‍ ബി.എസ്.പി. അംഗം ഡാനിഷ് അലിക്കെതിരേ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരം തുറക്കല്‍, വനിതാ സംവരണബില്‍ പാസാക്കല്‍ തുടങ്ങിയ പരിപാടികള്‍ വിജയംകണ്ടെന്ന പ്രചാരണം ഉച്ചത്തില്‍ നില്‍ക്കെയാണ് ബിധുരിയുടെ ആക്ഷേപങ്ങള്‍ ബി.ജെ.പി.ക്ക് കുരുക്കായത്. വ്യക്തിപരവും മതപരവുമായ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വീണ്ടും അകലം കൂട്ടാനിടയാക്കുമെന്ന ആശങ്ക പാര്‍ട്ടിയിലുമുയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടി വക്താവായിരുന്ന നൂപുര്‍ ശര്‍മ കഴിഞ്ഞവര്‍ഷം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കുശേഷം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണിതെന്ന് ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ബിധുരിയുടെ പരാമര്‍ശത്തില്‍ സഭയിലുണ്ടായിരുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഖേദം പ്രകടിപ്പിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയത് ഭരണപക്ഷത്തെ ക്ഷീണിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ രമേഷ് ബിധുരിയുടെ പരാമര്‍ശങ്ങളില്‍നിന്ന് അകലം പാലിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം. മുസ്ലിം-ന്യൂനപക്ഷ വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന പരാമര്‍ശങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് കേന്ദ്രനേതൃത്വം നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. സഭയില്‍ തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന നിഷികാന്ത് ദുബെപോലും പ്രതികരണം നിയന്ത്രിച്ചത് ഇത് മൂലമാണ്.

എന്നിരുന്നാലും, ബിധുരിയെ സഹായിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക് ദുബെ കത്തയിച്ചിട്ടുണ്ട്. വിവിധ പ്രതിപക്ഷ എം.പി.മാര്‍ ബിധുരിക്കെതിരേ നടപടിയാവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണിത്. പ്രതിപക്ഷ എം.പിമാരുടെ ഭാഗത്തുനിന്നും അസഹ്യ പരാമര്‍ശങ്ങളുണ്ടായിട്ടുണ്ടെന്നും അവയും അന്വേഷിക്കണമെന്നും സ്പീക്കര്‍ യ്ക്ക് അയച്ച കത്തില്‍ ദുബെ ആവശ്യപ്പെട്ടു.

ബിധുരിക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ലോക്സഭയിലെ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാഘവ് ഛദ്ദ, ഡെറിക് ഒബ്രയാന്‍, സുശീല്‍കുമാര്‍ റിങ്കു, സഞ്ജയ് സിങ് തുടങ്ങിയവരെ സഭാനടപടികള്‍ തടസ്സപ്പെടുത്തിയെന്ന പേരില്‍ അടുത്തിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിസ്സാരകാര്യങ്ങളുടെപേരിലായിരുന്നു ഇതെന്നാണ് പരാതി. ഭരണപക്ഷത്തിന്റെ ആവശ്യപ്രകാരമായിരുന്നു സഭാധ്യക്ഷരുടെ നടപടി. എന്നാല്‍, ബിധുരിയെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.

കൊടിക്കുന്നിലിനും വിമര്‍ശനം
രമേഷ് ബിധുരിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ സഭ നിയന്ത്രിച്ചിരുന്ന പാനല്‍ അംഗം കൊടിക്കുന്നില്‍ സുരേഷ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. എന്നാല്‍, താന്‍ ഉടന്‍തന്നെ പരാമര്‍ശങ്ങള്‍ സഭാരേഖയില്‍നിന്ന് നീക്കാന്‍ നിര്‍ദേശിച്ചെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

ബിധുരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ഡാനിഷ് അലിക്ക് നേരിടേണ്ടി വന്ന ക്രൂരമായ അവഹേളനം അവകാശസമിതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ശനിയാഴ്ച കത്തയച്ചിട്ടുണ്ട്. ബിധുരിയുടെ പരാമര്‍ശങ്ങള്‍ കടുകട്ടി ഹിന്ദിയിലായിരുന്നു. അതിനാല്‍ ഗുരുതരമായ ആക്ഷേപങ്ങളാണുന്നയിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. അതുകൊണ്ടാണ് ആദ്യം നിര്‍ദേശങ്ങള്‍ നല്‍കാതിരുന്നത്-അദ്ദേഹം പറയുന്നു. കൊടിക്കുന്നിലിനെതിരേയുള്ള ആക്ഷേപം ശരിയല്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. പാനല്‍ അംഗം മാത്രമാണ് അദ്ദേഹം. നടപടിയെടുക്കാനുള്ള അധികാരമില്ല-വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പാനല്‍ അംഗത്തിനും ലോക്‌സഭാ സ്പീക്കറുടെ അധികാരമുണ്ടെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. സ്പീക്കറുടെ കസേരയിലിരുന്ന് സഭ നിയന്ത്രിക്കുന്ന അംഗത്തിന് സ്പീക്കര്‍ക്ക് തുല്യമായ അധികാരങ്ങളുണ്ട്. യുക്തമായ നടപടിയെടുക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ട്. പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ അംഗത്തോട് ആവശ്യപ്പെടുകയും അതിന് തയ്യാറായില്ലെങ്കില്‍ അംഗത്തിനെതിരേ നടപടിയാവശ്യപ്പെട്ട്് പ്രമേയം കൊണ്ടുവരാന്‍ പാര്‍ലമെന്ററികാര്യമന്ത്രിക്ക് നിര്‍ദേശം നല്‍കുകയുമാണ് സ്വീകരിക്കേണ്ട നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ramesh bidhuri-bjp-kodikunnil suresh