പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസായി

ന്യൂഡൽഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക പ്രശ്നം പരിഹരിക്കാനുള്ള ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭ പാസാക്കി.
നീറ്റ് ചോദ്യക്കടലാസ് ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുന്നതിനിടെ ശബ്ദവോട്ടോടെയാണ് ബിൽ അംഗീകരിച്ചത്. പിന്നാലെ സഭ പിരിഞ്ഞു.
മേഖലയെ ശക്തിപ്പെടുത്താനും പണമിടപാട് സംവിധാനം കാര്യക്ഷമമാക്കാനും ഭരണസംവിധാനം ആധുനീകരിക്കാനുമാണ് ഭേദഗതികളെന്ന് എം.എസ്.എം.ഇ. മന്ത്രി ജിതൻ റാം മാഞ്ചി പറഞ്ഞു. ഭരണഘടനാ തത്ത്വങ്ങളും വ്യവസായ താത്പര്യങ്ങളും സംരക്ഷിച്ച് എല്ലാ വിഭാഗങ്ങളുടെയും താത്പര്യങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചെന്നും അവർ പ്രതിഷേധം തുടർന്നതിൽ അദ്ഭുതമുണ്ടെന്നും മന്ത്രി പറഞ്ഞു. എം.എസ്.എം.ഇ. മേഖല രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണെന്നും ഉത്പാദനത്തിലും കയറ്റുമതിയിലും ഈ മേഖലയുടെ സംഭാവന നിർണായകമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ സ്വന്തം പാർട്ടി അവതരിപ്പിച്ച ഭേദഗതികൾക്കുപോലും പിന്തുണ നൽകിയില്ലെന്ന് ബിൽ പാസായതിനുപിന്നാലെ സഭാനേതാവ് ജെ.പി. നഡ്ഡ, ഉപാധ്യക്ഷൻ ഹരിവംശിനോട് പറഞ്ഞു.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ
എം.എസ്.എം.ഇ.കളുടെ കുടിശ്ശികത്തർക്കം 90 ദിവസത്തിനകം തീർപ്പാക്കണം. കേസ് ആറുമാസത്തിലേറെ നിലനിൽക്കുകയാണെങ്കിൽ, ഉപയോക്താവ് കുറഞ്ഞത് 50 ശതമാനമെങ്കിലും നൽകാൻ കോടതിക്ക് ഉത്തരവിടാം. ഒത്തുതീർപ്പോ മധ്യസ്ഥവിധിയോ ഉണ്ടായാൽ സംസ്ഥാന സർക്കാർ ഭൂനികുതി കുടിശ്ശിക ഈടാക്കുന്ന രീതിയിൽ ജില്ലാ കളക്ടർ, ഡെപ്യൂട്ടി കമ്മിഷണർ അല്ലെങ്കിൽ സംസ്ഥാന അധികാരിയിലൂടെ ഈടാക്കണം. മധ്യസ്ഥ ഒത്തുതീർപ്പിലൂടെയും മറ്റും നിശ്ചയിക്കുന്ന തുക നിയമപരമായി പ്രാബല്യമുള്ള കടബാധ്യതയായി കണക്കാക്കും.
- ചില വ്യവസ്ഥകൾ ലംഘിച്ചാൽ ക്രിമിനൽ നടപടി ഒഴിവാക്കി, ആദ്യഘട്ടത്തിൽ മുന്നറിയിപ്പും തുടർന്ന് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10,000 മുതൽ ഒരുലക്ഷം വരെ ഘട്ടംഘട്ടമായ പിഴയും
- എം.എസ്.എം.ഇ. രജിസ്ട്രേഷന് ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എം.എസ്.എം.ഇ. സ്ഥാപനങ്ങളെ ഉപയോഗിക്കുമ്പോൾ ബില്ലുകൾ തീർപ്പാക്കാൻ ട്രേഡ് റിസീവബിൾസ് ഡിസ്‌കൗണ്ടിങ് സിസ്റ്റം (ട്രെഡ്സ്) ഉപയോഗിക്കണം
- പണമിടപാട് തർക്കം വേഗം പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സൂക്ഷ്മ-ചെറുകിട സംരംഭ കൗൺസിലുകൾ രൂപവത്കരിക്കാം
Content Highlights: Resolution of MSME payment disputes within 90 days., Mandatory 50% payment order for cases exceeding 6 months., Replacement of criminal penalties with graded monetary fines., Introduction of a national digital platform for MSME registration., Enforcement of TReDS for central public sector undertakings.