‘സഭയിൽ എത്തണമെന്ന പ്രതിപക്ഷവികാരം അമിത് ഷായെ അറിയിക്കണം’; റിജിജുവിനോട് നിർദേശിച്ച് രാജ്യസഭാ ചെയർമാൻ

#ന്യൂസ് ഡെസ്ക്
രാജ്യസഭാ ചെയര്‍മാന്‍ സി.പി.രാധാകൃഷ്ണന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ |ഫോട്ടോ:ANI,PTI
രാജ്യസഭാ ചെയര്‍മാന്‍ സി.പി.രാധാകൃഷ്ണന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ |ഫോട്ടോ:ANI,PTI

ന്യൂഡൽഹി: 'സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പാർലമെന്ററികാര്യ മന്ത്രിയെന്ന നിലയിൽ നിങ്ങൾ ആഭ്യന്തര മന്ത്രിയെ അറിയിക്കണം..', ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ തുടർച്ചയായി പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായോട് പ്രതിപക്ഷ വികാരം അറിയിക്കാൻ രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിനോട് നിർദേശിച്ചു. അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിപക്ഷം നടത്തിവരുന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് രാജ്യസഭാ ചെയർമാൻ ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.

ജൂലായ് 20-ന് ജന്തർ മന്ദറിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർക്കെതിരെ നടന്ന പോലീസ് നടപടി സംബന്ധിച്ച് ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.

'രാജ്യത്തെയും ഇവിടുത്തെ 140 കോടി ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ഞങ്ങൾ സത്യസന്ധമായ ചോദ്യങ്ങൾ മാത്രമേ ഉയർത്തുന്നുള്ളൂ. ആഭ്യന്തരമന്ത്രിയെയും പ്രധാനമന്ത്രിയെയും സഭയിലേക്ക് വരാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. ആഭ്യന്തരമന്ത്രി വന്ന് പ്രസ്താവന നടത്താൻ ചെയറിനോട് നിർദ്ദേശിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ അത് ചർച്ചചെയ്യാൻ തയ്യാറാണ്. തടസ്സങ്ങൾ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഈ സഭയിൽ അരുൺ ജയ്റ്റ്ലിജി തന്നെ പറഞ്ഞിട്ടുണ്ട്. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഏത് ചോദ്യവും നിങ്ങൾക്ക് ഉന്നയിക്കാം. എന്നാൽ, ഇവിടെ ഞങ്ങൾ സത്യസന്ധമായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ, അവർ ഒഴിഞ്ഞുമാറുകയാണ്', ഖാർഗെ പറഞ്ഞു.

ഇതോടെയാണ് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ഇടപെടൽ നടത്തിയത്. പ്രതിപക്ഷത്തിന്റെ വികാരങ്ങൾ ആഭ്യന്തരമന്ത്രിയെ അറിയിക്കാൻ റിജിജുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് അംഗീകരിക്കുന്നുവെന്ന് പറഞ്ഞ റിജിജു എന്നാൽ, ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ ഖാർഗെയ്ക്ക് കഴില്ലെന്ന് മറുപടി നൽകി. സഭയുടെ നടപടിക്രമങ്ങളെ നിർദ്ദേശിക്കാനോ ഏത് മന്ത്രിയാണ് സർക്കാരിന്റെ ഭാഗമായി പ്രതികരിക്കേണ്ടതെന്ന് തീരുമാനിക്കാനോ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്നും റിജിജു പറഞ്ഞു. 'പ്രതിപക്ഷ നേതാവ് ഒരു നിയമവും ഉദ്ധരിച്ചിട്ടില്ല. അദ്ദേഹത്തിന് ചെയറിനോട് നിർദ്ദേശിക്കാനാവില്ല. ഇത് സർക്കാരിന്റെ കൂട്ടായ ഉത്തരവാദിത്വമാണ്', റിജിജു കൂട്ടിച്ചേർത്തു.

രാജ്യസഭാ ചെയർമാൻ ഇത്തരമൊരു നിർദേശം നൽകിയത് പ്രതിപക്ഷ അംഗങ്ങൾ സ്വാഗതംചെയ്തു. 'സഭയിൽ അമിത് ഷായുടെ സാന്നിധ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ വികാരം പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനെ അറിയിക്കാൻ ബഹുമാനപ്പെട്ട ചെയർമാൻ നിർദ്ദേശം നൽകിയത് സ്വാഗതാർഹമാണ്. ചെയർമാൻ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ, ആഭ്യന്തര മന്ത്രി സഭയിൽ എത്തുമോ എന്നതിലേക്കാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ; കാരണം സഭയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമായിത്തീർന്നിരിക്കുന്നു', ജോൺ ബ്രിട്ടാസ് എംപി എക്‌സിലൂടെ പ്രതികരിച്ചു.

Content Highlights: Opposition demands Home Minister Amit Shah's statement on Delhi student protests., Rajya Sabha Chairman CP Radhakrishnan directs Kiren Rijiju to convey opposition sentiment., Kiren Rijiju rejects opposition's right to dictate government response strategies., Mallikarjun Kharge emphasizes the need for transparency on public interest issues., John Brittas welcomes the Chairman's intervention.