'10 മിനിറ്റിൽ ബേസ്‌മെന്റ്‌ മുങ്ങി; രക്ഷാപ്രവർത്തകർ എത്തിയത് വിവരം അറിയിച്ച് രണ്ടരമണിക്കൂറോളം വൈകി'

ഹൃദേശ് ചൗഹാന്‍ പങ്കുവെച്ച വീഡിയോ | Photo: Screen grab/ X: Hirdesh Chauhan
ഹൃദേശ് ചൗഹാന്‍ പങ്കുവെച്ച വീഡിയോ | Photo: Screen grab/ X: Hirdesh Chauhan

ന്യൂഡല്‍ഹി: ഓള്‍ഡ് രജേന്ദ്രനഗറിലെ റാവൂസ് ഐ.എ.എസ്. സ്റ്റഡി സര്‍ക്കിളിലെ ബേസ്‌മെന്റില്‍ വെള്ളംകയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ബേസ്‌മെന്റില്‍നിന്ന് എന്‍.ഡി.ആര്‍.എഫ്. രക്ഷപ്പെടുത്തി പുറത്തെത്തിച്ചവരില്‍ ഒരാളെന്ന് അവകാശപ്പെടുന്ന ഹൃദേശ് ചൗഹാനെന്നയാളാണ് വീഡിയോ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്. പത്തുമിനിറ്റിനുള്ളില്‍ ബേസ്‌മെന്റിലാകെ വെള്ളംകയറിയെന്ന് വീഡിയോ പങ്കുവെച്ച ഹൃദേശ് പറഞ്ഞു.

ബേസ്‌മെന്റില്‍ വെള്ളം ഇരച്ചെത്തവെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളെ ഹൃദേശ് പങ്കുവെച്ച വീഡിയോയില്‍ കാണാം. വെള്ളത്തിന് നടുവില്‍പ്പെട്ടുപോയ ഒരാളെ വിദ്യാര്‍ഥികള്‍ കൈപിടിച്ചുകയറ്റുന്നതും വീഡിയോയിലുണ്ട്. വൈകീട്ട് ഏഴുമണിയോടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ പങ്കുവെച്ചുകൊണ്ട് ഹൃദേശ് എക്‌സില്‍ എഴുതിയത് ഇങ്ങനെ:
ഭയാനകമായ സംഭവത്തിന്റെ അതിജീവിതരില്‍ ഒരാളാണ് ഞാന്‍. പത്ത് മിനിറ്റിനുള്ളില്‍ ബേസ്‌മെന്റില്‍ വെള്ളം നിറഞ്ഞു. അപ്പോള്‍ 6.40 ആയിരുന്നു സമയം. ഞങ്ങള്‍ പോലീസിനേയും ദേശീയ ദുരന്തനിവാരണ അതോറിറ്റിയേയും ബന്ധപ്പെട്ടു. എന്നാല്‍ അവര്‍ എത്തിയത് ഒമ്പതുമണിക്ക് മാത്രമാണ്. ഈ സമയത്തിനുള്ളില്‍ ഞങ്ങളുടെ മൂന്ന് സഹപാഠികളുടെ ജീവന്‍ നഷ്ടമായിരുന്നു. മൂന്നുപേര്‍ ആശുപത്രിയിലാണ്, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം.

സംഭവത്തില്‍ മലയാളിയായ നവീന്‍ ഡെല്‍വിന്‍(28), തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ചത്. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളംകയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. സ്ഥാപന ഉടമയും കോര്‍ഡിനേറ്ററും അറസ്റ്റിലായി.

Content Highlights: Survivor of Rajendra Nagar tragedy shares chilling video of flooded basement