പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം; രാജസ്ഥാനിൽ 2 മാസത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 18 സ്ത്രീകൾക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ മെയ് മാസം മുതൽ ഇതുവരെ സംസ്ഥാനത്ത് 18 സ്ത്രീകളാണ് പ്രസവത്തെത്തുടർന്ന് മരിച്ചത്. ഇതിൽ ഒൻപത് മരണങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഭിൽവാര, ബൻസ്വാര ജില്ലകളിലെ ആശുപത്രികളിലാണ് റിപ്പോർട്ട് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്ക തകരാറിലായ ഏഴ് സ്ത്രീകൾ ഇപ്പോഴും ഡയാലിസിസിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അധികൃതർ വിദഗ്ധസംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

ഭിൽവാരയിലെ മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രസവ വിഭാഗത്തിൽ ആറ് ദിവസത്തിനുള്ളിൽ അഞ്ച് സ്ത്രീകളാണ് പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില മോശമായതിനെത്തുടർന്ന് ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവസേന 30 മുതൽ 40 വരെ പ്രസവ ശസ്ത്രക്രിയകൾ നടക്കുന്ന ആശുപത്രിയിൽ ആകെ എട്ട് ശസ്ത്രക്രിയാ ഉപകരണങ്ങൾ മാത്രമാണുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഓപ്പറേഷൻതിയേറ്ററിലെ സാമ്പിൾ പരിശോധനയിൽ അണുബാധയുടെ സൂചനകൾ ലഭിച്ചതിനെ തുടർന്ന് ആശുപത്രി താൽക്കാലികമായി അടച്ചുപൂട്ടി.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഹൃദയാഘാതം, അമിത രക്തസ്രാവം തുടങ്ങിയ കാരണങ്ങളാണ് മരണങ്ങൾക്ക് പിന്നിലെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിശദീകരണം. സംഭവത്തിൽ മരണകാരണം വ്യക്തമല്ലെന്നും ഇങ്ങനെയൊരു സംഭവം അത്ഭുതത്തിയെന്നുമാണ് ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിംസർ പ്രതികരിച്ചത് വിവാദമാകുകയും ചെയ്തു.

മാധ്യമങ്ങളോട് സംസാരിക്കവെ "നമുക്ക് ഇടവേളയ്ക്ക് ശേഷം കാണാം" എന്ന് ആരോഗ്യമന്ത്രി തമാശരൂപേണ പറഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. മെഡിക്കൽ റെക്കോർഡുകൾ, ചികിത്സാ രീതികൾ, മരുന്നുകളുടെ ഗുണനിലവാരം എന്നിവ പരിശോധിക്കാൻ ജയ്പൂരിൽനിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു.

Content Highlights: 18 maternal deaths reported in Rajasthan hospitals since May 2026., Bhilwara and Banswara districts identified as primary hotspots., Concerns over hospital sanitation, sterilization protocols, and surgical infrastructure., State government has deployed an expert team to investigate medical records., Health Minister Gajendra Singh Khimsar faces public backlash over insensitive remarks.