രാജസ്ഥാനിൽ പശുക്കളെ മേയ്ക്കാൻ ഇനി ശമ്പളം, തലപ്പാവ് അണിയിച്ചും പൂമാലകൾ നൽകിയും ഇടയൻമാർക്ക് ആദരം

ജയ്പുർ: രാജസ്ഥാനിലെ ഗ്രാമീണ മേഖലകളിൽ നിലനിന്നിരുന്ന പശു പരിപാലന രീതികളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ‘ഗാവ് ഗ്വാല യോജന’ പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമങ്ങളിൽ പശുക്കളെ മേയ്ക്കുന്നതിനായി പ്രത്യേക ഇടയന്മാരെ നിയമിക്കുകയും അവർക്ക് നിശ്ചിത പ്രതിഫലം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 14 ഗ്രാമങ്ങളിലായി ഓരോ ഇടയന്മാരെ വീതം നിയമിച്ചു കഴിഞ്ഞു. ഈ തൊഴിലിന് അർഹമായ മാന്യതയും അന്തസ്സും നൽകുന്നതിനായി പുതുതായി നിയമിതരായ ഇടയന്മാരെ തലപ്പാവ് അണിയിച്ചും പൂമാലകൾ നൽകിയും ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.
ഓരോ 70 പശുക്കൾക്കും ഒരു ഇടയൻ എന്ന ക്രമത്തിലാണ് നിയമനം നടക്കുന്നത്. പശുക്കളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഇടയന്മാരുടെ എണ്ണവും രണ്ടായോ മൂന്നായോ വർദ്ധിപ്പിക്കാൻ പദ്ധതിയിൽ വ്യവസ്ഥയുണ്ട്. പ്രതിമാസം 10,000 രൂപയാണ് ഓരോ ഇടയനും വേതനമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ ശമ്പളം സർക്കാർ ഖജനാവിൽ നിന്നല്ല നൽകുന്നത്. പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളിലൂടെയും ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെയുമാണ് ഈ തുക കണ്ടെത്തുന്നത്.
പദ്ധതിയുടെ ഉദ്ഘാടന വേളയിൽ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ നടത്തിയ ചില പരാമർശങ്ങൾ വിമർശനങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്. പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ കൂടുതൽ ബുദ്ധിശക്തിയുള്ളവരും ഊർജ്ജസ്വലരുമാകുമെന്നും എന്നാൽ എരുമപ്പാൽ കുടിക്കുന്നവർ പൊതുവെ അലസന്മാരായി മാറുമെന്നും മന്ത്രി അവകാശപ്പെട്ടു. തോളെല്ല് ഉയർന്ന നാടൻ പശുക്കളുടെ പാൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: Rajasthan launches Gaon Gwala Yojana, appointing village cowherds with Rs 10,000 honorarium.