'കേന്ദ്രമന്ത്രി അഴിമതിക്കാരന്‍' ആരോപണം ഉന്നയിച്ച എംഎല്‍എയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

കൈലാഷ് മേഘ്‌വാള്‍, അര്‍ജുന്‍ റാം മേഘ്‌വാള്‍ | Photo - twitter.com/shaandelhite, PTI
കൈലാഷ് മേഘ്‌വാള്‍, അര്‍ജുന്‍ റാം മേഘ്‌വാള്‍ | Photo - twitter.com/shaandelhite, PTI

ജയ്പുര്‍: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും ബി.ജെ.പി. എം.എല്‍.എ. കൈലാഷ് മേഘ്‌വാളും തമ്മിലുള്ള തര്‍ക്കം ബിജെപിക്ക് വെല്ലുവിളിയാകുന്നു. കേന്ദ്രമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് ഏറ്റവും ഒടുവില്‍ കൈലാഷ് മേഘ്‌വാളിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിഷയം പാര്‍ട്ടി അച്ചടക്ക സമിതിക്ക് വിട്ടു. കോണ്‍ഗ്രസില്‍നിന്ന് രാജസ്ഥാന്‍ ഭരണം തിരിച്ചുപിടിക്കാന്‍ ബി.ജെ.പി. ശ്രമിക്കവേയാണ് പാര്‍ട്ടിക്കാരായ ഇരു മേഘ്‌വാള്‍മാരും തമ്മില്‍ തര്‍ക്കം തുടരുന്നത്. 

കേന്ദ്ര മന്ത്രിയായ അര്‍ജുന്‍ റാം മേഘ്‌വാള്‍ ഒന്നാന്തരം അഴിമതിക്കാരനാണെന്ന് നിയമസഭാ മുന്‍ സ്പീക്കര്‍ കൂടിയായ കൈലാഷ് മേഘ്‌വാള്‍ നേരത്തേ ആരോപിച്ചിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന കാലത്ത് അര്‍ജുന്‍ കോടികളുടെ അഴിമതികള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും അത് ആവര്‍ത്തിക്കുന്നു. രാജസ്ഥാന്‍ ബി.ജെ.പി. ഘടകത്തില്‍ മേല്‍ത്തട്ട് മുതല്‍ താഴേത്തട്ടുവരെ അദ്ദേഹം വിഭാഗീയത സൃഷ്ടിച്ചിരിക്കുന്നുവെന്നും കൈലാഷ് ആരോപിച്ചു. 

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരരാജെയുടെ ആളുകളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. ബി.ജെ.പി.യുടെ ഒരു യാത്രയിലും താനില്ലെന്നും കൈലാഷ് പറഞ്ഞു. നേരത്തേ കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷനും ആറുതവണ എം.എല്‍.എ.യുമായ കൈലാഷ് ഈ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. 

രാജസ്ഥാനില്‍ ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ അതില്‍ മുതലെടുപ്പ് നടത്തി രാജസ്ഥാന്‍ തിരിച്ചുപിടിക്കാനായിരുന്നു ബി.ജെ.പി.യുടെ ശ്രമം. അതിനിടെയാണ് രണ്ട് മേഘ്‌വാള്‍മാര്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. 


 

Content Highlights: rajastan meghwal vs mwghwal issue, suspension