മറാത്തി ഭാഷാ തര്‍ക്കം; എംഎന്‍എസ് പ്രവര്‍ത്തകര്‍ക്ക് മാധ്യമവിലക്ക് ഏര്‍പ്പെടുത്തി രാജ് താക്കറെ

രാജ് താക്കറെ| Photo: ANI
രാജ് താക്കറെ| Photo: ANI

മുംബൈ: മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്കിടെ മഹാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിമഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിലോ, അന്വേഷണങ്ങളിലൊ മാധ്യമങ്ങളുമായി സംസാരിക്കുകയോ, സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്ക് വെക്കുകയോ ചെയ്യരുതെന്നും താക്കറെ പറഞ്ഞു. പാര്‍ട്ടി വക്താക്കള്‍ മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് തന്റെ അനുമതി എടുക്കണം എന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

' ഒരു വ്യക്തമായ നിര്‍ദേശം. പാര്‍ട്ടിയിലുള്ള ആരും പത്രങ്ങള്‍, വാര്‍ത്ത ചാനലുകള്‍, മറ്റ് സാമൂഹിക മാധ്യമങ്ങള്‍ എന്നിവയുമായി സംവദിക്കാന്‍ പാടില്ല. അതുപോലെ സാമൂഹിക മാധ്യമങ്ങളില്‍ നിങ്ങളുടെ പ്രതികരണം അറിയിച്ച് വീഡിയോ പങ്ക് വെക്കരുത്. മാധ്യമങ്ങളുമായി സംസാരിക്കാന്‍ ഔദ്യോഗികമായി ഉത്തരവാദിത്തം ഉള്ളവര്‍ എന്റെ സമ്മതം വാങ്ങിയ ശേഷം മാത്രമേ ഏത് മാധ്യമത്തോടും സംസാരിക്കാന്‍ പാടുള്ളു. സാമൂഹിക മാധ്യമത്തിലും പ്രതികരണങ്ങള്‍ രേഖപ്പെടുത്തരുത്.' പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ താക്കറെ എക്സില്‍ മറാത്തിയില്‍ കുറിച്ചു.

സംസ്ഥാനത്ത് ജനങ്ങള്‍ മറാത്തി സംസാരിക്കണം എന്ന ആവശ്യത്തിലൂന്നി അക്രമാസക്തമായ രീതിയിലാണ് എംഎന്‍എസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാറും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും തമ്മില്‍ ഇതിന്റെ പേരില്‍ കൊമ്പുകോര്‍ക്കുകയാണ്, 

മറാത്തി സംസാരിക്കാത്തതിന്റെ പേരില്‍ എംഎന്‍എസിന്റെ ഒരു പ്രവര്‍ത്തകന്‍ വടക്കേ ഇന്ത്യക്കാരനായ കടയുടമയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായി. കടയുടമയെ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധം ഉയരുമ്പോഴും മറാത്തി ഭാഷയെ അപമാനിക്കുന്ന എല്ലാവരോടും എംഎന്‍എസ് ഈ വിധം പ്രതികരിക്കും എന്നാണ് എംഎന്‍എസ് പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജ് താക്കറെക്കും എംഎന്‍എസിനും നേരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ഇതോടെ മറാത്തി സംസാരിക്കാന്‍ തയ്യാറാകാത്തവരെ മര്‍ദ്ദിക്കുന്ന വീഡിയൊ ചിത്രീകരിക്കരുതെന്ന് രാജ് താക്കറെ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു.  'അവരെ അടിക്കാം പക്ഷേ വീഡിയോ ചിത്രീകരിക്കരുത്' എന്നായിരുന്നു താക്കറെ പ്രവര്‍ത്തകര്‍ക്ക് കൊടുത്ത നിര്‍ദേശം. എംഎന്‍എസിന്റെ നിലപാടിനെതിരെ നടപടി എടുക്കണം എന്ന് പറഞ്ഞ് ഒരുപാട് നേതാക്കളും രംഗത്തെത്തി.
 

Content Highlights: Raj Thackeray has banned party workers from speaking to the media following a Hindi-Marathi language