റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസ്; ആനുകൂല്യം ലഭിക്കുക 11.4 ലക്ഷം പേർക്ക്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ഉത്സവ ബോണസായി നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തവണ 11.4 ലക്ഷം ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. ദുർഗ്ഗാ പൂജ, ദസറ അവധിക്ക് മുൻപായി എല്ലാ വർഷവും അർഹരായ റെയിൽവേ ജീവനക്കാർക്ക് പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (പി.എൽ.ബി) നൽകിവരാറുണ്ട്. റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ബോണസ് നൽകുന്നത്. 2009.61 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതിനായി നീക്കിവെച്ചിരിക്കുന്നത്.

അർഹനായ ഒരു റെയിൽവേ ജീവനക്കാരന് 78 ദിവസത്തേക്ക് നൽകാവുന്ന പരമാവധി തുക 17,951 രൂപയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. നോൺ-ഗസറ്റഡ് ജീവനക്കാർക്ക് ലഭിക്കുന്ന പരമാവധി ബോണസ് തുകയായ 17,951 കണക്കാക്കുന്നത് പ്രതിമാസം 7,000 എന്ന ശമ്പള പരിധി അടിസ്ഥാനമാക്കിയാണ്.

ട്രാക്ക് മെയിന്റെയ്നർമാർ, ലോക്കോ പൈലറ്റുകൾ, ട്രെയിൻ മാനേജർമാർ (ഗാർഡുകൾ), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യന്മാർ, ടെക്നീഷ്യൻ ഹെൽപർമാർ, പോയിന്റ്സ്മാൻമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് 'സി' ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ റെയിൽവേ ജീവനക്കാർക്ക് മേൽപ്പറഞ്ഞ തുക ലഭിക്കും.

2025-26 വർഷത്തിൽ റെയിൽവേയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Content Highlights: Union Cabinet approved 78 days salary as festival bonus for railway employees., 11.4 lakh non-gazetted railway employees will benefit., Total allocation of Rs 2,009.61 crore for the Productivity Linked Bonus (PLB)., Maximum bonus amount per eligible employee is Rs 17,951 based on a wage ceiling of Rs 7,000.