തീവണ്ടിയിലെ ബെഡ്‌ഷീറ്റ്‌ വർഷംതോറും മാറ്റണമെന്ന് റെയിൽവേ; കറ കളയാൻ നിർമിതബുദ്ധിയുടെ സഹായം

#പി.പി. ലിബീഷ്‌ കുമാർ
പ്രതീകാത്മക ചിത്രം | Photo: https://x.com/ajit_pande99866
പ്രതീകാത്മക ചിത്രം | Photo: https://x.com/ajit_pande99866

പയ്യന്നൂർ: തീവണ്ടിയിലെ എ.സി. യാത്രക്കാർക്ക് നൽകുന്ന ബെഡ്‌ഷീറ്റ്‌ നിർബന്ധമായും വർഷംതോറും മാറ്റണമെന്ന് റെയിൽവേ. തീവണ്ടികളിൽ ബെഡ്‌ഷീറ്റ്‌ വിതരണം ചെയ്യുന്ന ഏജൻസികളാണ് ഇത് ചെയ്യേണ്ടത്. രാജ്യത്തെ 2208 തീവണ്ടികളിലെ എ.സി. സ്ലീപ്പർ കോച്ചുകളിലെ യാത്രക്കാർക്ക് ബെഡ് റോൾ ലഭിക്കുന്നുണ്ട്. അതിൽ കിടക്കവിരി, പുതപ്പ്, ലിനെൻ (ബ്ലാങ്കറ്റ്), തലയണ, ഉറ, ടവ്വൽ എന്നിവ ഉൾപ്പെടും. റെയിൽവേയാണ് ബെഡ് റോളിന്റെ ഉടമസ്ഥർ. ഏജൻസിയാണ് കഴുകി, ഉണക്കി, ഇസ്തിരിയിട്ട് വിതരണം ചെയ്യുക. അറ്റൻഡർമാർ യാത്രക്കാരുടെ ബെർത്തിൽ വെക്കും.

യാത്രക്കാരന് കൃത്യമായി ബെഡ് റോൾ നൽകുന്നതിനൊപ്പം അത് ഉപയോഗിക്കുന്ന കാലയളവും റെയിൽവേ കൃത്യമായി നിർദേശിക്കുന്നു. റെയിൽവേ വിതരണം ചെയ്യുന്ന ബെഡ് റോൾ സാധനങ്ങൾ അതിന്റെ കാലാവധി നോക്കി തിരിച്ചുകൊടുക്കേണ്ടത് ഏജൻസിയാണ്. കൈത്തറി കിടക്കവിരിയുടെ കാലാവധി 12 മാസമാണ്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിന്റെതാണെങ്കിൽ 24 മാസം ഉപയോഗിക്കാം. വൂളൻ ബ്ലാങ്കറ്റിന്റെ കാലാവധി 24 മാസം. തലയണ കവറും ടവ്വലും ഒൻപത് മാസം കഴിഞ്ഞാൽ മാറ്റണം. തലയണ 24 മാസം വരെ ഉപയോഗിക്കാം.

തീവണ്ടിയിൽ കിടക്കവിരി മോഷണംപോയാൽ കരാർജീവനക്കാരുടെ കൈയിൽനിന്ന് ഏജൻസി നഷ്ടം ഈടാക്കും. മോഷണം ഏറിയതിനാൽ പല വണ്ടികളിലും ഇപ്പോൾ ത്രീ ടയർ എ.സി. കോച്ചിൽ ടവ്വൽ നൽകാറില്ല. ആർ.എ.സി. ടിക്കറ്റുകാർക്കും ബെഡ് റോൾ നൽകുന്നുണ്ട്. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് പണം നൽകി ബെഡ് റോൾ ലഭിക്കുന്ന പദ്ധതി 114 തീവണ്ടികളിലുണ്ട്. കേരളത്തിലൂടെ ഓടുന്ന മംഗളൂരു-ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് ഉൾപ്പെടെ ഇതിൽപ്പടും.

കറ കളയാൻ നിർമിതബുദ്ധി

അലക്കിയ വിരിപ്പുകളുടെ (ലിനെൻ) ഗുണനിലവാരം മെച്ചപ്പെടുത്താൻ പുണെ, ജയ്പുർ, ജോധ്പുർ ഡിവിഷനുകളിലെ അലക്കുകേന്ദ്രങ്ങളിൽ നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ചുള്ള കറ കണ്ടെത്തൽ പൈലറ്റ് പദ്ധതി റെയിൽവേ ആരംഭിച്ചു. മംഗളൂരു, എറണാകുളം, കൊച്ചുവേളി എന്നിവയാണ് കേരളത്തിൽ ഉൾപ്പെടുന്ന പ്രധാന കഴുകി ഉണക്കൽ കേന്ദ്രങ്ങൾ. ഓരോ യാത്രയിലും വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ വിരിപ്പുകൾ നൽകുകയാണ് റെയിൽവേയുടെ ലക്ഷ്യം.

Content Highlights: Mandatory annual replacement for handloom bedsheets in AC coaches., Specific lifespan defined for blankets (24 months), towels (9 months), and pillows (24 months)., AI-powered stain detection pilot project launched in select railway laundry hubs., Agencies are liable for losses if bedrolls are stolen from trains., Bedroll services extended to RAC ticket holders and select sleeper class trains.