രാത്രി ഇന്ത്യ ഗേറ്റിലെത്തി രാഹുൽ ഗാന്ധിയും പ്രിയങ്കയും

രാഹുലും പ്രിയങ്കയും പ്രതിഷേധത്തിലേര്‍പ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചപ്പോള്‍
രാഹുലും പ്രിയങ്കയും പ്രതിഷേധത്തിലേര്‍പ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചപ്പോള്‍

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ അച്ഛനമ്മമാരായ വീരേന്ദ്രസിങ് ഭണ്ഡാരിയും സോണിയ ദേവിയും ഡൽഹി ഇന്ത്യ ഗേറ്റിൽ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കുചേർന്ന് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും. മകളുടെ കൊലപാതകത്തിൽ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുലും പ്രിയങ്കയും കുടുംബത്തോടൊപ്പം അരമണിക്കൂറോളം നിലത്തിരുന്ന് പ്രതിഷേധിച്ചു.

റിസോർട്ട് ജീവനക്കാരിയായിരുന്ന അങ്കിത ഭണ്ഡാരി 2022-ൽ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ ബി.ജെ.പി. ദേശീയ ജനറൽസെക്രട്ടറിയും ഉത്തരാഖണ്ഡ് ചുമതലക്കാരനുമായിരുന്ന ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനുപിന്നാലെയാണ് അങ്കിതയുടെ അച്ഛനമ്മമാർ സാമൂഹിക പ്രവർത്തക യോഗിത ഭയാനക്കൊപ്പം പ്രതിഷേധിക്കാനെത്തിയത്. സി.ബി.ഐ. അന്വേഷണം പൂർത്തിയാകുംവരെ ദുഷ്യന്ത് കുമാറിന്റെ നിയമനം തടഞ്ഞുവെക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് അച്ഛനമ്മമാർ ആവശ്യപ്പെട്ടു. ദുഷ്യന്ത് ഗൗതമിന് 'പ്രത്യേക സേവനങ്ങൾ' നൽകാൻ അങ്കിതയുടെ മേൽ സമ്മർദം ചെലുത്തിയിരുന്നുവെന്നും അതിന് വിസമ്മതിച്ചതിനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് ആരോപണം.

Content Highlights: Rahul Gandhi and Priyanka Gandhi participated in the protest dharna at India Gate